Connect with us

Sports

ഐ ലീഗ് ഫുട്‌ബോള്‍: ബെംഗളൂരു ചാമ്പ്യന്മാര്‍

Published

|

Last Updated

ബെംഗളൂരൂ: ബംഗളൂരു എഫ് സി ഐ ലീഗ് ചാമ്പ്യന്മാര്‍. ഗോവന്‍ ക്ലബായ സാല്‍ഗോക്കറിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെയാണ് ബെംഗളൂരൂ ചാമ്പ്യന്മാരായത്. ഇത് രണ്ടാം തവണയാണ് ബെംഗളൂരു ഐ ലീഗ് കിരീടത്തില്‍ മുത്തമിടുന്നത്. ഒരു കളി ബാക്കി നില്‍ക്കെയാണ് ബംഗളൂരുവിന്റെ കിരീടധാരണം.
സാല്‍ഗോക്കറിനെതിരായ മത്സരത്തില്‍ ബെംഗളൂരു തോല്‍ക്കുകയോ സമനിലയാകുകയോ ചെയ്താല്‍, രണ്ടാം സ്ഥാനത്തുള്ള മോഹന്‍ ബഗാന് കിരീട പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ അതിനുള്ള അവസരം നല്‍കാതെ ഛേത്രിയുടെ ടീം കുതിച്ചു. എട്ടാം മിനുട്ടില്‍ ഇന്ത്യന്‍ താരം യുജിംങ്‌സണ്‍ ലിങ്‌ദോ, 87ാം മിനുട്ടില്‍ പകരക്കാരന്‍ സെമിലന്‍ ഡൗണ്‍ഗല്‍ എന്നിവരാണ് ബെംഗളൂരുവിനായി സ്‌കോര്‍ ചെയ്തത്. 15 മത്സരങ്ങളില്‍ പത്ത് ജയങ്ങളും രണ്ട് സമനിലയും മൂന്ന് തോല്‍വിയുമുള്‍പ്പെടെ 32 പോയിന്റ് നേടിയാണ് നീലപ്പട കിരീടമുറപ്പിച്ചത്. നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാന് 15 കളിയില്‍ ഏഴ് ജയവും ആറ് സമനിലയും രണ്ട് തോല്‍വിയുമായി 27 പോയന്റാണുള്ളത്. തോല്‍വിയറിയാതെ പതിനൊന്ന് കളികള്‍ പൂര്‍ത്തിയാക്കി ബഗാന് അപ്രതീക്ഷിതമായി പിണഞ്ഞ രണ്ട് തോല്‍വികളാണ് വിനയായത്. കിരീടം നിലനിര്‍ത്തുമെന്ന് ഏറെക്കുറെ ഉറപ്പിച്ച ഘട്ടത്തിലായിരുന്നു ഈ തോല്‍വികള്‍. ഐസ്വാള്‍ എഫ് സിയും ഈസ്റ്റ് ബംഗാളുമാണ് അവരെ തോല്‍പ്പിച്ചത്. 15 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുള്ള ഈസ്റ്റ് ബംഗാളാണ് മൂന്നാം സ്ഥാനത്ത്.
എ എഫ് സി കപ്പില്‍ നേടിയ തകര്‍പ്പന്‍ ജയം സമ്മാനിച്ച ഊര്‍ജം ബെംഗളൂരുവിന് തുണയായി. 2013ല്‍ അരങ്ങേറ്റ സീസണിലായിരുന്നു ബംഗളൂരുവിന്റെ ആദ്യ കിരീട നേട്ടം. കഴിഞ്ഞ സീസണില്‍ വന്‍ കുതിപ്പ് നടത്തിയെങ്കിലും അവസാന നിമിഷം കാലിടറിയത് കിരീടം അകലെയാക്കുകയായിരുന്നു.

Latest