കാശ്മീരില്‍ പതിനാറുകാരിയെ അപമാനിച്ച സംഭവം: ഒരാളെ അറസ്റ്റ് ചെയ്തു

Posted on: April 19, 2016 10:49 am | Last updated: April 19, 2016 at 10:09 pm
SHARE

KASHMIRശ്രീനഗര്‍: കാശ്മീരിലെ ഹന്ദ്വാര താഴ്‌വരയില്‍ പതിനാറുകാരിയെ അപമാനിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഹിലാല്‍ അഹമ്മദ് ബാണ്ടെ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ അര്‍ദ്ധരാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും, ഒരാളെ കൂടി പിടികൂടാനുണ്ടെന്നും ജമ്മു കാശ്മീര്‍ പൊലീസ് വ്യക്തമാക്കി. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. ചീഫ് മജിസ്‌ട്രേറ്റിനു മുന്നില്‍ പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറഞ്ഞ രണ്ടുപേരില്‍ ഒരാളെയാണ് പിടികൂടിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 12ന് ഒരു പൊതു വിശ്രമശാലയില്‍ പ്രവേശിച്ച കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനാണ് ഇയാളെ പൊലീസ് പിടികൂടിയത്. നേരത്തെ സൈനികനാണ് തന്നെ പീഡിപ്പിച്ചതെന്ന ആരോപണവുമായി പെണ്‍കുട്ടി രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് താഴ്‌വരയില്‍ അരങ്ങേറിയ കലാപത്തിലും, സെന്യം നടത്തിയ ആക്രമണത്തിലും അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. സൈനികനാണ് തന്നെ ഉപദ്രവിച്ചതെന്ന പൊതുജനങ്ങളുടെ ആരോപണം കുട്ടി നിഷേധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോഴാണ് പെണ്‍കുട്ടി തന്നെ ഒരു സൈനികനും പീഡിപ്പിച്ചില്ലെന്ന് മൊഴി കൊടുത്തത്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നത് ഇങ്ങനെയാണ്: ഏപ്രില്‍ 12ന് സകൂളില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം വരികയായിരുന്ന പെണ്‍കുട്ടി ഹാന്ത്‌വാരയിലുള്ള ഒരു പൊതു ശൗചാലയത്തില്‍ കയറി. തുടര്‍ന്ന് പുറത്തേക്ക് വന്ന കുട്ടിയെ രണ്ടു ആണ്‍കുട്ടികള്‍ ചേര്‍ന്ന് തടഞ്ഞു നിര്‍ത്തുകയും ഉപദ്രവിക്കുകയും വലിച്ചിഴക്കുകയും ബാഗു പിടിച്ചു വാങ്ങുകയും ചെയ്തു. അതില്‍ ഒരാള്‍ സ്‌കൂള്‍ യൂണിഫോമിലായിരുന്നു.

ജമ്മുകാശ്മീര്‍ ഹൈക്കോടതി ഉത്തരവു പ്രകാരമാണ് പെണ്‍കുട്ടിയും പിതാവും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരായത്. കുട്ടിയുടെ മൊഴിയില്‍ പറയുന്ന രണ്ടാമത്തെ ആണ്‍കുട്ടികായി തിരച്ചില്‍ നടക്കുകയാണ്. പ്രാഥമിക അന്വേഷണത്തില്‍ രണ്ടു ആണ്‍കുട്ടികളിലൊരാളുടെ പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചിരുന്നു എന്ന് വ്യക്തമാകുന്നുണ്ട്. എന്നാല്‍ രണ്ടാമത്തെ കുട്ടിയെ കൂടി പിടികൂടിയാല്‍ മാത്രമേ കേസ് പൂര്‍ണമായി തെളിയിക്കാന്‍ കഴിയുള്ളു എന്ന് കേസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. അതേസമയം ഹാന്ത്‌വാരയിലെയും പരിസരപ്രദേശങ്ങളിലെയും നിരോധനം ഇപ്പോഴും തുടരുകയാണ്. ജനങ്ങളോട് സമാധാനം പുനസ്ഥാപിക്കണമെന്നും ഹാന്ത്‌വാരയിലും കുപ്പ്‌വാരയിലും നടന്ന കലാപങ്ങളുടെ ഉത്തരവാദികള്‍ക്ക് കഠിനമായ ശിക്ഷനല്‍കുമെന്നും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അറിയിച്ചു.
അതേ സമയം കാശ്മീരില്‍ ഇന്ന് പ്രധാമനന്ത്രി സന്ദര്‍ശനം നടത്തുന്നുണ്ട്. സംസ്ഥാനത്ത് കനത്ത പ്രതിഷേധം കെട്ടടങ്ങി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്ന് അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിന് എത്തുന്നത്. ജമ്മുവില്‍ തീര്‍ത്ഥാടക സംഘം നിര്‍മിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനത്തിനായിട്ടാണ് മോഡി എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here