Connect with us

National

ശബരിമലയിലെ സ്ത്രീ പ്രവേശനം തടയാനാകില്ലെന്ന് അമിക്കസ്‌ക്യൂറി

Published

|

Last Updated

ന്യൂഡല്‍ഹി:ശബരമിലയില്‍ സ്ത്രീ പ്രവേശനം തടയാനാകില്ലെന്ന് വാദിച്ച് അമിക്കസ്‌ക്യൂറി വീണ്ടും സുപ്രീം കോടതിയില്‍. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കുന്നതിനിടയിലാണ് അമിക്കസ്‌ക്യൂറി വീണ്ടും നിലപാട് ശക്തമാക്കിയത്.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാന്‍ ഭരണഘടനാപരമായി സാധിക്കില്ലെന്ന് ഹരജി പരിഗണിക്കവെ അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രന്‍ കോടതിയെ അറിയിച്ചു. ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ അനുസരിച്ച് സ്ത്രീകള്‍ക്ക് പുരുഷന് തുല്യമായി ആരാധന നടത്താനുള്ള സ്വാതന്ത്രമുണ്ട്. ഇത് ലംഘിക്കപ്പെടുന്നത് ഭരണഘനാവിരുദ്ധവുമാണ്. എല്ലാവരുടെയും ക്ഷേത്രമായതിനാല്‍ സ്ത്രീകള്‍ അവിടെ വരുന്നതു തടയാന്‍ കഴിയില്ലെന്നും അമിക്കസ്‌ക്യൂറി വ്യക്തമാക്കി. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ അകറ്റിനിര്‍ത്തുന്നത് അപമാനകരമാണെന്ന് വ്യക്തമാക്കിയ അമിക്കസ്‌ക്യൂറി, ശാരീരികമായ അവസ്ഥയുടെ പേരില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. ഭരണഘടനയുടെ 25ാം അനുച്ഛേദം അനുസരിച്ച് എല്ലാ വിശ്വാസികളെയും ഒരുപോലെ നിരീക്ഷിക്കണമെന്ന് അദ്ദേഹം വാദിച്ചു. ലിംഗപരമോ മതപരമോ ആയ വിവേചനവും വര്‍ഗവിവേചനമായതിനാല്‍ ശബരിമലയില്‍ സ്ത്രീക്കുള്ള വിലക്കും വിവേചനമാണ്. എല്ലാ പൊതുസ്ഥാപനങ്ങളും ഒരു പൗരന് അനുവദിക്കപ്പെടണം. ഭരണഘടനാപരമായ ഈ അവകാശം നിലനില്‍ക്കുന്നിടത്തോളം ഇത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കേണ്ടത് സര്‍ക്കാറിന്റെയും പൊതുസമൂഹത്തിന്റെയും കൂടി ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലിംഗവിവേചനമല്ല, പ്രായപരിധി വെച്ചതാണെന്ന എതിര്‍കക്ഷിയുടെ വാദവും അമിക്കസ്‌ക്യൂറി അംഗീകരിച്ചില്ല. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ളവര്‍ക്കിടയിലെ ജീവശാസ്ത്രപരമായ മാറ്റം പരിഗണിച്ചാണെന്ന് പറയുമ്പോള്‍ അതില്‍ പുരുഷന്മാരില്ലെന്നും സ്ത്രീകള്‍ മാത്രമേയുള്ളൂവെന്നും മനസ്സിലാക്കണം. ലിംഗസമത്വമെന്നത് ഭരണഘടനയിലെ അടിസ്ഥാനതത്വമാണ് അത് തടയാനാകില്ലെന്ന് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു. ഭരണഘടനാപരമായി സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതില്‍ തെറ്റുണ്ടോയെന്ന് മാത്രമാണ് കോടതി പരിശോധിക്കുന്നത്. വിശ്വാസങ്ങളും പരമ്പരാഗത ആചാരങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകളെ പ്രവേശിപ്പിക്കണോ അതോ വേണ്ടയോ എന്ന കാര്യത്തില്‍ കോടതി ഇടപെടുന്നില്ലെന്നും ബഞ്ച് വ്യക്തമാക്കി.
ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. കാമിനി ജെയ്സ്വാളിന്റെ വാദം പൂര്‍ത്തിയായി. ശബരിമലയില്‍ നിശ്ചിത പ്രായത്തിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് പ്രഥമദൃഷ്ട്യാ ഭരണഘടനാവിരുദ്ധമാണെന്ന് കഴിഞ്ഞയാഴ്ച ഹരജി പരിഗണിക്കവേ കോടതി നിരീക്ഷിച്ചിരുന്നു.