ഇറാനില്‍ തട്ടി ദോഹ ചര്‍ച്ച തകര്‍ന്നു; എണ്ണ പ്രതിസന്ധി തുടരും

Posted on: April 18, 2016 9:24 am | Last updated: April 18, 2016 at 2:40 pm

oilദോഹ:എണ്ണ വിലയിടിവ് ഗള്‍ഫ് മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ദോഹയില്‍ ചേര്‍ന്ന ഉച്ചകോടി തീരുമാനമാകാതെ പിരിഞ്ഞു. എണ്ണ ഉത്പാദനം മരവിപ്പിക്കുന്ന തീരുമാനത്തില്‍ ഇറാനുള്‍പ്പെടെയുള്ള ഒപെക് രാജ്യങ്ങള്‍ ചേരണമെന്ന സഊദി ആവശ്യത്തെത്തുടര്‍ന്ന് ഇന്നലെ ദോഹയില്‍ ചേര്‍ന്ന എണ്ണയുത്പാദക രാജ്യങ്ങളുടെ യോഗം പ്രഖ്യാപനമില്ലാതെ അവസാനിക്കുകയായിരുന്നു.

എണ്ണ വിലയിടിവിന് പരിഹാരം കാണാന്‍ ജനുവരിയിലെ നിലയിലേക്ക് ഉത്പാദനം മരവിപ്പിക്കുന്ന തീരുമാനമെടുക്കുന്നതിനായിരുന്നു അനൗദ്യോഗിക ധാരണ. എന്നാല്‍, ഇറാന്‍ കൂടി ചേരുകയാണെങ്കില്‍ മാത്രമേ ഉത്പാദനം മരവിപ്പിക്കാനുള്ള ധാരണയിലേക്കു വരാനാകൂ എന്ന് യോഗത്തില്‍ സഊദി നിലപാടെടുക്കുകയായിരുന്നു. നേരത്തേ ഇറാനെ അവഗണിച്ചും മുന്നോട്ടു പോകാന്‍ സഊദി സന്നദ്ധമായിരുന്നു. ഒപെക് അംഗങ്ങളും അല്ലാത്തവരുമായ 18 രാജ്യങ്ങളാണ് ഇന്നലെ ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. ഇറാന്‍ പങ്കെടുക്കുന്നില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു.
എല്ലാ ഒപെക് രാജ്യങ്ങളും തീരുമാനത്തില്‍ പങ്കുചേരുന്നുവെങ്കില്‍ മാത്രമേ കരാറില്‍ ഒപ്പുവെക്കൂ എന്ന് സഊദി തീരുമാനമെടുത്തതിനെത്തുടര്‍ന്നാണ് യോഗം നീട്ടിവെച്ചതെന്ന് ഒപെക് വൃത്തങ്ങള്‍ പറഞ്ഞു. ഉച്ചകോടിയില്‍ ഒപ്പു വെക്കാനായി തയ്യാറാക്കിയ കരാറിന്റെ കരടില്‍ നിശ്ചയിക്കുന്ന ലെവലില്‍ ഉത്പാദനം മരവിപ്പിക്കാന്‍ ഒപെക്, ഒപെക് ഇതര ഉത്പാദക രാജ്യങ്ങള്‍ കരാറിലെത്തണം എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
അതേമസമയം, ഉത്പാദനം മരവിപ്പിക്കാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ടെന്നും എന്നാല്‍ അതിനെ കരാര്‍ എന്നു വിളിക്കാമോ എന്നു പറയാന്‍ കഴിയില്ലെന്നും വിദഗ്ധരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് അഭിപ്രായപ്പെട്ടു. ഉത്പാദനം മരവിപ്പിക്കാനുള്ള കൂട്ടായ തീരുമാനം ഇല്ലാതിരുന്നത് വിപണിയില്‍ വില തിരിച്ചു വരുന്നതിനെ തടസ്സപ്പെടുത്തുമെന്നും ഇത് ലാറ്റിനമേരിക്കന്‍ ഉത്പാദനത്തെ സ്വാധീനിക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു.
എണ്ണവില സമീപ ചരിത്രത്തിലെ വലിയ പതനത്തിലേക്കു കൂപ്പുകുത്തിയപ്പോള്‍ വില പിടിച്ചു നിര്‍ത്താനുള്ള നടപടികളുടെ ഭാഗമായാണ് ഖത്വര്‍ ആഭിമുഖ്യത്തില്‍ ഉത്പാദക രാജ്യങ്ങളുടെ യോഗം വിളിച്ചു ചേര്‍ത്തത്.
റഷ്യ, സഊദി, വെനിസ്വേല, ഖത്വര്‍ എന്നീ രാജ്യങ്ങള്‍ ഫെബ്രുവരിയില്‍ യോഗം ചേര്‍ന്ന് ജനുവരി ലെവലില്‍ ഉത്പാദനം മരവിപ്പിക്കാന്‍ ധാരണയിലെത്തിയിരുന്നു. ഈ ധാരണയിലേക്ക് മറ്റു ഉത്പാദക രാജ്യങ്ങളെക്കൂടി കൊണ്ടുവരിക കൂടിയായിരുന്നു ദോഹ ഉച്ചകോടിയുടെ ഉന്നം. ഉത്പാദനം നിയന്ത്രിക്കാനുള്ള ധാരണയുടെ സ്വാധീനം വിപണിയില്‍ പ്രകടമായിരുന്നുവെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ആഴ്ചകളില്‍ ക്രൂഡ് ഓയില്‍ വില തിരിച്ചു കയറിയിരുന്നു.
ഇന്നലെ ബാരലിന് 45 ഡോളറാണ് ബ്രെന്റ് ഓയില്‍ വില രേഖപ്പെടുത്തിയത്. ഇത് ജനുവരിയിലെ വിലയേക്കാള്‍ 60 ശതമാനം ഉയര്‍ന്നതാണ്. 2014ല്‍ ബാരലിന് 115 അമേരിക്കന്‍ ഡോളര്‍ എന്ന നിലയില്‍നിന്നാണ് ഈ വര്‍ഷം ജനുവരിയില്‍ 30 ഡോളര്‍ നിലയിലക്ക് ഇടിഞ്ഞിരുന്നത്. എണ്ണവിലയിടിവ് ഗള്‍ഫ് നാടുകളെ ആഴത്തില്‍ ബാധിച്ചിരുന്നു. ഖത്വറില്‍ മാത്രം ഇന്ത്യക്കാരുള്‍പ്പെടെ ആയിരങ്ങള്‍ക്ക് ജോലി നഷ്്ടപ്പെട്ടു. സഊദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രാദേശിക വിപണിയില്‍ എണ്ണവില കൂട്ടുകയും ചെലവു ചുരുക്കാനുള്ള തീരുമാനവുമെടുത്തു.
പുതിയ സാഹചര്യത്തില്‍ അമേരിക്കക്ക് അനുകൂല സമീപനം പുലര്‍ത്തുകയാണ് ഇറാന്‍. അമേരിക്കക്ക് ഇപ്പോള്‍ വില കുറക്കുന്നതിനോട് താത്പര്യമില്ല. ഇതിന്റെ ഭാഗം കൂടിയാണ് ഇറാന്റെ ഇപ്പോഴത്തെ നിലപാട്.