കൊച്ചിയിലേക്ക് കുവൈത്ത് എയര്‍വേയ്‌സില്‍ ബാഗേജ് അലവന്‍സ് 46 കിലോ ആയി വര്‍ധിപ്പിച്ചു

Posted on: April 19, 2016 2:56 pm | Last updated: April 19, 2016 at 2:56 pm
SHARE

KUWAIT AIRWAYSമസ്‌കത്ത്:കൊച്ചിയിലേക്ക് കുവൈത്ത് എയര്‍വേയ്‌സില്‍ ബാഗേജ് അലവന്‍സ് 46 കിലോ ആയി വര്‍ധിപ്പിച്ചു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാരുടെ ബാഗേജ് അലവന്‍സ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 30 വരെയാണ് ഈ ആനുകൂല്യം ലഭ്യമാവുകയെന്നും അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കൊച്ചിക്ക് പുറമെ അഹമ്മദാബാദ്, ഡെല്‍ഹി, മുംബൈ, കൊളംബോ, മനില വിമാനത്താവളങ്ങളിലേക്കാണ് 46 കിലോ ബാഗേജ് അലവന്‍സ് ലഭിക്കുക. 23 കിലോ ഗ്രാം വീതമുള്ള രണ്ട് ലഗേജുകളായാണ് കൊണ്ടുപോകാന്‍ സാധിക്കുക.
സമ്മര്‍ സീസണില്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി കുവൈത്ത് എയര്‍വേയ്‌സ് ആരംഭിച്ച ബാഗേജ് മേഡ് സിംപിള്‍ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കും ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. വേനല്‍ അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്ന കുടുംബങ്ങളെ ലക്ഷ്യം വെച്ചാണ് കമ്പനി ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നിശ്ചയിക്കപ്പെട്ട വിമാനത്താവളങ്ങള്‍ അല്ലാത്ത സ്ഥലങ്ങളിലേക്ക് 23 കിലോ അധികം കൊണ്ടുപോകുന്ന യാത്രക്കാരില്‍ നിന്ന് 45 റിയാല്‍ ഈടാക്കും. 23 കിലോ ഭാരമുള്ള മറ്റൊരു ലഗേജ് കൂടിയുണ്ടെങ്കില്‍ 80 റിയാലും മൂന്നാമത് ഒരു ലഗേജ് കൂടിയുണ്ടെങ്കില്‍ 130 റിയാലും നിരക്ക് ഈടാക്കും.
ടിക്കറ്റ് നിരക്കിലും വലിയ കുറവ് വരുത്തിയിട്ടുണ്ട്. കൊച്ചിയിലേക്ക് 48 റിയാലാണ് ജൂണ്‍ 15 വരെ പ്രത്യേക നിരക്കില്‍ നല്‍കുന്നത്. എയര്‍പോര്‍ട്ട് ടാക്‌സ് അടക്കമുള്ളവ കൂടാതെയാണ് ഈ നിരക്ക്. ഡെല്‍ഹി, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് മസ്‌കത്തില്‍ നിന്നുള്ള നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്.