Connect with us

Gulf

ദോഹയില്‍ 14 ഭക്ഷ്യശാലകള്‍ നഗരസഭ അടപ്പിച്ചു

Published

|

Last Updated

ദോഹ: പൊതുജനങ്ങളുടെ സുരക്ഷിതത്വത്തിനു വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിച്ച 14 സ്ഥാപനങ്ങള്‍ ദോഹ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. നിയമലംഘനം പിടികൂടാനായി നടത്തിവന്ന പതിവു പരിശോധനക്കിടെയാണ് നടപടി. ഒരു മാസത്തിനിടെ 803 ഭക്ഷ്യശാലകളിലും ബ്യൂട്ടി പാര്‍ലറുകളിലും പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു.
119 സ്ഥാപനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. എന്നാല്‍ 684 സ്ഥാപനങ്ങള്‍ നിബന്ധനകള്‍ പാലിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. അടച്ചു പൂട്ടിയ 14 സ്ഥാപനങ്ങളില്‍ അഞ്ചെണ്ണം ഞായറാഴ്ചയാണ് പൂട്ടിയത്. ഇതില്‍ റസ്റ്റോറന്റുകളും ഭക്ഷ്യസേവന സ്ഥാപനങ്ങളും ഉള്‍പ്പെടും. പത്തു മുതല്‍ 20 ദിവസം വരെയാണ് അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടത്. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിലുള്ള ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനം, ശുചിത്വം പാലിക്കാതിരിക്കല്‍, ലൈസന്‍സ് കാലാവധി കഴിഞ്ഞും പ്രവര്‍ത്തിക്കല്‍, നഗരസഭയുടെ നിബന്ധനകള്‍ പാലിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് സ്ഥാപനങ്ങളില്‍ കണ്ടെത്തിയത്.
പരിശോധനക്കിടെ ഉപയോഗശൂന്യമായ 64.5 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ഇതില്‍ 26 ടണ്‍ പച്ചക്കറികള്‍, 30 ടണ്‍ പഴവര്‍ഗങ്ങള്‍, 2.5 ടണ്‍ മത്സ്യം, ആറു ടണ്‍ മാംസം എന്നിവ ഉള്‍പ്പെടും. അതിനിടെ അല്‍ ദായിന്‍ നഗസഭ രണ്ടു ഭക്ഷ്യശാലകള്‍ അടച്ചുപൂട്ടി. ഒരു ബേക്കറിയും ഒരു സൂപ്പര്‍മാര്‍ക്കറ്റളുമാണ് നടപടിക്കുവിധേയമായത്. ബേക്കറിക്കെതിരെ 14 ദിവസത്തേക്കും സൂപ്പര്‍മാര്‍ക്കറ്റിനെതിരെ ഒരു മാസത്തേക്കുമാണ് നടപടി.