Connect with us

Gulf

നിയമസഭാ തിരഞ്ഞെടുപ്പ്; പ്രചാരണം പ്രവാസ ലോകത്തും ശക്തം

Published

|

Last Updated

തവനൂര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ ടി ജലീല്‍ അബുദാബി മിനയിലെ മാര്‍ക്കറ്റില്‍ വോട്ട് അഭ്യര്‍ഥിക്കുന്നു

അബുദാബി : കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കടല്‍ കടന്ന് ഗള്‍ഫ് മേഖലയിലും ശക്തി പ്രാപിക്കുന്നു. പ്രവാസികള്‍ക്ക് നേരിട്ട് വോട്ടില്ലെങ്കിലും ഇടപെടല്‍ അനിവാര്യമായതാണ് സ്ഥാനര്‍ഥികളുടെ ഗള്‍ഫ് സന്ദര്‍ശനത്തിന് പിന്നിലെ ഉദ്ദേശം.പതിവില്‍ നിന്നും വ്യത്യസ്തമായി പ്രമുഖ സ്ഥാനാര്‍ഥികള്‍ നേരിട്ട് പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളാണ് ഖത്തര്‍,യു എ ഇ ,ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പ് ആവേശവുമായി സോഷ്യല്‍ മീഡിയകളില്‍ ഒതുങ്ങി നിന്നിരുന്ന പ്രവാസികള്‍ കൂടുതല്‍ കര്‍മരംഗത്ത് ഇറങ്ങുകയാണ്. സ്ഥാനാര്‍ഥിയോടൊപ്പം മണ്ഡലത്തിലെ മറിയാന്‍ സാധ്യതയുള്ള വോട്ടര്‍മാരെ നേരില്‍ സന്ദര്‍ശിച്ചും മണ്ഡല പ്രകടന പത്രികകള്‍ വിതരണം നടത്തിയും നാട്ടിലെ തെരഞ്ഞെടുപ്പ് ആവേശം ഗള്‍ഫിലും സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പ്രവര്‍ത്തകരായ പ്രവാസി സമൂഹം.കഴിഞ ആഴ്ച യു എ ഇ ലെത്തിയ സ്ഥാനാര്‍ഥികള്‍ അബുദാബി മിനയിലെ മത്സ്യമാര്‍ക്കറ്റ് ,പച്ചക്കറി മാര്‍ക്കറ്റ് സന്ദര്‍ശിച്ചു വോട്ട് അഭ്യര്‍ഥിച്ചൂ.

വിവിധ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ കൊണ്ട് അലങ്കരിച്ച വേദികളിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ നടക്കുന്നത്. സംഘടന ഓഫിസുകളും വിവിധ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ കൊണ്ടും ചിഹ്നങ്ങള്‍ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്.പ്രവാസികള്‍ക്കിടയില്‍ മുഖ്യമായും യു.ഡി.എഫ് എല്‍ ഡി എഫ് സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം യു എ ഇ ലെത്തുന്നത്. മുസ്‌ലിം ലീഗ് പ്രവാസി സംഘടനയായ കെ.എം.സി.സി, കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഇന്‍കാസ് ,സി പി എം പ്രവാസി സംഘടനയായ ശക്തി എന്നിവര്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ യു.ഡിഎഫ്, എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ എത്തുമെന്നാണറിയുന്നത്.ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം 21 ന് രാത്രി 8 ന് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കുന്ന ഉദുമ മണ്ഡലം കെ.എം.സി.സി. യുടെ യു.ഡി.എഫ്‌തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും . തിരൂര്‍ യു ഡി എഫ് സ്ഥാനാര്‍ഥി സി മമ്മുട്ടി ,തവനൂര്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഇഫ്ത്തികറൂദ്ധീന്‍,അടുത്ത ദിവസം യു എ ഇ എത്തും.
ഇടതുപക്ഷ സംഘടനകളായ സംസ്‌കൃതി, യുവകലാസാഹിതി തുടങ്ങിയ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ സംഘടിപ്പിച്ച് നാട്ടില്‍ കൂടുതല്‍ വോട്ട് ലഭ്യമാക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷ സംഘടനകള്‍ നടത്തുന്നത്. നവ രാഷ്ട്രീയ സംഘടനകളായ വെല്‍ഫെയര്‍ പാര്‍ട്ടി. എസ്.ഡി.പി.ഐ തുടങ്ങിയ രാഷ്ട്രീയ സംഘടനകളുടെ പ്രവാസി സംഘടനകളും ശക്തമായ പ്രചാരണ പരിപാടികളുമായി രംഗത്തുണ്ട്.എസ്.ഡി.പി.ഐ പ്രവാസി സംഘടനായായ സോഷ്യല്‍ ഫോറവും, ഐ.എന്‍.എല്‍ പ്രവാസി സംഘടയായ ഇന്ത്യന്‍ മുസ് ലിം കള്‍ച്ചറല്‍ സെന്ററും വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest