Connect with us

Ongoing News

ചൂട് ഇനിയും കൂടും: താപനില 40ന് മുകളില്‍

Published

|

Last Updated

തിരുവനന്തപുരം/ കൊച്ചി: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. നിലവിലെ സ്ഥിതിയില്‍ താപനില നാല്‍പ്പത് ഡിഗ്രിക്കും മുകളിലേക്കുയരാനാണ് സാധ്യത. പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ട എല്‍നിനോ പ്രതിഭാസമാണ് ഇത്തവണത്തെ താപനില ക്രമാതീതമായി ഉയര്‍ത്തിയത്. ഇത്തവണ പസഫിക് സമുദ്രത്തില്‍ ജലത്തിന്റെ താപനില ഉയര്‍ന്നതിനെ തുടര്‍ന്നുള്ള കാലാവസ്ഥാ മാറ്റമാണ് കേരളത്തിലും ചൂട് വല്ലാതെ കൂട്ടിയതെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.
ഇടക്കിടെ വേനല്‍മഴ കിട്ടിയാലും ചൂടിനു തത്കാലം ശമനം പ്രതീക്ഷിക്കേണ്ടതില്ല. ശരാശരി താപനില നാല്‍പ്പതിന് മുകളിലേക്കു പോലും ഉയര്‍ന്നു പോയേക്കാം. മെയ് മാസം ഒടുവിലോ ജൂണ്‍ ആദ്യമോ മണ്‍സൂണെത്തും വരെ കേരളം വിയര്‍ത്തൊലിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വേനല്‍മഴ ലഭിച്ചിരുന്നു. എന്നാല്‍, ഇതിലൊന്നും ചൂടിന് ഒരു ശമനവുമുണ്ടായിട്ടില്ല. സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലെയും താപനില ദിവസങ്ങളായി 25 ഡിഗ്രിക്ക് മുകളിലാണ്. പാലക്കാടും കോഴിക്കോടുമാണ് ഏറ്റവും കൂടുതല്‍ ചൂട്. പാലക്കാട് 41 ഡിഗ്രിയാണ് ചൂട്. കോഴിക്കോട് 38.4 ഡിഗ്രിയും. കണ്ണൂരില്‍ 38.2ഉം പുനലൂരില്‍ 37.5ഉം ഡിഗ്രി ചൂട് അനുഭവപ്പെടുന്നു. തിരുവനന്തപുരത്തെ താപനില ദിവസങ്ങളായി 35 ഡിഗ്രിയോടടുത്ത് തുടരുകയാണ്.
സൂര്യാതപമേറ്റ് രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തൃശൂര്‍ ആനന്ദപുരം സ്വദേശിനി അമ്മിണി (66), ആലപ്പുഴ കായംകുളം ചേരാവള്ളി സ്വദേശി സുഭാഷ് (51) എന്നിവരാണ് സൂര്യാതപമേറ്റ് മരിച്ചത്. അമ്പതോളം പേര്‍ക്ക് ഇതിനകം സൂര്യാതപമേറ്റ് പരുക്കേറ്റിട്ടുണ്ട്.
ജലാശയങ്ങള്‍ കടുത്ത ചൂടില്‍ വറ്റിവരണ്ട് തുടങ്ങിയതോടെ ഒട്ടേറേ മേഖലകളില്‍ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. അണക്കെട്ടുകളിലെ ജലവിതാനവും ക്രമാതീതമായി താഴോട്ട് പോയിക്കൊണ്ടിരിക്കുന്നതോടെ വൈദ്യുതി മേഖലയിലും വ്യാവസായിക മേഖലയിലുമുള്‍പ്പെടെ വലിയ പ്രതിസന്ധിയാണ് വരാനിരിക്കുന്നത്. കേന്ദ്ര ജല കമ്മീഷന്‍ നിരീക്ഷിക്കുന്ന രാജ്യത്തെ പ്രധാനപ്പെട്ട 91 ജലസംഭരണികളിലെ സംഭരിത ജലത്തിന്റെ അളവ് ഈ മാസം ഏഴിന് ന് 37.92 ബില്യന്‍ ക്യുബിക് മീറ്റര്‍ ആണ്. ഇത് സ്ഥാപിതശേഷിയുടെ 24 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ സംഭരണത്തിന്റെ 69 ശതമാനവും കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലെ ശരാശരിയുടെ 77 ശതമാനവുമാണിത്. ഇവയില്‍ 37 ജലസംഭരണികളില്‍ അറുപത് മെഗാവാട്ടിലധികം ജലവൈദ്യുതി ഉത്പാദനത്തിനുള്ള സംവിധാനങ്ങളുള്ളതാണ്.
കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണ മേഖലയിലെ 31 ജലസംഭരണികളിലെ സംഭരിത ജലത്തിന്റെ അളവ് 8.08 ബില്യന്‍ ക്യുബിക് മീറ്റര്‍ ആണ്. ഇത് സ്ഥാപിത ശേഷിയുടെ 16 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ സംഭരണത്തിന്റെ 25 ശതമാനവും കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലെ ശരാശരിയുടെ 27 ശതമാനവുമാണിത്. കേരളം ഈ വര്‍ഷം സംഭരിച്ചിരിക്കുന്ന ജലത്തിന്റെ അളവ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനുള്ളില്‍ സംഭരിക്കപ്പെട്ടതിനേക്കാള്‍ വളരെ കുറവാണ്.
വേനല്‍ മഴയിലും സംസ്ഥാനത്ത് ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. ഈ സീസണില്‍ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ആലപ്പുഴ- 171, കോട്ടയം-180, പുനലൂര്‍ -176 എന്നിങ്ങനെ മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. മറ്റ് ജില്ലകളില്‍ നൂറ് മില്ലി മീറ്ററില്‍ താഴെ മാത്രമാണ് ഇതുവരെ വേനല്‍ മഴ ലഭിച്ചത്. ചൂട് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന പാലക്കാട് വെറും നാല് മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്.

Latest