Connect with us

Kerala

മൂന്നാര്‍ കൈയ്യേറ്റം: സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി

Published

|

Last Updated

മൂന്നാര്‍:മൂന്നാര്‍ അനധികൃത കൈയേറ്റ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് റിസോര്‍ട്ടുകള്‍ ഒഴിപ്പിച്ചത് നിയമവിരുദ്ധമായിരുന്നെന്ന വിധി റദ്ദാക്കണമെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. റിസോര്‍ട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂസംരക്ഷണ നിയമപ്രകാരമാണ് റിസോര്‍ട്ടുകള്‍ ഏറ്റെടുത്തതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വേനലവധിക്കു ശേഷം ഹര്‍ജി പരിഗണിക്കും.

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിച്ച ഇടത് സര്‍ക്കാരിന്റെ നടപടി കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഹൈക്കോടതി റദ്ദാക്കിയത്. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തെ ഒഴിപ്പിക്കല്‍ നിയമ വിരുദ്ധമാണെന്നും നിയമ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഇതുമായി മുന്നോട്ട് പോയതെന്നും ഹോട്ടലുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഈ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. റിസോര്‍ട്ട് പൊളിച്ചതിനെ ചോദ്യം ചെയ്ത് പള്ളിവാസല്‍ വില്ലേജിലെ മൂന്നാര്‍ വുഡ്‌സ്, ചിന്നക്കനാലിലെ ക്ലൗഡ് 9, ആനവിരട്ടി വില്ലേജിലെ അബാദ് റിസോര്‍ട്‌സ് എന്നിവരായിരുന്നു ഹരജി നല്‍കിയത്.

2007ല്‍ വി.എസ് അച്യൂതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മൂന്നാറിലെ അനധികൃത കെട്ടിടങ്ങളും റിസോര്‍ട്ടുകളും ഒഴിപ്പിക്കാനുള്ള നീക്കമാരംഭിച്ചത്. കെ. സുരേഷ്‌കുമാര്‍, രാജുനാരായണ സ്വാമി, ഋഷിരാജ് സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് ഒഴിപ്പിക്കലിന് നേതൃത്വം നല്‍കിയത്. ചിന്നക്കനാലിലെ ക്ലൗഡ് നയന്‍ റിസോര്‍ട്ട് പൊളിച്ചതിന് 10 ലക്ഷം രൂപ താല്‍കാലിക നഷ്ടപരിഹാരം നല്‍കണമെന്നും അബാദ്, മൂന്നാര്‍ വുഡ്‌സ് റിസോര്‍ട്ട് ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കണമെന്നുമുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി കഴിഞ്ഞ ഡിസംബറില്‍ ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്.

---- facebook comment plugin here -----

Latest