മനക്കണക്കില്‍ വേഗത തീര്‍ത്ത് വിവേക് രാജ് ലിംക ബുക്കില്‍

Posted on: April 20, 2016 6:00 am | Last updated: April 19, 2016 at 11:59 pm
SHARE
വിവേക് രാജിനുള്ള സര്‍ട്ടിഫിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിക്കുന്നു
വിവേക് രാജിനുള്ള സര്‍ട്ടിഫിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിക്കുന്നു

ആലപ്പുഴ: മനക്കണക്കില്‍ കാല്‍ക്കുലേറ്ററിനെ വെല്ലുന്ന വേഗവുമായി ഇരട്ട റെക്കോര്‍ഡോടെ ആലപ്പുഴ സ്വദേശി ലിംകാ ബുക്കില്‍ ഇടം നേടി. ആലപ്പുഴ കാഞ്ഞിരംചിറ വാര്‍ഡില്‍ താമസിക്കുന്ന എം ബി എ വിദ്യാര്‍ഥി വിവേക്‌രാജാണ് റെക്കോര്‍ഡിനുടമയായത്. ചെറുപ്പം മുതല്‍ തന്നെ കണക്കിന്റെയും അക്കങ്ങളുടെയും പിന്നാലെയായിരുന്ന വിവേക്, നിരന്തര പരിശീലനത്തിലൂടെയാണ് മനക്കണക്കില്‍ വേഗത തീര്‍ത്ത് ലിംക ബുക്കില്‍ ഇടം നേടിയത്.
ലിയോതേര്‍ട്ടീന്ത് ഹയര്‍സെക്കന്‍ഡറി മുന്‍ പ്രിന്‍സിപ്പല്‍ പുത്തന്‍പുരക്കല്‍ റാഫേല്‍. പി സിയുടെയും മുന്‍ പ്രഥമാധ്യാപിക ആനിക്കുട്ടിയുടെയും പുത്രനാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നാണ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിച്ചത്.
പത്ത് സെക്കന്‍ഡ് കൊണ്ട് രണ്ടക്ക സംഖ്യയെ അതാത് സംഖ്യകളോടു കൂടി കൂട്ടി ഏഴക്ക സംഖ്യയാക്കിയും പതിനഞ്ച് സെക്കന്‍ഡ് കൊണ്ട് അതാത് സംഖ്യകളോട് ഗുണിച്ച് പതിനൊന്നക്കത്തില്‍ എത്തിക്കുകയും ചെയ്തതിനാണ് റെക്കോര്‍ഡ്. 2015 ആഗസ്ത് 25ന് ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍വെച്ചാണ് വിധികര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ റെക്കോര്‍ഡ് പ്രകടനം നടന്നത്. ഇത് റെക്കോര്‍ഡ് ചെയ്ത് ലിംകാ ബുക്ക് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. സ്വന്തം മൊബൈല്‍ നമ്പര്‍പോലും ഓര്‍മയില്‍ സൂക്ഷിക്കാന്‍ പലരും ബുദ്ധിമുട്ടുമ്പോള്‍ ഒരു ലക്ഷം വരെയുള്ള സംഖ്യകളുടെ ഗുണനപ്പട്ടിക കൃത്യമായി പറഞ്ഞ് വ്യത്യസ്തനാകുകയാണ് വിവേക്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ട്രെയിനിംഗ് ക്ലാസുകളും ആരെയും അമ്പരപ്പിക്കുന്ന മാത്തമാറ്റിക് ഷോയും നടത്തിവരുന്നതായി വിവേക് രാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. www.rajv ivek.com എന്ന വെബ്‌സൈറ്റും തുറന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here