പിഎഫ് പിന്‍വലിക്കല്‍ നിയമ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി

Posted on: April 19, 2016 8:01 pm | Last updated: April 20, 2016 at 11:32 am
SHARE

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ പി എഫ്) നിക്ഷേപം പിന്‍വലിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ തീരുമാനം താത്കാലികമായി മരവിപ്പിച്ചു. ജൂലൈ 31 വരെയാണ് നടപടി മരവിപ്പിച്ചത്. ആഗസ്റ്റ് ഒന്ന് മുതല്‍ നിക്ഷേപം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം തുടരുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചു. പി എഫ് നിക്ഷേപത്തിലെ തൊഴില്‍ ദാതാവിന്റെ വിഹിതം തൊഴിലാളിക്ക് 58 വയസ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പ് പിന്‍വലിക്കാനാകില്ലെന്ന തീരുമാനമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. പി എഫ് വിഹിതം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഇറക്കിയ വിജ്ഞാപനം താത്കാലികമായി മരവിപ്പിച്ചതായും ഇക്കാര്യത്തെ കുറിച്ച് വിശദമായി ചര്‍ച്ച നടത്തുമെന്നും കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു.
വീട് നിര്‍മാണം, ഗുരുതരമായ രോഗങ്ങള്‍, മക്കളുടെ സാങ്കേതിക വിദ്യാഭ്യാസം, വിവാഹം എന്നിവക്ക് തൊഴിലാളികളുടെ പി എഫ് വിഹിതം പൂര്‍ണമായി പിന്‍വലിക്കുന്നത് അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ദത്താത്രേയ പറഞ്ഞു. ഇക്കാര്യം കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ പരിഗണനക്ക് വിട്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. തൊഴിലില്‍ നിന്ന് ഒഴിവായി രണ്ട് മാസം കഴിഞ്ഞോ അല്ലാതെയോ പി എഫ് തുക പൂര്‍ണമായി പിന്‍വലിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജ്ഞാപനം ഇറക്കിയത്. ഇത് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു വിജ്ഞാപനത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍, വിവിധ തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം നടപ്പാക്കുന്നത് ഏപ്രില്‍ മുപ്പത് വരെ നീട്ടി. ഈ തീരുമാനമാണ് തൊഴിലാളികള്‍ തെരുവിലിറങ്ങിയതോടെ മൂന്ന് മാസത്തേക്ക് മരവിപ്പിച്ചത്. ഇതോടെ നിലവില്‍ തൊഴിലില്‍ നിന്ന് രണ്ട് മാസം മുമ്പ് ഒഴിവായ എല്ലാ തൊഴിലാളികള്‍ക്കും ജൂലൈ അവസാനം വരെ പി എഫ് നിക്ഷേപം പൂര്‍ണമായും പിന്‍വലിക്കാം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ കീഴില്‍ ജോലിക്ക് ചേരുകയും പങ്കാളിത്ത പെന്‍ഷനിലോ വാര്‍ധക്യകാല പെന്‍ഷന്‍ പദ്ധതിയിലോ ചേര്‍ന്നവര്‍ക്കും ഇത് ബാധകമാണ്. എന്നാല്‍, പി എഫ് നിക്ഷേപം പിന്‍വലിക്കുന്നതിനേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇ പി എഫ് നിക്ഷേപം പൂര്‍ണമായി പിന്‍വലിക്കുന്നതിനുള്ള പ്രായപരിധി 54ല്‍ നിന്ന് വിരമിക്കല്‍ പ്രായമായ 58 ആയി ഉയര്‍ത്തിയതുള്‍പ്പെടെയുള്ള ഭേദഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്.
തൊഴില്‍ ദാതാവിന്റെ വിഹിതം വിരമിക്കല്‍ പ്രായത്തിനു ശേഷമേ പിന്‍വലിക്കാന്‍ സാധിക്കൂ. ഇതിന് പുറമെ പി എഫില്‍ നിന്ന് പിന്‍വലിക്കുന്ന തൊഴിലാളിയുടെ വിഹിതത്തിന് നികുതി ഏര്‍പ്പെടുത്തിയെങ്കിലും പിന്നീട് ഈ തീരുമാനം പിന്‍വലിച്ചു. പി എഫ് നിക്ഷേപങ്ങള്‍ പിന്‍വലിക്കുമ്പോള്‍ നികുതി ഏര്‍പ്പെടുത്താനുള്ള പൊതു ബജറ്റിലെ തീരുമാനം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
നേരത്തെയുള്ള വ്യവസ്ഥകള്‍ പ്രകാരം തൊഴിലാളിക്ക് പി എഫ് നിക്ഷേപത്തിലെ തൊണ്ണൂറ് ശതമാനവും 54 വയസ്സിന് മുമ്പ് പിന്‍വലിക്കാമായിരുന്നു.