Connect with us

Gulf

കാരുണ്യ പ്രവര്‍ത്തന മേഖലയില്‍ ഖത്വര്‍ ചാരിറ്റിക്കൊപ്പം ക്വാളിറ്റി ഗ്രൂപ്പ്

Published

|

Last Updated

ഖത്വര്‍ ചാരിറ്റിയുമായി സഹകരിക്കുന്ന പദ്ധതിയുടെ കരാറില്‍ ഒപ്പുവെക്കുന്നതിനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ക്വാളിറ്റി ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകര സംസാരിക്കുന്നു

ദോഹ: ജീവകാരുണ്യ മേഖലയില്‍ ക്വാളിറ്റി ഗ്രൂപ്പ് ഖത്വര്‍ ചാരിറ്റിയുമായി സഹകരിക്കുന്നു. യോജിച്ച പ്രവര്‍ത്തനങ്ങളുടെ കരാറില്‍ ഖത്വര്‍ ചാരിറ്റി ലോക്കല്‍ ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് സി ഇ ഒ അലി ആതിഖ് അല്‍ അബ്ദുല്ലയും ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകരയും ഒപ്പുവെച്ചു.
കരാര്‍ പ്രകാരം ക്വാളിറ്റി ഗ്രൂപ്പ് പുറത്തിറക്കുന്ന പ്രത്യേക ഹദിയത്തി കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഓരോ പര്‍ച്ചേസിനും ലഭിക്കുന്ന ബോണസ് പോയിന്റുകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്യാന്‍ അവസരം ലഭിക്കും. ആകെ പര്‍ച്ചേസിന്റെ ഒരുശതമാനമാണ് ബോണസ് പോയിന്റായി ലഭിക്കുക. ഇതിനു പുറമെ ബാക്കി വരുന്ന നാണയ തുട്ടുകള്‍ ഖത്വര്‍ ചാരിറ്റിക്ക് നല്‍കാം.
ഖത്വര്‍ ചാരിറ്റി ആഗോള തലത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഹദായ അല്‍ ഖൈര്‍ എന്ന പേരിലുള്ള കാര്‍ഡുകള്‍ ക്വാളിറ്റി ഗ്രൂപ്പിന്റെ എല്ലാ കാഷ് കൗണ്ടറുകളിലും ലഭ്യമാക്കും. ഫുഡ് ബാസ്‌കറ്റ് ഡൊണേഷന്‍ ബോക്‌സുകള്‍, വസ്ത്രങ്ങള്‍ സ്വീകരിക്കുന്നതിനുള്ള തായ്ഫ് ബോക്‌സുകള്‍, ഓട്ടോമാറ്റിക് ഡോണേഷന്‍ ബോക്‌സുകള്‍ തുടങ്ങി ഖത്വര്‍ ചാരിറ്റിയുടെ മറ്റു പദ്ധതികളും ക്വാളിറ്റിയില്‍ ലഭ്യമാവും.
ക്വാളിറ്റിയുടെ ആറു ഔട്ട്‌ലറ്റുകളിലും ഖത്വര്‍ ചാരിറ്റി വഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യമുണ്ടായിരിക്കുമെന്ന് ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകര പറഞ്ഞു. ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന റയ്യാനിലെ ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റിലും അല്‍ ഖോറിലെ ക്വാളിറ്റി മാളിലും തുടക്കം തൊട്ടു തന്നെ ഹദിയത്തി ജീവകാരുണ്യ പദ്ധതി ഉണ്ടാകും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പോയിന്റുകള്‍ സംഭാവന ചെയ്യാന്‍ സാധിക്കുന്ന ലോയല്‍റ്റി കാര്‍ഡുകള്‍ എല്ലാ ഔട്ട്‌ലറ്റുകളിലും മെയ് അവസാന വാരത്തോടെ ലഭ്യമാക്കും. ക്വാളിറ്റി റീട്ടെയില്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് മാനേജര്‍ ശാഹിദ്, ഖത്വര്‍ ചാരിറ്റി കമ്യൂണിറ്റി പാര്‍ട്ണര്‍ഷിപ്പ് മാനേജര്‍ ഹാമിദ് ശഹാദ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Latest