Connect with us

Kannur

തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് മദ്യദുരന്തത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് മദ്യദുരന്തം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതിനെതിരെ കനത്ത ജാഗ്രത പാലിക്കാന്‍ ജില്ലാ എക്‌സൈസ് മേധാവികള്‍ക്ക് എക്‌സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്ക് വന്‍തോതില്‍ വ്യാജമദ്യം എത്താന്‍ സാധ്യതയുണ്ടെന്നും ഇത് മദ്യദുരന്തത്തിന് വഴിവെക്കുമെന്നുമാണ് അധികൃതര്‍ക്ക് ലഭിച്ച വിവരം. അതേസമയം, രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വ്യാജമദ്യ ദുരന്തമുണ്ടാക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് നീക്കങ്ങളുണ്ടായേക്കുമെന്നും എക്‌സൈസ് മേധാവികള്‍ സംശയിക്കുന്നു.

മദ്യദുരന്ത സാധ്യത കണക്കിലെടുത്ത് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന മുമ്പത്തേക്കാളും കര്‍ശനമാക്കിയിട്ടുണ്ട്. സ്പിരിറ്റ് കടത്ത് അടക്കമുള്ള അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ ഇതിന്റെ ഭാഗമായി നിരീക്ഷിച്ചുവരികയാണ്. നിരന്തരം പരിശോധന നടത്തിയിട്ടും ഗോവയില്‍ നിന്നും മാഹിയില്‍ നിന്നും അനധികൃത വിദേശമദ്യം വന്‍തോതില്‍ എത്തുന്നുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഇത് സ്ഥിതിഗതികള്‍ രൂക്ഷമാണെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. സ്പിരിറ്റ് കൊണ്ടുവന്ന് വ്യാജമദ്യമുണ്ടാക്കുന്ന രണ്ട് കേന്ദ്രങ്ങള്‍ ആലുവയിലും മൂവാറ്റുപുഴയിലും അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതേപോലെ മറ്റ് കേന്ദ്രങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.

കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ നിരവധി മദ്യദുരന്തങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. എന്നിട്ടും പോലീസും എക്‌സൈസും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. വ്യാജമദ്യ ലോബിയും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിന് കാരണമെന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മദ്യദുരന്തങ്ങള്‍ക്ക് കാരണമാകുന്നത് മീതനോള്‍ എന്നും മീതൈല്‍ ആല്‍ക്കഹോള്‍ എന്നും അറിയപ്പെടുന്ന വീര്യമേറിയ സ്പിരിറ്റാണ്. വീര്യം കൂട്ടാനാണ് ഇവ കള്ളില്‍ ചേര്‍ക്കുന്നത്.

കൂട്ടിന് എവിടെയെങ്കിലും പാളിച്ച സംഭവിച്ചാല്‍ പിന്നെ കൂട്ട മരണം ഉറപ്പ്. മീതനോള്‍ എന്ന വിഷകരമായ ദ്രാവകം കേരളത്തില്‍ ഉത്പാദിപ്പിക്കുന്നില്ലെങ്കിലും ആശുപത്രികളില്‍ നിന്നും ഫാര്‍മസ്യൂട്ടിക്കല്‍ ഏജന്‍സികളില്‍ നിന്നുമാണ് വ്യാജമദ്യ ലോബികള്‍ സംഘടിപ്പിക്കുന്നത്. കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കുറഞ്ഞ വിലയ്ക്കും മീതനോള്‍ ലഭ്യമാകുന്നുണ്ട്. ഈ ദ്രാവകത്തിന്റെ അപകടശേഷി മൂലം മിക്ക സംസ്ഥാനങ്ങളും ഇത് വില്‍ക്കുന്നതും കൈവശം വെക്കുന്നതും നിരോധിച്ചിട്ടുണ്ട്. 1996ല്‍ കേരളാ പോയ്‌സണ്‍ റൂള്‍സ് എന്ന പേരില്‍ നിയമം സംസ്ഥാനത്ത് പാസാക്കിയെങ്കിലും ആള്‍ കേരളാ സയന്‍സ്, സര്‍ജിക്കല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ നിയമത്തെ ചോദ്യം ചെയ്തു. അവരുടെ ന്യായങ്ങള്‍ പരിഗണിച്ച് കോടതി ഈ നിയമം സ്‌റ്റേ ചെയ്തു. എന്നാല്‍ വീണ്ടും ഹര്‍ജി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല.
1982 ല്‍ വൈപ്പിനില്‍ നടന്ന വ്യാജമദ്യ ദുരന്തമാണ് കേരളത്തെ ഞെട്ടിപ്പിച്ച ഈ ഗണത്തിലെ പ്രധാന സംഭവം. ദുരന്തത്തില്‍ 78 പേരാണ് ദാരുണമായി മരിച്ചത്. 63 പേരുടെ കാഴ്ച്ച നഷ്ടപ്പെട്ടു. കൊല്ലം ജില്ലയിലെ കല്ലുവാതുക്കലില്‍ നടന്ന മദ്യദുരന്തത്തില്‍ 35 പേരാണ് കൊല്ലപ്പെട്ടത്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തുണ്ടായ ദുരന്തത്തില്‍ 25 പേരും മരിച്ചു.

