എന്തിനാണ് മദ്യനയത്തില്‍ വെള്ളം ചേര്‍ക്കുന്നത്?

Posted on: April 20, 2016 6:00 am | Last updated: April 19, 2016 at 11:38 pm
SHARE

ഘട്ടം ഘട്ടമായി സമ്പൂര്‍ണ മദ്യനിരോധം നടപ്പിലാക്കുക എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള സുദൃഢമായ ചുവടുവെപ്പെന്ന അവകാശവാദത്തോടെയാണ് 2014 ആഗസ്റ്റ് 21ന് യു ഡി എഫ് സര്‍ക്കാര്‍ പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുത്തിയത്. ഹൈക്കോടതിയും സുപ്രീം കോടതിയും ഇതിന് അംഗീകാരവും നല്‍കി. ഇതനുസരിച്ചു ഫൈവ് സ്റ്റാറുകള്‍ ഒഴികെയുള്ളവക്കാണ് നിരോധമെങ്കിലും ക്രമേണ ഫൈവ് സ്റ്റാറുകള്‍ക്കും വിലക്കേര്‍പ്പെടുത്തുമെന്നും ഏറെ താമസിയാതെ കേരളത്തെ മദ്യമുക്ത സംസ്ഥനമാക്കുമെന്നും മുഖ്യമന്ത്രിയും യു ഡി എഫ് നേതാക്കളും പ്രഖ്യാപിച്ചിരുന്നു. കേരളീയ സമൂഹത്തിന് ഏറെ പ്രതീക്ഷ നല്‍കിയ ഈ വാഗ്ദാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിറകോട്ട് പോകുകയാണോ? പുതിയ ഫൈവ് സ്റ്റാറുകള്‍ക്ക് അനുമതി നല്‍കിയ നടപടി ഇതാണ് സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ ആറു ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ബാര്‍ ലൈസന്‍സ് അനുവദിച്ച. ഇതോടെ മദ്യനയം നിലവില്‍ വന്ന ശേഷം അനുമതി നല്‍കിയ ബാറുകളുടെ എണ്ണം എട്ടായി. ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ പദവികളിലായിരുന്ന ഈ ഹോട്ടലുകള്‍ ഫൈവ് സ്റ്റാറിലേക്ക് ഉയര്‍ത്തിയെന്ന അവകാശ വാദത്തിന്മേലാണ് ലൈസന്‍സ് നല്‍കിയത്. ഇനിയും പത്ത് ബാറുകള്‍ ഈ അവകാശവാദവുമായി ലൈസന്‍സിന് കാത്തിരിപ്പുണ്ട്. ഇപ്പോഴത്തെ നിലപാട് അനുസരിച്ചു അവക്കും ലൈസന്‍സ് നല്‍കേണ്ടി വരും. ബാര്‍ അസോസിയേഷന്‍ നേതാക്കള്‍ പറയുന്നത് അടച്ചു പൂട്ടിയവയില്‍ നൂറെണ്ണത്തിനെങ്കിലും പഞ്ചനക്ഷത്ര പദവിയിലേക്കുയര്‍ത്താനുള്ള ബാഹ്യ സൗകര്യങ്ങളുണ്ടെന്നാണ്. ഈ വിധം പൂട്ടിയ ബാറുകളെല്ലാം ഫൈവ് സ്റ്റാറാക്കി ഉയര്‍ത്തിയെന്ന് വരുത്തിപ്രവര്‍ത്തനാനുമതി ആവശ്യപ്പെട്ടാല്‍ അതിനെല്ലാം ലൈസന്‍സ് നല്‍കുമെന്നാണ് സര്‍ക്കാര്‍ നിലപാടിന്റെ വ്യക്തമായ സൂചന. പിന്നെ എങ്ങനെയാണ് യു ഡി എഫ് പ്രഖ്യാപിച്ച മദ്യമുക്ത കേരളം യാഥാര്‍ഥ്യമാകുന്നത്? പത്ത് വര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യനിരോധം നടപ്പിലാക്കുമെന്ന പുതിയ പ്രകടന പത്രികയിലെ വാഗ്ദാനം പ്രാവര്‍ത്തികമാകുന്നതെങ്ങനെ?
