Connect with us

International

വിസാ നിയന്ത്രണം പിന്‍വലിക്കുമെന്ന് ആവര്‍ത്തിച്ച് യൂറോപ്യന്‍ യൂനിയന്‍

Published

|

Last Updated

ഹേഗ്: തുര്‍ക്കി പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിസാ നിയന്ത്രണം പിന്‍വലിക്കുമെന്നും ഇതിനാവശ്യമായ നടപടികള്‍ തുര്‍ക്കി സ്വീകരിക്കണമെന്നും യൂറോപ്യന്‍ യൂനിയന്‍. അഭയാര്‍ഥി വിഷയത്തില്‍ യൂറോപ്യന്‍ യൂനിയനും തുര്‍ക്കിയും തമ്മിലെത്തിയ കരാറിലെ പ്രധാന തീരുമാനങ്ങളില്‍ ഒന്നായിരുന്നു ഇത്. ഈ തീരുമാനത്തെ തള്ളിക്കളയുന്ന നടപടി ഉണ്ടാകില്ലെന്നും യൂറോപ്യന്‍ യൂനിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ഴാന്‍ ക്ലൗഡ് ജങ്കര്‍ പറഞ്ഞു. വിസാ നിയന്ത്രണം എടുത്തുകളയാനുള്ള കരാറിലെ സുപ്രധാന തീരുമാനം നടപ്പാകാതെ വന്നാല്‍ കരാറില്‍ നിന്ന് പിന്മാറുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദോഗ്‌ലു മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമാണ് യൂറോപ്യന്‍ യൂനിയന്റെ ഈ പ്രതികരണം. ജൂണോടെ വിസാ നിയന്ത്രണം എടുത്തുകളയുമെന്നായിരുന്നു കരാറിലെ തീരുമാനം. കരാറില്‍ പറഞ്ഞതുപോലെയുള്ള മുഴുവന്‍ തീരുമാനങ്ങളും ഇറാന്‍ പൂര്‍ത്തീകരിക്കുമെന്നും വരും മാസങ്ങളില്‍ യൂറോപ്യന്‍ യൂനിയന്‍ കരാര്‍ ചെയ്തത് പോലെ പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരണമെന്നും അല്ലെങ്കില്‍ കരാറില്‍ നിന്നും പിന്‍വാങ്ങുമെന്നും തുര്‍ക്കി പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കുന്നത് ലക്ഷ്യമാക്കിയാണ് കഴിഞ്ഞ മാസം തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും വിവാദമായ കരാറിലെത്തിയിരുന്നത്. ഇതിനെതിരെ ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ശക്തമായ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. യുദ്ധം താറുമാറാക്കിയ രാജ്യങ്ങളില്‍ നിന്ന് അഭയം തേടിയെത്തിയവരെ വീണ്ടും നിര്‍ബന്ധിച്ച് അങ്ങോട്ട് തന്നെ തിരിച്ചയക്കുന്നത് മനുഷ്യത്വവിരുദ്ധമാണെന്നും ഇത് നിര്‍ബന്ധിത തിരിച്ചുപോകലിന് ഇടവരുത്തുമെന്നും യു എന്നും മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാട്ടുന്നു.

Latest