Connect with us

Articles

വേണം നമുക്കൊരു പുതുകേരളം

Published

|

Last Updated

>>എല്‍ ഡി എഫ് പ്രകടന പത്രികയുടെ ആമുഖം

അഭ്യസ്തവിദ്യരായ യുവ തലമുറയുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ ഉറപ്പ് നല്‍കുന്ന സംസ്ഥാനമാകണം കേരളം. അതിനായി പുതിയ വ്യവസായങ്ങളും ആധുനിക കൃഷിയും അതിവേഗത്തില്‍ വളരണം. പക്ഷേ അതോടൊപ്പം ഇന്ന് നമ്മുടെ പരമ്പരാഗത മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ- സാമൂഹിക-സുരക്ഷിതത്വം ഉറപ്പുവരുത്തണം. കേരളത്തിലെ മതനിരപേക്ഷ, ജനാധിപത്യ പൗരബോധത്തിന്റെ അടിത്തറയായ പൊതുവിദ്യാഭ്യാസാദി പൊതുസംവിധാനങ്ങള്‍ സംരക്ഷിക്കുകയും ഗുണനിലവാരം ഉയര്‍ത്തുകയും വേണം. അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാകണം. മതനിരപേക്ഷ കേരളം, അഴിമതിരഹിത കേരളം, വികസിത കേരളം ഇവയാണ് ഇടതു പക്ഷമുന്നണിയുടെ മുദ്രാവാക്യങ്ങള്‍.
മതനിരപേക്ഷതയുടെ കാഴ്ചപ്പാടുകളെ അക്രമോത്സുകമായ വര്‍ഗീയ നിലപാടുകള്‍ മുന്നോട്ടുവച്ചുകൊണ്ട് കേന്ദ്രം ഭരിക്കുന്ന ബി ജെപി സര്‍ക്കാര്‍ തകര്‍ക്കുന്ന സ്ഥിതിയാണുള്ളത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയെല്ലാം തങ്ങളുടെ കൈപ്പിടിയിലൊതുക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ മേഖലയേയും കാവിവത്കരിക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമാണ്.
കോര്‍പറേറ്റ് കമ്പനികള്‍ക്ക് സഹായകരമായ നിലയില്‍ ആഗോളവത്കരണ നയങ്ങള്‍ നടപ്പാക്കുന്നു. ബി ജെ പി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ തന്നെയാണ് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലും പ്രതിഫലിച്ചത്. കണക്കുകളില്‍ മറിമായം സൃഷ്ടിച്ചുകൊണ്ട് ഇത് മറച്ചുവെക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. മുന്‍കാലത്ത് ധനവകുപ്പില്‍ വകയിരുത്തിയിരുന്ന ചെലവുകള്‍ കൃഷി വകുപ്പിന്റെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് കാര്‍ഷിക മേഖലക്ക് ഊന്നി നില്‍ക്കുന്ന ബജറ്റ് എന്ന പ്രചാരവേല സംഘടിപ്പിച്ചത്. തൊഴിലുറപ്പുപദ്ധതിക്കായി 65,000 കോടി രൂപയോളം ആവശ്യമാണെന്നിരിക്കെ 38,500 കോടി മാത്രമാണ് നീക്കിവച്ചിട്ടുള്ളത്. പൊതുനിക്ഷേപത്തിലും വലിയ കുറവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലക്കുന്നതിലൂടെ 56,500 കോടി രൂപ നേടിയെടുക്കാനാണ് ബജറ്റിലെ നിര്‍ദേശം. വന്‍കിടക്കാര്‍ക്ക് അഞ്ച് ലക്ഷം കോടി യുടെ നികുതി ഇളവ് നല്‍കിയ സര്‍ക്കാര്‍ സാധാരണക്കാര്‍ക്കു മുകളില്‍ 20,670 കോടി രൂപയുടെ ഭാരം കയറ്റിവെക്കുകയാണ് ചെയ്തത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലക്ക് ആവശ്യമായ പണം പോലും നീക്കിവെക്കാന്‍ തയ്യാറായില്ല.