പ്രതിശീര്‍ഷ മദ്യ ഉപയോഗത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് പ്രത്യേകിച്ചും മദ്യത്തിന്റെ കെടുതികള്‍ കൂടുതല്‍ ഏറ്റുവാങ്ങുന്ന സ്ത്രീസമൂഹത്തിന് ഏറെ ആശ്വാസകരമായിരുന്നു നിലവാരമില്ലാത്ത 418 ബാറുകള്‍ അടച്ചുപൂട്ടിയ നടപടി. ബാറുകള്‍ അടച്ചതിനു മുമ്പും ശേഷവുമുള്ള കാലയവളവിലെ മദ്യഉപയോഗത്തിന്റെ കണക്കും കുറ്റകൃത്യങ്ങളുടെ കണക്കും താരതമ്യം ചെയ്യുമ്പോള്‍ അടച്ചതിന് ശേഷം ഇതില്‍ ഗണ്യമായ കുറവ് വന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ സമര്‍പ്പിച്ച കണക്കുകള്‍ കാണിക്കുന്നത് മദ്യം മൂലമുള്ള സംഘട്ടനങ്ങളില്‍ 36 ശതമാനത്തിന്റെയും ഗാര്‍ഹിക പീഡനങ്ങളില്‍ 31 ശതമാനത്തിന്റെയും കുറവുണ്ടായെന്നാണ്. ഈ സാഹചര്യത്തില്‍ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കി മദ്യോപയോഗം കൂട്ടാന്‍ സാഹചര്യം സൃഷ്ടിക്കുന്നതിന് പകരം, നിരോധം പഞ്ച നക്ഷത്ര ഹോട്ടലുകള്‍ക്ക് കൂടി ബാധകമാക്കുകയായിരുന്നു ജനനന്മ ആഗ്രഹിക്കുന്ന ഭരണകൂടം ചെയ്യേണ്ടത്.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചില സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാണിക്കുന്നുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തിലല്ലെന്നും കേന്ദ്ര മാണ് അവക്ക് അനുമതി നല്‍കുന്നതെന്നുമാണ് ഒന്ന്. പുതിയ ആറ് ബാറുകള്‍ക്ക് അനുമതി നല്‍കിയതിനെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രിയാണ് ഇത് പറഞ്ഞത്. എന്നാല്‍ മദ്യനയവുമായി ഈ സാങ്കേതികത്വത്തിന് ഒരു ബന്ധവുമില്ലെന്ന കാര്യം സര്‍ക്കാര്‍ മറച്ചുവെക്കുകയാണ്. ഫൈവ് സ്റ്റാറുകള്‍ക്ക് അംഗീകാരം നല്‍കുന്നത് കേന്ദ്രമാണെങ്കിലും അതില്‍ ബാര്‍ അനുവദിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്. കേന്ദ്രം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാറില്ല. മാത്രമല്ല, ഒരൊറ്റ ഫൈവ് സ്റ്റാറിലും ബാര്‍ അനുവദിക്കേണ്ടതില്ലെന്ന് കേരളം തീരുമാനമെടുത്താല്‍ കേന്ദ്രം വിലങ്ങ് നില്‍ക്കില്ലെന്നതിനാല്‍ സംസ്ഥാന സര്‍ക്കാറിന് കേന്ദ്രത്തെ പഴിചാരി തലയൂരാന്‍ കഴിയില്ല.
കോടതികളില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചില ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ നിര്‍ബന്ധിതമായതെന്നാണ് മറ്റൊരു വാദം. ഇതും അര്‍ഥശുന്യമാണ്. കോടതികള്‍ സംസ്ഥാനത്തിന്റെ പുതിയ മദ്യനയം മാനദണ്ഡമാക്കിയാണ് ബാറുകള്‍ക്ക് ലൈന്‍സന്‍സ് നല്‍കണോ എന്ന് തീരുമാനിക്കുന്നത്. പഞ്ചനക്ഷത്രത്തിന് അനുവാദം നല്‍കണമെന്നാണ് സര്‍ക്കാര്‍ നയമെന്നിരിക്കെ തങ്ങളെ സമീപിക്കുന്ന ഈ പദവിയിലുള്ള ബാറുകള്‍ക്ക് കോടതികള്‍ക്ക് അനുമതി നിഷേധിക്കാനാകില്ല. പഞ്ചനക്ഷത്രമടക്കം ഒരു ബാറിനും അനുമതി നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ കോടതികള്‍ അത് നല്‍കണമെന്ന് പറയുകയുമില്ല. വിവിധ മത, സാംസ്‌കാരിക സംഘടകളുടെയും വി എം സുധീരനെ പോലെയുള്ള ചില യു ഡി എഫ് നേതാക്കളുടെയും സമ്മര്‍ദ ഫലമായി സര്‍ക്കാര്‍ പുതിയ മദ്യനയം രൂപവത്കരിക്കുമ്പോള്‍ ഇങ്ങനെ ഒരു പഴുത് വെച്ചത് തന്ത്രപരമായാണെന്ന് വേണം കരുതാന്‍. മദ്യനിരോധം നടപ്പാക്കി എന്ന് അവകാശപ്പെടുന്നതോടൊപ്പം മദ്യലോബിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുക കൂടിയായിരിക്കണം ഇതിന്റെ പിന്നിലുള്ള ലക്ഷ്യം.