ഹമദ് ആശുപത്രി ഫാര്‍മസിയില്‍ മരുന്നെടുക്കാന്‍ റോബോട്ട് സേവനം

Posted on: April 19, 2016 7:22 pm | Last updated: April 20, 2016 at 6:19 pm
റോബോട്ടിക് ഫാര്‍മസിയുടെ ഉദ്ഘാടനം പൊതു ആരോഗ്യമന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി നിര്‍വഹിക്കുന്നു
റോബോട്ടിക് ഫാര്‍മസിയുടെ ഉദ്ഘാടനം പൊതു ആരോഗ്യമന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി നിര്‍വഹിക്കുന്നു

ദോഹ: ഹമദ് ജനറല്‍ ആശുപത്രിയില്‍ റോബോട്ടിക് ഫാര്‍മസിയുടെ ഉദ്ഘാടനം പൊതു ആരോഗ്യമന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി നിര്‍വഹിച്ചു. രോഗികള്‍ക്ക് മികച്ച സേവനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റോബോട്ടിക് ഫാര്‍മസി തുറന്നത്.
രോഗികള്‍ക്ക് ഫാര്‍മസിയില്‍ മരുന്നുകള്‍ക്കായി ഏരെ നേരം കാത്തു നില്‍ക്കേണ്ടി വരില്ലെന്നതാണ് റോബോട്ടിക് ഫാര്‍മസിയുടെ പ്രത്യേകത. മരുന്ന് കുറിപ്പുകള്‍ വായിക്കുന്നതിലും തിരഞ്ഞെടുക്കുന്നതിലും മനുഷ്യര്‍ക്കുണ്ടാകുന്ന തെറ്റുകള്‍ കുറയുകയും ചെയ്യും. എം എ സി എച്ച് 4 ഒംനിസെല്‍ റോബോട്ടുകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. മേഖലയിലെതന്നെ ഏറ്റവും വലിയ റോബോട്ടിക് ഫാര്‍മസിയാണ് ഹമദിലേത്. മണിക്കൂറില്‍ 1200 കുറിപ്പുകളിലെ മരുന്നുകള്‍ വിതരണം ചെയ്യാനുള്ള ശേഷിയുണ്ട് ഇതിന്. ക്ലിനിക്കല്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനവുമായി (സി ഐ എസ്) പൂര്‍ണമായും സംയോജിപ്പിച്ചാണ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. എച്ച് എം സിക്കു കീഴില്‍ രണ്ടാമത്തെ ഓട്ടോമേറ്റഡ് ഫാര്‍മസി സംവിധാനമാണ് ജനറല്‍ ആശുപത്രിയിലേത്. നേരത്തെ സമാനമായ രീതിയില്‍ അല്‍ വഖ്‌റ ആശുപത്രിയിലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
രണ്ടു റോബോട്ടുകളെ സമന്വയിപ്പിച്ചാണ് ജനറല്‍ ആശുപത്രി റോബോട്ടിക് ഫാര്‍മസി പ്രവര്‍ത്തിപ്പിക്കുന്നത്. മെഡിമാറ്റും സ്പീഡ് ബോക്‌സും. വേഗത്തില്‍ മരുന്ന് വിതരണം ചെയ്യാനായി ഇവ രണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കും. രണ്ടിന്റേയും ആകെ സംഭരണ ശേഷി 14,000 പായ്ക്കുകളാണ്. രോഗികള്‍ക്ക് വളരെ കുറച്ച് സമയം മരുന്നിനായി കാത്തിരുന്നാല്‍ മതി. മാത്രമല്ല ഓരോ രോഗികള്‍ക്കൊപ്പവും കൂടുതല്‍ സമയം വിദഗ്ധ പരിശീലനം നേടിയ ഫാര്‍മസിസ്റ്റുകളുടെ സേവനം ലഭിക്കുമെന്നും ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു. പുതിയ സംവിധാനം അതാത് സമയത്തേക്കുള്ള മരുന്ന് മാത്രമല്ല വിതരണം ചെയ്യുന്നത്. രണ്ട് ദിവസത്തേക്കുള്ള മരുന്ന് സംഭരിച്ച് വെക്കാനുള്ള ശേഷി റോബോട്ടിനുണ്ട്. പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനുമൊക്കെയുള്ള മരുന്നുകള്‍ വേഗത്തില്‍ വിതരണം ചെയ്യുന്നതിനുള്ള ‘ഫാസ്റ്റ് മൂവിംഗ് മെഡിക്കേഷന്‍’ വിഭാഗവും ഉണ്ട്.
പുതിയ സംവിധാനത്തിന്റെ പ്രവര്‍ത്തനരീതി വ്യക്തമാക്കുന്ന യുട്യൂബ് വീഡിയോയും എച്ച് എം സി പുറത്തു വിട്ടിട്ടുണ്ട്. മരുന്നുവിതരണത്തിനായി കൗണ്ടറിലിരിക്കുന്നവരുടെ തൊട്ടടുത്തുതന്നെ പ്രത്യേക മെഷീന്‍ സംവിധാനത്തില്‍ മരുന്നുകള്‍ എത്തും. അതുകൊണ്ടുതന്നെ മരുന്നുകള്‍ എടുക്കാനായി കൗണ്ടറില്‍ നിന്നും എഴുന്നേറ്റു പോകേണ്ടിവരുന്നില്ല.