പത്ത് മത്സരം..പത്ത് മണ്ഡലം , ഇത് എം വി ആര്‍ സ്റ്റൈല്‍

Posted on: April 18, 2016 1:19 pm | Last updated: April 21, 2016 at 2:40 pm
SHARE

M V RAGHAVANകോഴിക്കോട്: ഒരേ മണ്ഡലത്തില്‍ നിന്ന് നിരവിധി തവണ ജയിച്ച് കയറി റെക്കോര്‍ഡ് സ്ഥാപിച്ചവരാണ് ഉമ്മന്‍ചാണ്ടിയും കെ എം മാണിയും കെ സി ജോസഫുമൊക്കെ. എന്നാല്‍ സി എം പി സ്ഥാപകനും മുന്‍ മന്ത്രിയുമായ എം വി രാഘവന്‍ ഓരോ തിരഞ്ഞെടുപ്പിലും ഓരോ മണ്ഡലത്തില്‍ മത്സരിച്ചാണ് റൊക്കോര്‍ഡിട്ടത്.

1970 മുതല്‍ നടന്ന പത്ത് തിരഞ്ഞെടുപ്പുകളിലും മത്സരിച്ചു. പത്തും പത്ത് മണ്ഡങ്ങളില്‍. ഏഴിടത്ത് നിന്ന് ജയിച്ചു. രണ്ട് തവണ മന്ത്രിയുമായി. മൂന്ന് തവണ തോല്‍വി. 1970ല്‍ അന്നത്തെ മാടായി മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മാടായിയില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നെ 77 ല്‍ തളിപ്പറമ്പിലും 80 ല്‍ കൂത്തുപറമ്പിലും 82 ല്‍ പയ്യന്നൂരിലും സി പി എം സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചു.

സി പി എമ്മില്‍ നിന്ന് പുറത്തായതിന് ശേഷം 1987 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ച് ജയിച്ചു. അത്തവണ മന്ത്രിയുമായി. 91 ല്‍ കഴക്കൂട്ടത്ത് നിന്ന് ജയിച്ചുവെങ്കിലും 96 ല്‍ ആറന്മുളയില്‍ വെച്ച് ആദ്യമായി പരാജയത്തിന്റെ കയ്പ്പറിഞ്ഞു. കൂത്ത്പറമ്പ് വെടിവെപ്പിന് ശേഷം നടന്ന തിരഞ്ഞെടുപ്പായിരുന്നു അത്.
പിന്നീട് 2001 ല്‍ തിരുവനന്തപുരം വെസ്റ്റില്‍ നിന്ന് ജയിച്ച് വീണ്ടും മന്ത്രിയുമായി. 2006 ല്‍ പുനലൂരിലും 2011 ല്‍ നെന്മാറയിലും മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. പിതാവില്ലാത്ത തിരഞ്ഞെടുപ്പില്‍ മകന്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്.
റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയും എം വി രാഘവന്റെ മകനുമായ എം വി നികേഷ്‌കുമാര്‍ അഴീക്കോട് മണ്ഡലത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. എം വി രാഘവന്‍ സി പി എമ്മില്‍ നിന്ന് പുറത്തായപ്പോള്‍ മത്സരിച്ച് ജയിച്ച മണ്ഡലമാണ് അഴീക്കോട്.
സി പി എമ്മില്‍ നിന്ന് പിതാവ് പിടിച്ചെടുത്ത സീറ്റ് യു ഡി എഫില്‍ നിന്ന് പിടിച്ചെടുത്ത് നല്‍കുക എന്നതാണ് നികേഷ്‌കുമാറിന്റെ നിയോഗം. എം വി രാഘവന്റെ മകള്‍ എം വി ഗിരിജ കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.