പൂഞ്ഞാര്‍:’ചതുരംഗ’ കളിയില്‍ ആരാകും കേമന്‍

Posted on: April 19, 2016 12:29 pm | Last updated: April 19, 2016 at 12:31 pm

കേരള കോണ്‍ഗ്രസുകളുടെ നേര്‍ക്കുനേര്‍ പോരാട്ടം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് പൂഞ്ഞാര്‍. പൂഞ്ഞാറില്‍ പോരാട്ടം യഥാര്‍ത്ഥത്തില്‍ കേരള കോണ്‍ഗ്രസുകളുടെ ശക്തി പ്രകടനം കൂടിയാണ്. അടുത്തകാലം വരെ ഒന്നിച്ചുണ്ടായിരുന്നവര്‍ നേര്‍ക്കുനേര്‍ അങ്കം കുറിക്കുന്നുവെന്ന പ്രത്യേകത പൂഞ്ഞാര്‍ മണ്ഡലത്തില്‍ വോട്ടര്‍മാരെ ആശയകുഴപ്പത്തിലാക്കുന്നു.

യു ഡി എഫിന് വേണ്ടി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ജോര്‍ജുകുട്ടി അഗസ്റ്റി, ഇടത് പിന്തുണയോടെ മത്സരിക്കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പി സി ജോസഫ്, ബി ഡി ജെ എസ് പിന്തുണയോടെ മത്സരിക്കുന്ന എന്‍ ഡി എയുടെ ഉല്ലാസ് തുടങ്ങിയ സഖ്യ സ്ഥാനാര്‍ഥികള്‍ക്ക് ഒരുപോലെ പരാജയ ഭീതി സൃഷ്ടിക്കുകയാണ് ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ മത്സരിക്കുന്ന സിറ്റിംഗ് എം എല്‍ എ. പി സി ജോര്‍ജ്. മുന്നണികളില്‍ നിന്ന് പി സി ജോര്‍ജിലേക്ക് വോട്ടുകളുടെ അടിയൊഴുക്ക് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
1980 ല്‍ ആദ്യമായി മണ്ഡലത്തില്‍ നിന്ന് വിജയിച്ച ജോര്‍ജ് 1996 മുതല്‍ തുടര്‍ച്ചയായി പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമാണ്. കേരള കോണ്‍ഗ്രസ് ജോസഫ്, സെക്യുലര്‍, മാണി എന്നി പാര്‍ട്ടികളില്‍ നിന്നായിരുന്നു ജോര്‍ജിന്റെ വിജയങ്ങള്‍. എന്നാല്‍, ഇടത്, വലത് മുന്നണികള്‍ക്ക് ജോര്‍ജിലുള്ള വിശ്വാസം നഷ്ടമായതോടെ ഇത്തവണ സ്വതന്ത്ര വേഷത്തിലാണ് മത്സരം.
ഇടതുപിന്തുണയോടെ മത്സരിക്കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിലെ പി സി ജോസഫിന് നിയമസഭയിലേക്ക് ഇത് മൂന്നാമങ്കമാണ്. 1977 ല്‍ മൂവാറ്റുപുഴ എം എല്‍ എയായി വിജയിച്ച പി സി ജോസഫ് സമീപകാലത്ത് മാണി വിഭാഗത്തില്‍ നിന്നും പിളര്‍ന്ന് പുറത്തുപോയിരുന്നു. എങ്കിലും ജോസഫ് വിഭാഗത്തിന്റെ വോട്ടുകള്‍ തന്റെ പെട്ടിയില്‍ വീഴുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.
പി സി ജോര്‍ജിനെ മുട്ടുകുത്തിക്കാന്‍ കേരള കോണ്‍ഗ്രസ് എം മറ്റൊരു ജോര്‍ജിനെയാണ് ഇറക്കിയിരിക്കുന്നത്. പത്തുവര്‍ഷക്കാലമായി സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്ന ശേഷം ജോര്‍ജുകുട്ടി അഗസ്റ്റി പൂഞ്ഞാറിലൂടെ വീണ്ടും യു ഡി എഫിന്റെ ഖദറണിഞ്ഞിരിക്കുകയാണ്.
poonjar2മുമ്പ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പി സി തോമസിന്റെ ഐ എഫ് ഡിപിക്കൊപ്പം നിന്ന് കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച് പതിനാലായിരത്തോളം വോട്ടു നേടി. തുടര്‍ന്ന് രാഷ്ട്രീയക്കാരന്റെ കുപ്പായം മാറ്റി സഭയുടെ ആത്മീയസംഘടനകളില്‍ സജീവമായി മുന്നിലുണ്ടായിരുന്നു ജോര്‍ജുകുട്ടി അഗസ്റ്റി. ഒരു ദശാബ്ദത്തിന് ശേഷം മാതൃസംഘടനയിലേക്ക് തിരികെ വരുമ്പോള്‍ മണ്ഡലം തിരികെ പിടിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് പാര്‍ട്ടി ജോര്‍ജുകുട്ടിയെ ഏല്‍പ്പിച്ചിരിക്കുന്നത്. ജയിലുകളില്‍ കഴിയുന്നവരുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായി നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി സ്ഥാനാര്‍ഥിക്കുപ്പായം അണിയാന്‍ ജോര്‍ജുകുട്ടി അഗസ്റ്റിക്ക് നിയോഗമുണ്ടായത്. ഭാര്യ ഡെയ്‌സി പാറത്തോട് പഞ്ചായത്ത് കോണ്‍ഗ്രസ് അംഗമാണ്.
