Connect with us

Gulf

ടെലികോം കമ്പനികളുടെ സേവന നിലവാരം സി ആര്‍ എ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും

Published

|

Last Updated

ദോഹ : രാജ്യത്തെ ടെലികോം കമ്പനികളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതതിനും ഉറപ്പു വരുത്തുന്നതിനും കമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി നയരേഖ കൊണ്ടു വരുന്നു. ഇതനുസരിച്ച് ഖത്വറില്‍ മൊബൈല്‍, ഇന്റര്‍നെറ്റ്, ലാന്‍ഡ് ഫോണ്‍, പോസ്റ്റല്‍ സേവനങ്ങളുടെ നിലവാരം സംബന്ധിച്ച് വിവിധ മാര്‍ഗങ്ങളിലൂടെ വിലയിരുത്തല്‍ നടത്തുകയും റിപ്പോര്‍ട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന ഈ റിപ്പോര്‍ട്ട് രാജ്യത്തെ ടെലികോം കമ്പനികളെ മികച്ച സേവനം നല്‍കുന്നതിന് പ്രേരിപ്പിക്കുകയും മത്സരം വളര്‍ത്തുകയും ചെയ്യുമെന്ന് അതോറിറ്റി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ടെലികോം സേവന മികവ് പരിശോധിക്കുകയും ഉറപ്പു വരുത്തുകയും ചെയ്യുന്നതിനുള്ള നയരേഖ അന്തിമ ഘട്ടത്തിലാണെന്ന് അതോറിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ക്വാളിറ്റി ഓഫ് സര്‍വീസ് പോളിസി എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍ഗരേഖ ടെലികോം കമ്പനികള്‍ക്കു മേല്‍ കനത്ത സമ്മര്‍ദം സൃഷ്ടിക്കുന്നതാണ്. മികച്ച സേവനങ്ങള്‍ നല്‍കുന്നതു സംബന്ധിച്ച് അതോറിറ്റിയുടെ നിബന്ധനകള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തുകയും അവ നിലനിര്‍ത്തുകയും ചെയ്യുക നയത്തിന്റെ ലക്ഷ്യമാണ്. സേവനമികവുകള്‍ സംബന്ധിച്ച് നിരന്തരം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതിനും പോളിസി നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നു.
സേവനങ്ങള്‍ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ നയരേഖയില്‍ വിശദീകരിക്കും. ഇതനസരിച്ചാണ് സേവനമികവ് വിലയിരുത്തുക. ആശയവിനിമയ ഉപാധി എന്ന നിലയില്‍ പോസ്റ്റല്‍ സര്‍വീസിനെയും നയത്തിന്റെ പരിധിയില്‍ കൊണ്ടു വന്നിരിക്കുന്നു. ഡിജിറ്റല്‍ മീഡിയ, അത്യാധുനിക സേവനങ്ങള്‍, നവീകരണങ്ങള്‍, ഉപയോഗസൗഹൃദമായ സേവനങ്ങള്‍ എന്നിവയെല്ലാം മികവു പരിശോധനയുടെ പരിധിയില്‍ വരും.
സേവനങ്ങളിലെ മികവ്, വ്യക്തത, സുതാര്യത, മുന്‍വിധി തുടങ്ങിയവ ഉറപ്പു വരുത്തുകയാണ് പോളിസിയുടെ മുഖ്യ ലക്ഷ്യമെന്ന് അതോറ്റി കണ്‍സ്യൂമര്‍ അഫയേഴ്‌സ് വിഭാഗം മാനേജര്‍ ആമില്‍ സലാം അല്‍ ഹനാവി പറഞ്ഞു. സേവനങ്ങളുടെ സമാനതയും കൃത്യതയും ഉറപ്പുവരുത്തുന്നതിനും ഇതുവഴി സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കള്‍ക്കും സേവനദാതാക്കളായ കമ്പനികള്‍ക്കും പോളിസിയുടെ ഗുണം ലഭിക്കുമെന്ന് അദ്ദേം പറഞ്ഞു. ഭാവിയെക്കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്നേറ്റം എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് നയം രൂപപ്പെത്തിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴത്തെയും ഭാവിയിലെയും ഉപഭോക്തക്കളുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള സേവനങ്ങള്‍ക്കൊപ്പം മത്സരം പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യം വെക്കുന്നു.
നയം അനുസരിച്ച് കമ്പനികള്‍ തന്നെ തങ്ങളുടെ സേവന നിലവാരം സ്വയം വിലയിരുത്തി പോളിസിയുമായി താരതമ്യം ചെയ്ത് അതോറിറ്റിക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതേസമയം അതോറിറ്റി സ്വതന്ത്രമായും സേവനമികവ് സംബന്ധിച്ച് വിലയിരുത്തല്‍ നടത്തും. ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തുന്ന അഭിപ്രായ സര്‍വേയുടെകൂടി അടിസ്ഥാനത്തിലായിരിക്കും വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ് സമയാസയമങ്ങളില്‍ അതോറിറ്റി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുക.

Latest