കേരളത്തിന്റെ പ്രശ്‌നങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്ന സമീപനം തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാണ്യവിളയായ റബ്ബറിന്റെ വിലയിടിവ് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചില്ല. റബ്ബര്‍ ബോര്‍ഡിന് 29 കോടി രൂപയുടെയും കോഫി ബോര്‍ഡിന് 15 കോടിയുടെയും സ്‌പൈസസ് ബോര്‍ഡിന് 25 കോടി രൂപയുടെയും കുറവാണ് ബജറ്റില്‍ വരുത്തിയത്. റെയില്‍വേ ബജറ്റിലും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് തയ്യാറായില്ല. പാലക്കാട് കോച്ച് ഫാക്ടറി, ആലപ്പുഴയിലെ വാഗണ്‍ ഫാക്ടറി, റെയില്‍വേ മെഡിക്കല്‍ കോളജ് തുടങ്ങിയ നേരത്തെ നല്‍കിയ വാഗ്ദാനങ്ങള്‍ പോലും നടപ്പിലാക്കിയില്ല. ആരോഗ്യമേഖലയില്‍ എയിംസ് പോലുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.
ജനാധിപത്യപരമായ എല്ലാവിധ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ആസൂത്രണക്കമ്മീഷനെപ്പോലും പിരിച്ചുവിട്ടത് ഇതിന്റെ ഭാഗമാണ്. വ്യാപം അഴിമതി ഉള്‍പ്പെടെയുള്ള നിരവധി അഴിമതികളും ഈ കാലഘട്ടത്തില്‍ ഉയര്‍ന്നുവരികയുണ്ടായി. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ വിദേശത്തുള്ള കള്ളപ്പണം രാജ്യത്തേക്ക് കൊണ്ടുവരുമെന്നുള്ള ബി ജെ പിയുടെ വാഗ്ദാനം നടപ്പിലാക്കിയില്ലെന്നു മാത്രമല്ല, അത് വെളുപ്പിക്കുന്നതിനുള്ള സംവിധാനമൊരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.
അഖിലേന്ത്യാതലത്തില്‍ ബി ജെ പി നടത്തുന്ന ഇത്തരം നയങ്ങള്‍ക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. മാട്ടിറച്ചിയുടെ വിഷയത്തില്‍ പോലും വ്യക്തമായ നിലപാടില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നടപ്പിലാക്കിയ അതേ സാമ്പത്തിക നയങ്ങളാണ് ഇപ്പോള്‍ ബി ജെ പിയും തുടരുന്നത്. അതുകൊണ്ടുതന്നെ, ബി ജെ പിയുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായി നിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല. യു പി എ കാലത്ത് ഒപ്പുവച്ച ആസിയാന്‍ കരാറാണ് നാണ്യവിളകളുടെ വിലത്തകര്‍ച്ചക്ക് കാരണമായിത്തീര്‍ന്നത്. ബി ജെ പി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ സമീപനങ്ങള്‍ക്ക് കോണ്‍ഗ്രസിന് ബദലില്ല. മാത്രമല്ല, പലപ്പോഴും അവരുടെ നയസമീപനത്തെ പിന്‍പറ്റുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്.
ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കെതിരായി ബദല്‍ സമീപനമുള്ളത് ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ക്കാണ്. ബി ജെ പി മുന്നോട്ടുവെക്കുന്ന വര്‍ഗീയ അജന്‍ഡയെ ശക്തമായി പ്രതിരോധിക്കുന്നതും ഇടതു മുന്നണിയാണ്. അതുകൊണ്ടുതന്നെ, രാജ്യത്തിന്റെ മതേതരത്വവും ഫെഡറലിസവും ഉള്‍പ്പെടെയുള്ള അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ് മുന്നിട്ട് പ്രവര്‍ത്തിക്കുന്നത്.
