ഇ പരിഹാരവും ഇ അനുമതിയും; ‘ന്യൂജനാ’യി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Posted on: April 19, 2016 12:41 pm | Last updated: April 22, 2016 at 9:01 pm
SHARE

election commision indiaതിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ചട്ടലംഘനങ്ങള്‍ക്ക് പരിഹാരമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ- പരിഹാരം. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പാക്കുന്നത്. പൊതുജനങ്ങളുടെ പരാതികളും നിര്‍ദേശങ്ങളും ഇ- പരിഹാരത്തിലേക്ക് നല്‍കിയാല്‍ നടപടി ഉണ്ടാകും.

മതിലില്‍ ആരെങ്കിലും അനുവാദമില്ലാതെ എഴുതുകയോ പോസ്റ്റര്‍ ഒട്ടിക്കുകയോ ചെയ്താലും അനധികൃതമായി മൈക്ക് പ്രവര്‍ത്തിപ്പിച്ചാലും മറ്റെന്തെങ്കിലും ചട്ടലംഘനം കാട്ടിയാലുമെല്ലാം ഇ പരിഹാരത്തിലൂടെ പ്രശ്‌നം പരിഹരിക്കാം. പരിഹരിക്കുന്ന പ്രശ്‌നങ്ങള്‍ എസ് എം എസ് ആയി പരാതിക്കാരനെ അറിയിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റ് പരിശോധിച്ചാലും പരാതിയുടെ ഇപ്പോഴത്തെ സ്ഥിതി എന്തെന്ന് മനസിലാക്കാം. ഇ പരിഹാരത്തിന് പുറമേ ഇ അനുമതി, ഇ വാഹനം തുടങ്ങിയ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപ്പാക്കിയിട്ടുണ്ട്.
കമ്മീഷന് വേണ്ടി ഐ ടി മിഷനാണ് ഇവ തയാറാക്കിയത്. ലുമൃശവമൃമാ.സലൃമഹമ.ഴീ്.ശി എന്ന വിലാസത്തിലാണ് പരാതികള്‍ നല്‍കേണ്ടത്. തുടക്കത്തില്‍ പരാതിക്കാരന്റെ മൊബൈല്‍ നമ്പര്‍ ചോദിക്കും. അത് നല്‍കിയാല്‍ പാസ്‌വേര്‍ഡ് എസ് എം എസ് ആയി മൊബൈലില്‍ ലഭിക്കും. അത് നല്‍കി സൈറ്റില്‍ കയറി പരാതിയോ നിര്‍ദേശമോ നല്‍കാം. വോട്ടര്‍ക്ക് എന്തു പരാതിയും നല്‍കാം.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതി മുതല്‍ ഇതുവരെ 550 പരാതികള്‍ ലഭിച്ചതില്‍ 500 എണ്ണവും പരിഹരിച്ചതായി ഐ ടി മിഷന്‍ പറയുന്നു. പരാതി പരിഹരിച്ചാല്‍ ഉടന്‍ നമുക്ക് എസ് എം എസ് സന്ദേശം ലഭിക്കും. എസ് എം എസ് ലഭിക്കുന്നില്ലെങ്കില്‍ പാസ്‌വേര്‍ഡ് നല്‍കി സൈറ്റില്‍ കയറി പരാതിയുടെ അവസ്ഥ മനസിലാക്കാം. സ്വന്തമായി ഇന്റര്‍നെറ്റ് സംവിധാനം ഇല്ലാത്തവര്‍ക്ക് അക്ഷയ കേന്ദ്രത്തില്‍ പത്ത് രൂപ നല്‍കി പരാതി നല്‍കാനും അവസരമുണ്ട്.
തിരഞ്ഞെടുപ്പ് കാലത്ത് മൈക്ക്, സ്റ്റേജ്, യോഗം, ഹെലികോപ്ടര്‍ തുടങ്ങി രാഷ്ട്രീയക്കാര്‍ക്ക് ആറ് തരം അനുമതികള്‍ അത്യാവശ്യമാണ്. ഇതിനായി ഇ അനുമതി സംവിധാനത്തിലൂടെ അപേക്ഷിക്കാം. e-anumathi.kerala.gov.in ആണ് വിലാസം.
വിവിധ അനുമതികള്‍ക്ക് ആവശ്യമായ ഫീസ് ഓണ്‍ലൈനായി അടക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പല വകുപ്പുകളാണ് അനുമതി നല്‍കേണ്ടതെങ്കിലും ഇത്തരമൊരു ഏക ജാലക സംവിധാനമുള്ളത് രാഷ്ട്രീയക്കാര്‍ക്കു വലിയ സഹായമാണ്. ഇ പരിഹാരം പോലെ മൊബൈല്‍ നമ്പര്‍ നല്‍കി പാസ്‌വേര്‍ഡ് ലഭിച്ച ശേഷമാണ് ഇതിലും അപേക്ഷിക്കേണ്ടത്. 1825 അപേക്ഷകള്‍ ഇതിനോടകം ലഭിച്ചതില്‍ 673 എണ്ണം തള്ളി. ബാക്കി പരിശോധനയിലാണ്.
അനുമതി ലഭിച്ചാല്‍ എസ് എം എസിലൂടെ അറിയിക്കും. ഈ അനുമതി അനുസരിച്ച് സംസ്ഥാനത്തൊട്ടാകെ ഏതൊക്കെ രാഷ്ട്രീയ കക്ഷികള്‍ക്ക് എന്തെല്ലാം അനുമതി നല്‍കിയിട്ടുണ്ടെന്ന് പൊതുജനങ്ങള്‍ക്ക് പരിശോധിച്ച് അറിയാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പു ജോലിയിലുള്ള ഉദ്യോഗസ്ഥരുടെ മാത്രം ആവശ്യത്തിനുള്ളതാണ് ഇ വാഹനം എന്ന പ്രത്യേക സംവിധാനം. ഇതു പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പു ജോലിക്ക് നിയോഗിച്ചിരിക്കുന്ന വാഹനങ്ങളുടെയും മറ്റും വിശദാംശങ്ങള്‍ മനസ്സിലാക്കാം. ഉദ്യോഗസ്ഥര്‍ക്ക് വാഹനങ്ങള്‍ ആവശ്യമുണ്ടെങ്കിലും ഇതിലൂടെ അറിയിക്കാം.
പൊതുജനങ്ങള്‍ക്ക് ഇതു പരിശോധിക്കാനാവില്ല. വോട്ടിന്റെ വിശദാംശങ്ങള്‍ കണ്ടു ബോധ്യപ്പെടാം. സംസ്ഥാനത്തെ 12 നിയോജക മണ്ഡലങ്ങളില്‍ ഇത്തവണ വോട്ടര്‍മാര്‍ക്ക് തങ്ങള്‍ ചെയ്ത വോട്ടിന്റെ വിശദാംശങ്ങള്‍ കണ്ടു ബോധ്യപ്പെടുന്നതിനുള്ള സംവിധാനം തിരഞ്ഞെടുപ്പു കമ്മീഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here