എക്‌സൈസും പോലീസും മദ്യലോബിക്ക് കൂട്ടുനില്‍ക്കുമ്പോള്‍ മദ്യ-കഞ്ചാവ് മാഫിയകളുടെ പറുദീസയാവുകയാണ് കേരളം. കൊല്ലം ജില്ലയില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന മദ്യദുരന്തങ്ങള്‍ മാത്രം മതി ഇതിന്റെ ഭീകരമുഖം വ്യക്തമാക്കാന്‍. പുനലൂര്‍, ഏറം മദ്യദുരന്തം, തെന്മല, വെഞ്ചൂര്‍ ഫാളോറന്‍സ് എസ്‌റ്റേറ്റ് മദ്യദുരന്തങ്ങള്‍, കല്ലുവാതുക്കല്‍ മദ്യദുരന്തം, പള്ളിക്കല്‍, പട്ടാഴി, കുപ്പണ മദ്യദുരന്തങ്ങള്‍, എന്നിവയില്‍ ജില്ലയില്‍ നൂറിലധികം ജീവനുകളാണാ പൊലി ഞ്ഞത്. മറ്റ് മാറാരോഗങ്ങളും ബാധിച്ചവരും ഏറെയാണ്. മാസപ്പടി പറ്റുന്ന വകുപ്പ് മേധാവികളും രാഷ്ട്രീയക്കാരും ഒപ്പമുള്ളപ്പോള്‍ വനമേഖലയും ഒറ്റപ്പെട്ട വീടുകളും കേന്ദ്രമാക്കി വ്യാപകമായ വ്യാജച്ചാരായ നിര്‍മാണമാണ് നടന്നുകൊണ്ടിരിക്കുന്നത്.

വ്യാജമദ്യവും കള്ളും സംസ്ഥാനത്ത് വ്യാപകമാകുന്നതായും എക്‌സൈസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഈ മാഫിയകളുമായി രഹസ്യ ബന്ധമുണ്ടെന്നും വകുപ്പുമന്ത്രി സമ്മതിച്ചിട്ടുള്ള കാര്യമാണ്. ആര്യങ്കാവ് ചെക്ക്‌പോസ്റ്റ് കടന്ന് ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് കേരളത്തിലേക്ക് എത്തുന്നത്. എന്നാല്‍ കാര്യമായ പരിശോധനകള്‍ കൂടാതെയാണ് ഇവിടെ നിന്നും വാഹനങ്ങള്‍ കടന്നുപോകുന്നത്. വാളയാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്പിരിറ്റ് കടത്തികൊണ്ടുപോകുന്ന ചെക്ക് പോസ്റ്റാണ് ആര്യങ്കാവ്. ഇവിടെ വാഹന പരിശോധനക്ക് ആവശ്യമായ യാതൊരു ഉപകരണങ്ങളും ഇല്ല. തിരുവനന്തപുരം ജില്ലയില്‍ മാത്രം 12 ചെക്ക് പോസ്റ്റുകളുണ്ട്. എന്നാല്‍ ഈ ചെക്ക് പോസ്റ്റുകള്‍ വഴി വ്യാജമദ്യക്കടത്ത് തടയാന്‍ വേണ്ടത്ര ഉദ്യോഗസ്ഥരോ, ഉള്ള ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ വാഹനങ്ങളോ, വാര്‍ത്താ വിനിമയസംവിധാനങ്ങളോ, ആയുധങ്ങളോ ഇല്ല. എക്‌സൈസ് ഗാര്‍ഡുകളുടെ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടന്നിട്ടില്ല. ആവശ്യത്തിന് എക്‌സൈസ് ഡ്രൈവര്‍മാരെയും നിയമിച്ചിട്ടില്ല. അബ്കാരി കേസുകള്‍ തടയാന്‍ പ്രത്യേക അബ്കാരി കോടതികള്‍ സ്ഥാപിക്കുക, എക്‌സൈസ് ഉദ്യോഗസ്ഥരെ ആവശ്യത്തിന് നിയമിക്കുക, എക്‌സൈസ് വകുപ്പിനെ ആധുനികവത്ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഇതുവരെയും നടപ്പിലായിട്ടില്ലെന്നാണ് സംഘടനാ നേതാക്കളുടെ പരാതി.

Latest