Connect with us

National

ദേശീയ വിശാല ബദല്‍ ചര്‍ച്ച തുറന്നിട്ട് നിതീഷ്; വെറും സ്വപ്‌നമെന്ന് ആര്‍ എസ് എസ്

Published

|

Last Updated

ന്യൂഡല്‍ഹി:ജനാധിപത്യത്തെ സംരക്ഷിക്കാന്‍ സംഘ്പരിവാര്‍ മുക്ത ഭാരതത്തിനായി ബി ജെ പിയിതര പാര്‍ട്ടികളെല്ലാം ഒന്നിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. ബി ജെ പിയും സംഘ്പരിവാര്‍ ശക്തികളുടെയും ഭിന്നിപ്പിക്കല്‍ പ്രത്യയശാസ്ത്രത്തിനെതിരായി ഒന്നിക്കുകയെന്നതാണ് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഒരേയൊരു മാര്‍ഗമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മതേതര പാര്‍ട്ടികളെല്ലാം ഒന്നിക്കണം. താന്‍ ഒരു പാര്‍ട്ടിക്കും വ്യക്തികള്‍ക്കും എതിരല്ല. ബി ജെ പിയുടെ ഭിന്നിപ്പിക്കല്‍ പ്രത്യയശാസ്ത്രത്തിനെതിരായാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസമില്ല.

എല്‍ കെ അഡ്വാനി, വാജ്‌പേയി, മുരളി മനോഹര്‍ ജോഷി എന്നിവരെ അരുകിലേയ്‌ക്കൊതുക്കി മതേതരത്വത്തിലും സാമൂഹിക മൈത്രിയിലും വിശ്വാസമില്ലാത്തവര്‍ അധികാരം കൈയാളിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മതേതര പാര്‍ട്ടികള്‍ ഒന്നിക്കണം. അവര്‍ക്കിടയില്‍ യോജിക്കാനുള്ള എറ്റവും നല്ല അവസരം ഇപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപാര്‍ട്ടികളുമായി യോജിച്ചുപോകാന്‍ തയ്യാറാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
2019ലെ പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ രാജ്യത്തെ ഇടതു പാര്‍ട്ടികളും പ്രദേശിക പാര്‍ട്ടികളും ചേര്‍ന്ന് ബി ജെ പിവിരുദ്ധ സഖ്യം രൂപവത്കരിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അതേസമയം, നിതീഷ് കുമാറിന്റെ സംഘമുക്ത ഭാരതമെന്ന മുദ്രാവാക്യത്തെ വിമര്‍ശിച്ച് ആര്‍ എസ് എസ് രംഗത്തെത്തി. ആര്‍ എസ് എസ് നേതാവ് രാകേഷ് സിന്‍ഹയാണ് സംഘ്പരിവാര്‍ മുക്ത ഭാരതമെന്ന പ്രസ്താവനയെ വിമര്‍ശിച്ചത്. സംഘമുക്ത ഭാരത് എന്നത് സാധ്യമല്ല. നിതീഷ് കുമാറിന്റെത് മനോഹരമായ സ്വപ്‌നമാണെന്ന് സിന്‍ഹ പറഞ്ഞു.