സ്വകാര്യ മേഖല ജീവനക്കാരുടെ മക്കള്‍ക്ക് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകളില്‍ പ്രവേശനം

Posted on: April 19, 2016 8:00 pm | Last updated: April 19, 2016 at 8:48 pm
SHARE

ദോഹ: സ്വകാര്യ സ്‌കൂളുകള്‍ ഇല്ലാത്തയിടങ്ങളില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കണമെന്ന് നിര്‍ദേശിച്ച് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. അല്‍ ശമാല്‍, ദുഖാന്‍, റൗദ റാശിദ്, അല്‍ കറാന, അല്‍ ശഹാനിയ്യ, അല്‍ ഗുവൈരിയ, അല്‍ സുബറ, അല്‍ ഖര്‍സ, അല്‍ കഅ്ബാന്‍, അല്‍ ഗശാമിയ, അല്‍ ജമീലിയ്യ എന്നിവിടങ്ങളിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ മക്കള്‍ക്ക് പ്രവേശനം നല്‍കാനാണ് നിര്‍ദേശം. അഡ്മിഷന്‍, രജിസ്‌ട്രേഷന്‍ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുകയും ഈ പ്രദേശങ്ങളിലാണ് താമസിക്കുന്നതെന്ന രേഖയും രക്ഷിതാക്കള്‍ ഹാജരാക്കണം. പ്രൈവറ്റ് സ്‌കൂളുകള്‍ ഉള്ളിടങ്ങളില്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളിലേക്ക് കുട്ടികളെ മാറ്റാന്‍ അനുവാദമില്ല.
അതേസമയം പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ ഫസ്റ്റ് ഗ്രേഡിലേക്കുള്ള പുതിയ അഡ്മിഷന് വേണ്ടി ഖത്വരികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ രജിസ്റ്റര്‍ ചെയ്യാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാല്‍ കെ ജി പ്രവേശനം ഖത്വരികള്‍ക്ക് മാത്രമാണ്.
സംസാരിക്കാനും ഭാഷക്കും പ്രശ്‌നമുള്ളവര്‍, കേള്‍വിശക്തി കുറഞ്ഞവര്‍, അശ്രദ്ധ, അംഗവൈകല്യമുള്ളവര്‍ തുടങ്ങിയ പ്രയാസങ്ങള്‍ നേരിടുന്ന മാനസിക വെല്ലുവിളികള്‍ ഇല്ലാത്ത പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്ക് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകളില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാമെന്ന് മന്ത്രാലയം അയച്ച സര്‍ക്കുലറില്‍ പറയുന്നു. വിവിധ രീതിയില്‍ കേള്‍വി ശക്തി കുറഞ്ഞ കുട്ടികള്‍ക്ക് ഓഡിയോ എജുക്കേഷന്‍ കോംപ്ലക്‌സിലും കാഴ്ചശക്തി കുറഞ്ഞവര്‍ക്ക് അല്‍ നൂര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും രജിസ്റ്റര്‍ ചെയ്യാം. സെറിബ്രല്‍ പാള്‍സി, ബൗദ്ധിക ശേഷിക്കുറവ്, ഓട്ടിസം തുടങ്ങിയ പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്ക് റൗഅ സെന്റര്‍ ഫോര്‍ അസസ്‌മെന്റ്, സപ്പോര്‍ട്ട് ആന്‍ഡ് കൗണ്‍സിലിംഗിലും രജിസ്റ്റര്‍ ചെയ്യാം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് യോജിച്ച സ്‌കൂള്‍ ഏതാണെന്ന് ഈ സ്ഥാപനങ്ങള്‍ തീരുമാനിക്കും.