കേരളം വമ്പിച്ച സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു എന്ന യാഥാര്‍ഥ്യത്തിലേക്കാണ് 2016-17 ലെ ബജറ്റ് രേഖകള്‍ ഉള്‍പ്പെടെ വിരല്‍ ചൂണ്ടുന്നത്. ആസിയാന്‍ കരാര്‍ നടപ്പിലാക്കപ്പെട്ടതോടെ കേരളത്തിന്റെ നാണ്യവിളകള്‍ വമ്പിച്ച പ്രതിസന്ധിയെ നേരിടുകയാണ്. കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഗള്‍ഫ് വരുമാനത്തില്‍ വലിയ ഇടിവ് വരാന്‍ പോകുകയാണ്. ഇത്തരമൊരു അവസ്ഥ നമ്മുടെ വാര്‍ഷിക സാമ്പത്തിക വളര്‍ച്ചയെ 3-4 ശതമാനമായി ഇടിക്കാമെന്നാണ് എക്കണോമിക് റിവ്യൂ തന്നെ വ്യക്തമാക്കുന്നത്. ഇത്തരമൊരു സ്ഥിതിവിശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നാടിനെ എത്തിക്കും. ഇത് മനസ്സിലാക്കി ദീര്‍ഘവീക്ഷണത്തോടെ ഇടപെടുക എന്ന സമീപനമല്ല യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ സ്ഥിതിവിശേഷം മറികടക്കുന്നതിനുള്ള പരിപാടിയാണ് എല്‍ ഡി എഫ് മുന്നോട്ടുവെക്കുന്നത്.
സര്‍ക്കാര്‍ വികസന നേട്ടങ്ങളെക്കുറിച്ച് കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ സമ്പദ്ഘടന അതീവ ഗുരുതരാവസ്ഥയില്‍ എത്തിക്കുകയാണ് ചെയ്തിട്ടുള്ളത് എന്ന് അവരുടെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 7.6 ശതമാനം നിരക്കിലാണ് സമ്പദ്ഘടന വളര്‍ന്നതെങ്കില്‍ 6.1 ശതമാനം എന്ന നിലയിലാണ് ഇപ്പോഴത്തെ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് വളര്‍ന്നിട്ടുള്ളത്. എണ്‍പതുകളുടെ അവസാനം മുതല്‍ കേരളത്തിലെ സാമ്പത്തിക വളര്‍ച്ച ദേശീയ ശരാശരിയെക്കാള്‍ മികച്ചതായിരുന്നു. എന്നാല്‍, ഇപ്പോള്‍ ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക്.
ഉത്പാദനമേഖലകളിലെ ദുര്‍ബലാവസ്ഥ പരിഹരിക്കുക എന്നതാണ് കേരള വികസനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് അനിവാര്യമായിട്ടുള്ളത്. എന്നാല്‍, ഈ മേഖലകള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാര്‍ഷിക വളര്‍ച്ച 4.67 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. വ്യവസായമേഖലയും തകര്‍ച്ചയിലാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് മുതലക്കൂപ്പ് നടത്തിയിരിക്കുകയാണ്. പുതിയ വന്‍കിട വ്യവസായങ്ങളൊന്നും വരുന്നില്ല. കെട്ടിട നിര്‍മാണ മേഖലയുടെ വളര്‍ച്ചയും മന്ദീഭവിച്ചിരിക്കുന്നു. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സേവനമേഖലയുടെ വളര്‍ച്ചയും മുരടിപ്പിനെ അഭിമുഖീകരിച്ചുതുടങ്ങിയിരിക്കുന്നു.
ഈ ഗുരുതരമായ സാഹചര്യത്തെ മറികടക്കുന്നതിന് ഉതകുന്ന വിധമുള്ള എന്തെങ്കിലും പദ്ധതികള്‍ യു ഡി എഫ് സര്‍ക്കാറിനില്ല. 28,000 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍, അതിന്റെ പകുതി പോലും എത്തില്ല എന്നതാണ് യാഥാര്‍ഥ്യം. ഇത് ഇക്കൊല്ലത്തെ മാത്രം പ്രത്യേകതയല്ല. കഴിഞ്ഞ വര്‍ഷം പദ്ധതി അടങ്കല്‍ 22,762 കോടി രൂപയായിരുന്നു. സി എ ജിയുടെ കണക്ക് പ്രകാരം 61 ശതമാനം മാത്രമേ ചെലവഴിക്കപ്പെട്ടിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം ചെലവാക്കാതെ ലാപ്‌സാക്കിയത് ഏതാണ്ട് 10,000 കോടി രൂപ. നടപ്പുവര്‍ഷത്തില്‍ ചെലവാക്കാതെ പാഴാക്കാന്‍ പോകുന്നത് 14,000 കോടി രൂപയാണ്. ഇത് കാണിക്കുന്നത് എന്താണ്? കഴിഞ്ഞ രണ്ടു വര്‍ഷം മാത്രമെടുത്താല്‍ ഏതാണ്ട് 26,000 കോടി രൂപയുടെ പദ്ധതികളാണ് പണമില്ലാത്തതുകൊണ്ട് നടപ്പാക്കാന്‍ കഴിയാതെ പോയത്.
