വി എസിനെ നേരിടാന്‍ ‘കുട്ടി വി എസ്

Posted on: April 19, 2016 11:57 am | Last updated: April 22, 2016 at 9:09 am

malampuzhaസംസ്ഥാനത്തെ വി വി ഐ പി മണ്ഡലമായ മലമ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണം ദേശീയ മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തിട്ടുണ്ട്. ഇടത് മുന്നണി സ്ഥാനാര്‍ഥി വി എസ് അച്ചുതാനന്ദന്‍ മത്സരിക്കുന്നതാണ് ദേശീയ ശ്രദ്ധാകര്‍ഷിക്കാന്‍ കാരണമാക്കുന്നത്. മണ്ഡലം രൂപവത്ക്കരണം മുതല്‍ ഇടതിനെ മാത്രം പിന്തുണച്ച മലമ്പുഴയില്‍ ഇത്തവണയും അതിന് മാറ്റമുണ്ടാകില്ലെന്ന് എതിര്‍പക്ഷം തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ടെങ്കിലും ഇത്തവണ ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചാല്‍ വി എസിന് എന്ത് റോള്‍ എന്നതാണ് ചര്‍ച്ച വിഷയം.

മലമ്പുഴയില്‍ നാലാമത്തെ അങ്കമാണ് വി എസിന്റേത്. ഇതിന് മുമ്പ് ഇടത് മുന്നണിയുടെ പടനായകയനായി തിരെഞ്ഞടുപ്പ് ഗോദയിലേക്ക് വന്ന വി എസ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റെയും സാരഥ്യമാണ് വഹിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞടുപ്പില്‍ മത്സരിക്കാനുള്ള വി എസിന്റെ ആഗ്രഹത്തെ മുളയിലെ തന്നെ നുള്ളാനാണ് പാര്‍ട്ടി സംസ്ഥാന ഘടകം ശ്രമിച്ചത്. ഒടുവില്‍ പോളിറ്റ് ബ്യൂറോയില്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് സ്ഥാനാര്‍ഥിത്വം തന്നെ വി എസിന് ലഭിച്ചത്.
യു ഡി എഫ് സ്ഥാനാര്‍ഥിയായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയി, ബി ജെ പി സ്ഥാനാര്‍ഥിയായി സംസ്ഥാന സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി കൃഷ്ണകുമാര്‍ എന്നിവരും മത്സര രംഗത്തുണ്ട്. നേരത്തേ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയ ബി ജെ പിയുടെ സി കൃഷ്ണകുമാറാണ് മലമ്പുഴയില്‍ ആദ്യം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്.
തൊട്ട് പിറകെ വി എസും തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയിലെങ്കിലും യു ഡി എഫ് സ്ഥാനാര്‍ഥിയായ വി എസ് ജോയ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചിട്ട് ദിവസങ്ങള്‍ മാത്രമേയായിട്ടുള്ളൂ. നിലവിലെ തിരെഞ്ഞടുപ്പ് ചിത്രത്തില്‍ ഇടതും ബി ജെ പിയുമാണ് തിളങ്ങുന്നത്.

എന്നാല്‍, വരും ദിവസങ്ങളില്‍ പ്രചാരണം നടത്തി ശക്തമായ മുന്നേറ്റം നടത്താമെന്ന ആത്മവിശ്വാസത്തിലാണ് വി എസ് ജോയി. എസ് എന്‍ ഡി പിക്ക് സ്വാധീനമുള്ള മലമ്പുഴ മണ്ഡലത്തില്‍ ബി ഡി ജെ എസ് പിന്തുണയും ബി ജെ പിക്കുള്ളത് ഇടത് വോട്ടിന് ബാധിക്കുമെന്ന പ്രചാരമുണ്ടെങ്കിലും വി എസിന്റെ കാര്യത്തില്‍ അത് വിലപോകില്ലെന്നാണ് ഇടത് മുന്നണി പറയുന്നത്. അതുപോലെ പാര്‍ട്ടിക്കുളളിലെ വിഭാഗീയതയും അടിയൊഴുക്കുകളും വി എസിന്റെ വിജയ സാധ്യതയെ ബാധിക്കുമെന്ന പ്രചാരണവും ഇടത് മുന്നണി നേതാക്കള്‍ തള്ളുന്നു.
ഇടത് കോട്ടയായ മലമ്പുഴയില്‍ ഇത്തവണ ആര് വിജയിക്കുമെന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും രണ്ടാം സ്ഥാനത്തേക്ക് ആരും എത്തുമെന്നതിനെക്കുറിച്ചാണ് എതിര്‍കക്ഷികള്‍ക്കിടയിലെ ചര്‍ച്ചയെന്നാണ് സി പി എം പ്രാദേശിക നേതാക്കള്‍ പറയുന്നത്. 1965ല്‍ മണ്ഡലം നിലവില്‍ വന്നതിന് ശേഷം മലമ്പുഴ ഇടതുപക്ഷത്തിനൊപ്പം മാത്രമേ നിന്നിട്ടുളളു. ഈ ആത്മവിശ്വാസവും വി എസിലുള്ള പ്രതീക്ഷയും സി പി എം പ്രവര്‍ത്തകരിലുണ്ട്.
തദ്ദേശ സ്വയഭരണ തിരഞ്ഞെടുപ്പില്‍ മലമ്പുഴ പഞ്ചായത്തില്‍ ബി ജെ പിക്ക് നാല് വാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. അകത്തേത്തറ, പുതുശേരി പഞ്ചായത്തുകളിലും ബി ജെ പി സാന്നിധ്യമുണ്ട്. ഇടതിന്റെ കോട്ടയിലുണ്ടായ ഈ ചലനമാണ് ഇത്തവണ സ്ഥാനര്‍ഥിയെ നിര്‍ത്താന്‍ ബി ജെ പിയെ പ്രേരിപ്പിച്ചതും. പരമാവധി പാര്‍ട്ടി വോട്ടുകള്‍ പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി. മണ്ഡലത്തിലെ പാര്‍ട്ടിയുടെ അംഗ ബലം ഈ തിരഞ്ഞെടുപ്പോടെ വ്യക്തമാക്കാനാണ് ബി ജെ പിയുടെ ഒരുക്കം.
മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ നേതാക്കന്മാരെയും നല്‍കിയ മണ്ഡലമാണ് മലമ്പുഴ. വി എസ് അച്യുതാനന്ദനെയും ഇ കെ നായനാരെയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവാക്കിയതും മലമ്പുഴയാണ്.