വിമത ഭീഷണികള്‍ക്കൊപ്പം കോണ്‍ഗ്രസ് പൂഞ്ഞാറില്‍ കണ്ണുനട്ടിരുന്നുവെന്ന ഭീഷണിയും യു ഡി എഫില്‍ തലവേദനസൃഷ്ടിക്കുന്നു. കേരള കോണ്‍ഗ്രസ് എമ്മിനാകട്ടെ പൂഞ്ഞാറിലെ വിജയം അഭിമാന പോരാട്ടമാണ്. പി സി ജോര്‍ജിന്റെ പരാജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാന്‍ കെ എം മാണിക്കും ജോസ് കെ മാണിക്കും ആവില്ല. കാരണം അത്രകണ്ട് ജോര്‍ജില്‍ നിന്നും ആക്ഷേപശരങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ പുതുതായി രൂപവത്കരിച്ച ഈരാറ്റുപേട്ട നഗരസഭ ജോര്‍ജിന്റെ പിന്തുണയോടെ എല്‍ ഡി എഫാണ് ഭരിക്കുന്നത്.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുടനീളം നേടിയ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തില്‍ വികച്ച വിജയം നേടാനാകുമെന്ന ഉറച്ച് വിശ്വസത്തിലായിരുന്നു എല്‍ ഡി എഫ്. എന്നാല്‍ പി സി ജോര്‍ജിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതോടുകൂടി എല്‍ ഡി എഫിന്റെ പ്രതീക്ഷകള്‍ ഇല്ലാതായെന്ന് യു ഡി എഫും വിലയിരുത്തുന്നു.
ചതുഷ്‌കോണ മത്സരം മുറുകുമ്പോള്‍ വിവിധ മുന്നണികളിലിരുന്ന് തലവേദന സൃഷ്ടിച്ചിരുന്ന പി സി ജോര്‍ജിനെ തളക്കാന്‍ കെ എം മാണി, ഉമ്മന്‍ ചാണ്ടി, പിണറായി വിജയന്‍ എന്നിവര്‍ അരയും തലയും മുറുക്കി മുന്നിലുണ്ടാവും. ഇടതുവലതു മുന്നണികള്‍ പൂഞ്ഞാറില്‍ നിന്നും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ തയ്യാറായില്ലെന്ന പ്രാദേശിക വികാരമാണ് ജോര്‍ജ് അനുകൂലികളുടെ പ്രധാന ആയുധം.
കാഞ്ഞിരപ്പള്ളി മണ്ഡലാംഗമായ ജോര്‍ജുകുട്ടി അഗസ്റ്റിയും മൂവാറ്റുപുഴ മണ്ഡലത്തില്‍ നിന്നും പൂഞ്ഞാറില്‍ അങ്കത്തിനിറങ്ങുന്ന പി സി ജോസഫും പൂഞ്ഞാറിന്റെ മണ്ണില്‍ സ്ഥാനമില്ലെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ മുന്നണികള്‍ മാറികളിച്ച് സ്വന്തം താത്പര്യം മാത്രം സംരക്ഷിക്കുന്നവരെ ഇത്തവണ പൂഞ്ഞാറിലെ വോട്ടര്‍മാര്‍ തിരിച്ചറിയുമെന്ന ആക്ഷേപമാണ് ഇടതുവലതു മുന്നണി സ്ഥാനാര്‍ഥികള്‍ ജോര്‍ജിനെതിരെ ഉന്നയിക്കുന്നത്.
സംസ്ഥാനത്ത് പുതുതായി രൂപവത്കരിച്ച എസ് ഡി പി ഐ- സമാജ്‌വാദി പാര്‍ട്ടി സഖ്യം പൂഞ്ഞാറില്‍ പി സി ജോര്‍ജിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ മുലായംസിംഗ് യാദവ്, യു പി മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവര്‍ ജോര്‍ജിന് വോട്ടര്‍ അഭ്യര്‍ഥിച്ച് പൂഞ്ഞാറിലെത്തുമെന്നും കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാക്കള്‍ വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച കര്‍ഷക രക്ഷാസമിതിയുടെ പിന്തുണ ഇടതുവലതു മുന്നണികള്‍ ഒരുപോലെ അവകാശപ്പെടുന്നു.
എല്‍ ഡി എഫ് സീറ്റ് നിഷേധിച്ചപ്പോള്‍ താനാണ് പൂഞ്ഞാറില്‍ ഇടതുസ്ഥാനാര്‍ഥിയെന്ന് സ്വയം പ്രഖ്യാപിച്ച് ജോര്‍ജ് രംഗത്ത് എത്തിയിരുന്നു. ഈരാറ്റുപേട്ട നഗരസഭയിലും മണ്ഡലത്തില്‍ ഉള്‍പ്പെട്ട നാല് പഞ്ചായത്തുകളിലും കേരള കോണ്‍ഗ്രസ് സെക്യുലര്‍ അംഗങ്ങളുടെ പിന്തുണയോടെയാണ് ഇടതുഭരണം. ഇക്കാരണങ്ങളാല്‍ ഇടതുവോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകാതെ മുഴുവന്‍ വോട്ടുകളും തന്റെ പെട്ടിയിലാക്കാനുള്ള പരിശ്രമം പി സി ജോസഫിനും വലിയ വെല്ലുവിളി ഉയര്‍ത്തുന്നു.