കേരളത്തിന്റെ സാമൂഹിക ക്ഷേമ വികസനത്തിന് അടിസ്ഥാനമായി നില്‍ക്കുന്ന എല്ലാ ഘടകങ്ങളേയും സംഭാവന ചെയ്തത് ഇടതുപക്ഷമാണ്. ഇടതുപക്ഷത്തിന്റെ ഇടപെടലിന്റെ ഭാഗമായിട്ടാണ് ഭൂപരിഷ്‌കരണം, മെച്ചപ്പെട്ട കൂലി, വിദ്യാഭ്യാസ ആരോഗ്യ സൗകര്യങ്ങള്‍, റേഷന്‍, ക്ഷേമ സൗകര്യങ്ങള്‍, അധികാരവികേന്ദ്രീകരണം എന്നു തുടങ്ങിയവയെല്ലാം ഉണ്ടായിട്ടുള്ളത്. മാത്രമല്ല, ജനാധിപത്യബോധം വികസിപ്പിക്കുന്നതിലും മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.
എന്നാല്‍, അടിസ്ഥാന മേഖലകളില്‍ വികാസം ഉണ്ടാക്കുന്നതില്‍ ഇനിയും നാം ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. ഉത്പാദനമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിലും വിദ്യാസമ്പന്നരായ പുതിയ തലമുറക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അനുയോജ്യമായ പുതിയ വ്യവസായത്തുറകളിലേക്ക് നമുക്കു തിരിയേണ്ടതുണ്ട്. ഐ ടി പോലുളള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍, ടൂറിസം പോലുളള സേവന പ്രധാനമായ വ്യവസായങ്ങള്‍, ലൈറ്റ് എന്‍ജിനീയറിംഗ് പോലെ വൈദഗ്ധ്യം ആവശ്യമായ വ്യവസായങ്ങള്‍, കേരളത്തില്‍ ലഭ്യമായ വിഭവങ്ങളുടെ മൂല്യവര്‍ധിത വ്യവസായങ്ങള്‍ തുടങ്ങിയവയാണ് നാം ഊന്നേണ്ടുന്ന പുതിയ വളര്‍ച്ചാമേഖലകള്‍. ഇത്തരമൊരു കാഴ്ചപ്പാടോടെ ഇടപെടുന്നതിന് നമുക്ക് കഴിയേണ്ടതുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ ഐ ടി പാര്‍ക്ക് കേരളത്തിലാണ് തുടങ്ങിയത് എങ്കിലും സോഫ്ട്‌വെയര്‍ കയറ്റുമതിയില്‍ നമ്മുടെ പങ്ക് തുലോം തുച്ഛമാണ്. ആദ്യത്തെ ഇലക്‌ട്രോണിക് സംരംഭങ്ങളിലൊന്നാണ് കെല്‍ട്രോണ്‍. പക്ഷേ, ഇലക്‌ട്രോണിക് വ്യവസായത്തില്‍ നാം ഇന്നും പുറകിലാണ്. രാജ്യത്താകെ കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലത്തിനിടയില്‍ 26,500 കോടി രൂപയുടെ വിദേശ നിക്ഷേപം വന്നപ്പോള്‍ കേരളത്തിന്റെ വിഹിതം 102 കോടി മാത്രമാണ്. നമ്മുടെ വിദേശ കയറ്റുമതി വരുമാനവും മുരടിച്ചു നില്‍ക്കുകയാണ്. പുതിയ വ്യവസായമേഖലകളിലേക്ക് സ്വകാര്യനിക്ഷേപകരെ ആകര്‍ഷിക്കാനാകുന്നില്ല. അതിനു മുഖ്യകാരണം, റോഡുകളും പാര്‍ക്കുകളും പോലുളള ഭൗതികപശ്ചാത്തല സൗകര്യങ്ങളുടെ അഭാവമാണ്. ഉന്നത വിദ്യാഭ്യാസം പോലുളള സാമൂഹിക പശ്ചാത്തല സൗകര്യങ്ങളും അപര്യാപ്തമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടേ മുന്നോട്ടുപോകാന്‍ നമുക്ക് കഴിയൂ.
