എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിനതടവ്‌

Posted on: April 20, 2016 12:12 am | Last updated: April 20, 2016 at 12:12 am
SHARE

തൃശൂര്‍: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ ഏഴ് വര്‍ഷം കഠിനതടവിനും 15,000 രൂപ പിഴയൊടുക്കാനും കോടതി ശിക്ഷിച്ചു. തൃശൂര്‍ പൂങ്കുന്നം മനക്കപ്പറമ്പില്‍ മജീദിനെ (രഘു-55)യാണ് തൃശൂര്‍ ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം ഒമ്പതു മാസം അധിക തടവ് അനുഭവിക്കണം. സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 50,000 രൂപ പെണ്‍കുട്ടിക്ക് നല്‍കാനും ജഡ്ജി കെ പി സുധീര്‍ ഉത്തരവിട്ടു. പോക്‌സോ നിയമപ്രകാരമുള്ള ജില്ലയിലെ നാലാമത്തെ കേസിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
2013 നവംബര്‍ 15നാണ് സംഭവം. മതിലകം സ്വദേശിനിയായ എട്ട് വയസ്സുകാരിയെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ കുട്ടിയുടെ മാതാവ് വര്‍ഷങ്ങളായി പ്രദേശത്ത് താമസിക്കുന്ന മജീദിനെ ഏല്‍പ്പിച്ചതായിരുന്നു.
മജീദ് കുട്ടിയെ സ്‌കൂളിന് സമീപത്തെ കുളത്തിനരികിലേക്ക് മാറ്റിനിര്‍ത്തി മാനഭംഗത്തിന് ശ്രമിച്ചു. പേടിച്ചോടിയ കുട്ടി സ്‌കൂള്‍ വിട്ടുവന്നശേഷം വീട്ടില്‍ വിവരമറിയിച്ചു. തുടര്‍ന്ന് മാതാവ് നല്‍കിയ പരാതിയില്‍ പ്രതിയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയുടെ പേരും മേല്‍വിലാസവും ശരിയല്ലെന്നും മതിയായ തെളിവില്ലെന്നുമുള്ള പ്രതിഭാഗം വാദം കോടതി സ്വീകരിച്ചില്ല. പെണ്‍കുട്ടി പ്രതിയെ കോടതിയില്‍ തിരിച്ചറിഞ്ഞത് പ്രധാന തെളിവായി.
പലതവണ വിവാഹിതനാണെങ്കിലും ഭാര്യമാര്‍ ഉപേക്ഷിച്ചുപോയതായി പ്രതി തന്നെ കോടതിയില്‍ ബോധിപ്പിച്ചു. കൊടുങ്ങല്ലൂര്‍ സി ഐ. എം. സുരേന്ദ്രനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും പത്ത് സാക്ഷികളെയും 12 രേഖകളും കോടതി തെളിവായി സ്വീകരിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ പി എം മെഹബൂബ് അലി, പയസ് മാത്യു എന്നിവര്‍ ഹാജരായി.