 

malapuzha231965ല്‍ എം പി കുഞ്ഞിരാമനിലൂടെയാണ് മലമ്പുഴ ഇടതുപക്ഷത്തേക്ക് ചായാന്‍ തുടങ്ങിയത്. 67ല്‍ വീണ്ടും കുഞ്ഞിരാമന്‍ തന്നെ വെന്നിക്കൊടി പാറിച്ചു. ആദ്യം സി വി രാമചന്ദ്രനും പിന്നീട് എ നാരായണനുമാണ് കുഞ്ഞിരാമന്റെ മുന്നില്‍ അടിയറവു പറഞ്ഞത്. 70ല്‍ വി കൃഷ്ണദാസ്, സി എം സുന്ദരത്തെ തോല്‍പ്പിച്ച് ചെങ്കൊടി പാറിച്ചു. 77ല്‍ പി വി കുഞ്ഞിക്കണ്ണനായിരുന്നു വിജയരഥത്തിലെത്താന്‍ യോഗമുണ്ടായത്. സി എം ചന്ദ്രശേഖരനെ 4426 വോട്ടുകള്‍ക്കാണ് കുഞ്ഞിക്കണ്ണന്‍ പരാജയപ്പെടുത്തിയത്. 80-ല്‍ ഇ കെ നായനാര്‍ മലമ്പുഴയിലെത്തി. അന്ന് 15,557 വോട്ടുകള്‍ക്ക് ഇ രാജനെ പരാജയപ്പെടുത്തി നായനാര്‍ മുഖ്യമന്ത്രിയായി. 635 ദിവസത്തിനുശേഷം രാജിവെച്ച അദ്ദേഹം അതേ നിയമസഭാ കാലാവധിയില്‍ പ്രതിപക്ഷനേതാവുമായി. 82ല്‍ വീണ്ടും നായനാര്‍ മലമ്പുഴയില്‍ നിന്ന് 16,596 വോട്ടുകള്‍ക്ക് വിജയിച്ച് പ്രതിപക്ഷനേതാവായി. 87-ല്‍ കോണ്‍ഗ്രസിലെ എ തങ്കപ്പനെ പരാജയപ്പെടുത്തി മുന്‍ ധനമന്ത്രി ടി ശിവദാസമേനോന്‍ മലമ്പുഴയില്‍ രംഗപ്രവേശം ചെയ്തു. പിന്നീട് 91-ലും 96-ലും വിജിയിച്ച് ശിവദാസമേനോന്‍ ഹാട്രിക്ക് വിജയം പൂര്‍ത്തിയാക്കി.
2001-ലാണ് വി എസ് മലമ്പുഴയിലേക്കെത്തുന്നത്. അന്ന് കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനി വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ 4703 വോട്ടിനായിരുന്നു വി എസിന്റെ വിജയം. 2006-ല്‍ അതേ സതീശന്‍ പാച്ചേനിയെ 20,017 വോട്ടിന് വി എസ് തോല്‍പ്പിച്ചു.
2011-ല്‍ വി എസ് 23,440 വോട്ടിനാണ് വിജയിച്ചത്. പോയ തിരഞ്ഞെടുപ്പില്‍ തോറ്റത് ലതികാ സുഭാഷ് ആണ്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഭരണം ഇടതുപക്ഷത്തിനാണ്.