കേരളത്തിന്റെ വികസനത്തെ സംബന്ധിച്ച് ശരിയായ നിലയില്‍ കാണുന്നതിനു പകരം, നാട്ടിലെല്ലായിടത്തും തറക്കല്ല് നാട്ടി വന്‍ പദ്ധതികള്‍ ഉണ്ടാക്കുന്നു എന്ന തോന്നല്‍ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് യു ഡി എഫ് ശ്രമിക്കുന്നത്. കേരളത്തില്‍ വന്നിട്ടുള്ള എല്ലാ വന്‍കിട പദ്ധതികളും പരിശോധിച്ചാല്‍ ഇടതുപക്ഷത്തിന്റെ ഇടപെടല്‍ അവയില്‍ സജീവമായിരുന്നു. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് നെടുംതൂണായി നില്‍ക്കുന്ന ഇടുക്കി ജലവൈദ്യുതപദ്ധതി കൊണ്ടുവന്നത് 1967ലെ സര്‍ക്കാറിന്റെ കാലത്താണ്. ഇപ്പോള്‍ കൊട്ടിഘോഷിക്കപ്പെടുന്ന കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി, വല്ലാര്‍പാടം ടെര്‍മിനല്‍ തുടങ്ങിയവയുടെയെല്ലാം തുടക്കത്തില്‍ തന്നെ ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാടുകളും ഇടപെടലും ഉണ്ടായിരുന്നു. ഉദ്ഘാടന മാമാങ്കങ്ങള്‍ നടന്നെങ്കിലും ഈ പദ്ധതികളൊന്നും പൂര്‍ത്തീകരിക്കുന്നതിന് യു ഡി എഫിന് കഴിഞ്ഞിട്ടില്ല.
വന്‍കിട നിക്ഷേപമെല്ലാം യു ഡി എഫിന്റെ ക്രെഡിറ്റിലാണല്ലോ ഉമ്മന്‍ ചാണ്ടി വരവുവെക്കുന്നത്. കേരളത്തിലെ ഉത്പാദനമേഖലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ ഒരു വന്‍കിട നിക്ഷേപം പോലും കൊണ്ടുവരാന്‍ യു ഡി എഫിനു കഴിഞ്ഞിട്ടില്ല. ഇത്തരത്തില്‍ സര്‍വരംഗത്തും പരാജയമായുള്ള ഒരു സര്‍ക്കാറാണ് കേരളത്തിലുള്ളത്.
നാടിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായിട്ടുള്ളതാണ് സമാധാനപരമായ അന്തരീക്ഷം. യു ഡി എഫ് അധികാരമേറ്റ ശേഷം ക്രമസമാധാനരംഗത്ത് കേരളം പുറകോട്ടുപോയി. മതസൗഹാര്‍ദത്തിന് പേരുകേട്ട കേരളത്തില്‍ അവ തകര്‍ക്കപ്പെടുന്ന ഗൂഢമായ പദ്ധതികള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അത്തരം പദ്ധതികളെ ഉന്മൂലനം ചെയ്യുന്നതിനു പകരം പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംഘ്പരിവാറുമായി ഉണ്ടാക്കുന്ന ധാരണയുടെ ഭാഗമായാണ് പ്രവീണ്‍ തൊഗാഡിയയുടെ പേരിലുള്ള രാജ്യദ്രോഹ കേസ് പോലും പിന്‍വലിച്ചത്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകള്‍ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ശക്തിപ്പെട്ടു. ഇതിനു കാരണം, ഭരണതലത്തില്‍ ഇടപെടാന്‍ ഇത്തരം ശക്തികള്‍ക്ക് കഴിയുന്നു എന്നതാണ്. കേരളത്തിന്റെ സമാധാനപരമായ ജീവിതം തിരിച്ചുകൊണ്ടുവരിക എന്നത് വികസനത്തിനും സൈ്വരജീവിതത്തിനും പ്രധാനമാണെന്നു കാണണം.
