മെഡിറ്ററേനിയന്‍ കടലില്‍ കപ്പല്‍ മുങ്ങി; 400 മരണം

Posted on: April 18, 2016 8:16 pm | Last updated: April 19, 2016 at 7:47 pm
SHARE

MEDITERANIAN SEAറോം:  അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ടുകള്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി നാനൂറോളം പേര്‍ മരിച്ചു. ഈജിപ്തില്‍ നിന്ന് ഇറ്റലി വഴി യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്ക് പോകുന്നതിനിടെയാണ് അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ടുകള്‍ മുങ്ങിയത്. സൊമാലിയ, എത്യോപ്യ, എരിത്രിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അഭയാര്‍ഥികള്‍. ഇവരില്‍ ഭൂരിഭാഗവും സൊമാലിയയില്‍ നിന്നുള്ളവരാണ്.നാനൂറിലധികം പേര്‍ അപകടത്തില്‍ മരിച്ചതായി ഈജിപ്തിലെ സൊമാലി അംബാസിഡര്‍ പറഞ്ഞു. വേണ്ടത്ര സജ്ജീകരണങ്ങളില്ലാത്ത നാല് ബോട്ടുകളിലായാണ് അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്നത്. ഈ നാല് ബോട്ടുകളും മുങ്ങിയതായാണ് റിപ്പോര്‍ട്ട്.
നിരവധി പേര്‍ മെഡിറ്ററേനിയന്‍ കടലിലുണ്ടായ അപകടത്തില്‍ മരിച്ചതായി ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മെറ്റരല്ല പറഞ്ഞു. അപകടത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു ഇതിനു മുമ്പ് വരെ ഇറ്റാലിയന്‍ തീരദേശ സേന പറഞ്ഞത്.
108 പേരെ രക്ഷപ്പെടുത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. എണ്ണൂറിലധികം പേരുമായി സഞ്ചരിച്ച മത്സ്യബന്ധന ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി ഒരു വര്‍ഷം ആകുമ്പോഴാണ് വീണ്ടും അഭയാര്‍ഥി ദുരന്തമുണ്ടായത്. ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐ ഒ എം) റിപ്പോര്‍ട്ട് പ്രകാരം കുടിയേറ്റക്കാരും അഭയാര്‍ഥികളുമായി 1,77,207 പേരാണ് കഴിഞ്ഞ വര്‍ഷം മാത്രം യൂറോപ്പിലെത്തിയത്. 732 പേര്‍ അപകടങ്ങളില്‍ മരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ഭൂരിഭാഗം അഭയാര്‍ഥികളും പഴയ മത്സ്യബന്ധന ബോട്ടുകള്‍ ഉപയോഗിച്ച് ലിബിയ വഴിയാണ് ഇറ്റലിയിലേക്ക് കടക്കുന്നത്. ഈജിപ്ത് വഴിയും അഭയാര്‍ഥികള്‍ യൂറോപ്പിലേക്ക് കടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here