Connect with us

International

എണ്ണ വില വീണ്ടും താഴോട്ട്‌

Published

|

Last Updated

റിയാദ്: ലോകത്തെ എണ്ണയുത്പാദന രാജ്യങ്ങള്‍ ദോഹയില്‍ ചേര്‍ന്ന ഉച്ചകോടി തീരുമാനമാകാതെ പിരിഞ്ഞതോടെ എണ്ണ വിലയില്‍ വീണ്ടും ഇടിവ് തുടങ്ങി. എണ്ണ ബാരലിന് 40 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. എണ്ണ വിലയിടിവ് ഗള്‍ഫ് മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ വേണ്ടിയായിരുന്നു ദോഹയില്‍ ഉച്ചകോടി ചേര്‍ന്നിരുന്നതെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. എണ്ണ ഉത്പാദനം മരവിപ്പിക്കുന്ന തീരുമാനത്തില്‍ ഇറാനുള്‍പ്പെടെയുള്ള ഒപെക് രാജ്യങ്ങള്‍ ചേരണമെന്ന സഊദി ആവശ്യത്തെത്തുടര്‍ന്ന് യോഗം പ്രഖ്യാപനമില്ലാതെ അവസാനിപ്പിക്കുകയായിരുന്നു.
റഷ്യ, സഊദി, വെനിസ്വേല, ഖത്വര്‍ എന്നീ രാജ്യങ്ങള്‍ ഫെബ്രുവരിയില്‍ യോഗം ചേര്‍ന്ന് ജനുവരിയിലെ തോതില്‍ ഉത്പാദനം മരവിപ്പിക്കാന്‍ ധാരണയിലെത്തിയിട്ടുണ്ട്. ഇതിലേക്ക് മറ്റു ഉത്പാദക രാജ്യങ്ങളെക്കൂടി കൊണ്ടുവരിക കൂടിയായിരുന്നു ദോഹ ഉച്ചകോടിയുടെ ഉന്നം.
ആണവ പദ്ധതികളുടെ പേരില്‍ ഇറാന് മേല്‍ പാശ്ചാത്യന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം നീങ്ങി ആ രാജ്യം എണ്ണ കയറ്റുമതിയില്‍ സജീവമായിട്ടുണ്ട്. എണ്ണ ഉത്പാദനം മരവിപ്പിക്കുന്നതില്‍ ചേരാനാകില്ലെന്ന ഇറാന്റെ നിലപാട് പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം തന്നെ എണ്ണ വിലയില്‍ ഇടിവ് തുടങ്ങി. ഉച്ചകോടിയില്‍ ഇറാന്‍ പങ്കെടുത്തിരുന്നുമില്ല. ഇറാന്‍ പങ്കെടുക്കുന്നില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു.
തങ്ങളുടെ ഉത്പാദനം മരവിപ്പിക്കാത്തത് ന്യായമായ കാര്യമാണെന്നും എന്നാല്‍ മറ്റു രാജ്യങ്ങളെല്ലാം ചേര്‍ന്ന് ഉത്പാദനം മരവിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച തുടരണമെന്നും ഇറാന്‍ ഒപെക് ഗവര്‍ണര്‍ അര്‍ദെബിലി പറഞ്ഞു. 2014ല്‍ ബാരലിന് 115 അമേരിക്കന്‍ ഡോളര്‍ എന്ന നിലയില്‍ നിന്നാണ് ഈ വര്‍ഷം ജനുവരിയില്‍ 30 ഡോളര്‍ നിലയിലക്ക് ഇടിഞ്ഞിരുന്നത്. എണ്ണവിലയിടിവ് ഗള്‍ഫ് നാടുകളെ ആഴത്തില്‍ ബാധിച്ചിരുന്നു. ഖത്വറില്‍ മാത്രം ഇന്ത്യക്കാരുള്‍പ്പെടെ ആയിരങ്ങള്‍ക്ക് ജോലി നഷ്്ടപ്പെട്ടു. സഊദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രാദേശിക വിപണിയില്‍ എണ്ണവില കൂട്ടുകയും ചെലവു ചുരുക്കാനുള്ള തീരുമാനവുമെടുത്തു.