ഗുജറാത്താണ് കേരളത്തിന് മാതൃക എന്ന് ബി ജെ പി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍, ജനങ്ങളുടെ ജീവിതനിലവാരം പരിശോധിച്ചാല്‍ ഗുജറാത്തിനേക്കാള്‍ ഏറെ മുകളിലാണ് കേരളം എന്ന് കാണാം. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം, മതസൗഹാര്‍ദ്ദം, ജനാധിപത്യബോധം തുടങ്ങിയവയിലെല്ലാം കേരളം ഏറെ മുന്നിലാണ്. ഗുജറാത്ത് കേരളത്തേക്കാള്‍ വളരുന്നു എന്ന പ്രചാരണമുണ്ട്. എന്നാല്‍, അടുത്തകാലം വരെ കേരളത്തിന്റെ വളര്‍ച്ചയും നല്ല നിലയിലായിരുന്നു. വേണമെങ്കില്‍ കേരളത്തിന് സാമ്പത്തിക വളര്‍ച്ചയിലും ഗുജറാത്തിനെ പിന്തള്ളാം. സാമൂഹികക്ഷേമ നേട്ടങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടുതന്നെ ഇത് കൈവരിക്കാനാകും. അത്തരമൊരു വികസന കുതിപ്പിനുതകുന്ന കര്‍മപദ്ധതിയാണ് എല്‍ ഡി എഫ് മുന്നോട്ടുവക്കുന്നത്.
വായ്പയെടുക്കുന്ന പണത്തിന്റെ 70-80 ശതമാനവും സര്‍ക്കാറിന്റെ നിത്യനിദാന ചെലവിനാണ് യു ഡി എഫ് ചെലവഴിച്ചത്. ദീര്‍ഘകാല മുതല്‍മുടക്കിന് പണം കണ്ടെത്താന്‍ ഇങ്ങനെയുളള ഒരു സര്‍ക്കാറിന്് കഴിയില്ല. നിത്യനിദാന ചെലവിനുപോലും ഗതിയില്ലാത്ത ഒരു സര്‍ക്കാറിന് ബജറ്റിനു പുറത്ത് പദ്ധതികള്‍ക്കുവേണ്ടി വായ്പ സമാഹരിക്കുന്നതിന് കഴിയാത്ത സ്ഥിതിയുണ്ടാകും.
വലിയ പ്രോജക്ടുകള്‍ നടപ്പിലാക്കപ്പെടണമെങ്കില്‍ സര്‍ക്കാര്‍ ഭരണസംവിധാനത്തിന് അതിനുള്ള ശേഷിയുണ്ടാകണം. സര്‍ക്കാര്‍ യന്ത്രം കാര്യക്ഷമമാകണമെങ്കില്‍ അഴിമതി ഇല്ലാതാകണം. നിലവിലുളള യു ഡി എഫ് സര്‍ക്കാറിന്റെ കാലം പോലെ അഴിമതി കൊടികുത്തി വാണ കാലം ഉണ്ടായിട്ടില്ല. മാത്രമല്ല, ആസിയാന്‍ കരാര്‍ പ്രാബല്യത്തിലായതോടെ കേരളത്തിന്റെ നാണ്യവിളകള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ആസിയാന്‍ കരാറിനനുകൂലമായി വാദിച്ച യു ഡി എഫിന് ഇക്കാര്യത്തില്‍ ഒരു ന്യായവാദവും ഇപ്പോള്‍ പറയാനില്ല.
കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ട ഇടതുപക്ഷം പുതിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിന് ഉതകുന്ന കാര്യക്ഷമമായ ബദല്‍ നയങ്ങളുമായാണ് ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ സമീപിക്കുന്നത്. ആഗോളവത്കരണ നയങ്ങള്‍ സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒരുപാട് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഫെഡറല്‍ ഘടനയെ തകര്‍ക്കുന്ന ബി ജെ പി സര്‍ക്കാറിന്റെ നയങ്ങളും ഗൗരവമായ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നുണ്ട്. ഈ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ബദല്‍ ഉയര്‍ത്തുന്നതിനുള്ള കര്‍മപരിപാടികളാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ടുവെക്കുന്നത്. അതിനായി, 600 നിര്‍ദ്ദേശങ്ങള്‍ പ്രകടനപത്രിയിലുണ്ട്.

---- facebook comment plugin here -----

Latest