വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ നിന്നും സെല്‍ഫി ; പങ്കജ് മുണ്ഡെ വിവാദത്തില്‍

Posted on: April 18, 2016 2:37 pm | Last updated: April 18, 2016 at 3:56 pm
SHARE

pankaj mundeമുംബൈ: വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ നിന്നും സെല്‍ഫി ചിത്രം പകര്‍ത്തിയ മഹാരാഷ്ട്ര ബിജെപി മന്ത്രി പങ്കജ് മുണ്ഡെ വിവാദത്തില്‍. അതീവ വരള്‍ച്ചാ ബാധിത പ്രദേശമായ ലത്തൂരില്‍ നിന്നുമാണ് പങ്കജ് മുണ്ഡെ ചിത്രം പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോ വൈറല്‍ ആവുകയും പങ്കജയുടെ നടപടിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. ലാത്തൂരിലെ പാവപ്പെട്ട കര്‍ഷകരുടെ അവസ്ഥ മനസിലാക്കുന്നതിനു പകരം അപക്വമായ പ്രവൃത്തിയാണ് പങ്കജയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് പലകോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. വിമര്‍ശകരുടെ എണ്ണം വര്‍ധിച്ചതോടെ നദിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്തു നിന്ന് എന്ന് വ്യക്തമാക്കുന്ന തരത്തില്‍ മറ്റു ചില ചിത്രങ്ങള്‍ കൂടി മന്ത്രി ട്വിറ്ററില്‍ പോസ്റ്റു ചെയ്തു.


ബിജെപി പാര്‍ട്ടി മുഴുവനായും സെല്‍ഫി പാര്‍ട്ടിയാണെന്നും അതീവ വരള്‍ച്ചയെന്ന അവസ്ഥയെ പരിഹസിക്കുന്ന തരത്തിലുള്ളതാണ് മുണ്ഡെയുടെ സെല്‍ഫിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നതിനു പകരം സെല്‍ഫി പോസ്റ്റ്
ചെയ്യുന്നത് ശരിയായ പ്രതികരണമല്ലെന്നും മന്ത്രിയെന്ന നിലയക്ക് പങ്കജ് മുണ്ഡെ ഇത് ഒഴിവാക്കണമായിരുന്നുവെന്നും ആര്‍എസ്എസ് നേതാവ് മനീഷ കയാണ്ടെ പ്രതികരിച്ചു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനു മുന്‍പ് നേതാക്കള്‍ ഒന്ന് ആലോചിച്ചു നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിശിവസേന മന്ത്രിസഭയിലെ ജലവിഭവ സംരക്ഷണം, ഗ്രാമവികസനം, എന്നീ പ്രധാനവകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് പങ്കജ് മുണ്ഡെ. എന്നാല്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കി വരള്‍ച്ചാദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്കു വേണ്ടി പ്രയത്‌നിക്കണമെന്ന് മുണ്ഡെ അഭ്യര്‍ത്ഥിച്ചു.
മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും നരേന്ദ്ര മോദി മന്ത്രിസഭയില്‍ അംഗവുമായിരുന്ന അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here