പൊന്നാനി തീരത്ത് കാറ്റിന്റെ ദിശ എങ്ങോട്ട് ?

Posted on: April 17, 2016 2:14 pm | Last updated: April 21, 2016 at 2:40 pm
SHARE
ponnani
പി ശ്രീരാമകൃഷ്ണന്‍, പി ടി അജയ്‌മോഹന്‍, കെ കെ സുരേന്ദ്രന്‍

തിരഞ്ഞെടുപ്പ് കാറ്റില്‍ ഇളകി മറിയുകയാണ് പൊന്നാനി തീരം. എണ്ണിയാല്‍ തീരാത്ത കടല്‍ തിരമാലകളെ പോലെ ആരാകും വിജയിയെന്ന് പ്രവചിക്കുക എളുപ്പമല്ല പൊന്നാനി മണ്ഡലത്തില്‍. അത്രക്കുണ്ട് വീറും വാശിയും. എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി സി പി എമ്മിലെ പി ശ്രീരാമകൃഷ്ണനും യു ഡി എഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിന്റെ പി ടി അജയ്‌മോഹനും പൊന്നാനിയില്‍ നേര്‍ക്കുനേര്‍ വരുന്നത് ഇത് രണ്ടാം തവണയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി ശ്രീരാമകൃഷ്ണന്‍ തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും ഇത്തവണ കച്ച മുറുക്കിത്തന്നെയാണ് അജയ്‌മോഹന്‍ കളത്തിലിറങ്ങിയിരിക്കുന്നത്. 4101 വോട്ടിന്റെ ഭൂരിപക്ഷമാണ് ശ്രീരാമകൃഷ്ണനുണ്ടായിരുന്നത്. അന്ന് യു ഡി എഫിനുള്ളിലെ വിഭാഗീയത അജയ്‌മോഹന് തിരിച്ചടിയുണ്ടാക്കിയെങ്കില്‍ ഇത്തവണ ചിത്രം മാറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. കെട്ടുറപ്പോടെയാണ് ഇത്തവണ യു ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നതിനാല്‍ കുറഞ്ഞ വോട്ടിന് നഷ്ടമായ പൊന്നാനിയില്‍ ജയിച്ച് കയറാമെന്നും കണക്ക് കൂട്ടുന്നു.
ശ്രീരാമകൃഷ്ണനോട് തുടര്‍ച്ചയായി രണ്ട് തവണ പരാജയപ്പെടുന്നത് കെ പി സി സി സെക്രട്ടറി കൂടിയായ അജയ്‌മോഹന് രാഷ്ട്രീയത്തില്‍ തിരിച്ചടിയുണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇരുമുന്നണികളെയും മാറി മാറി തുണച്ച പാരമ്പര്യമുള്ള പൊന്നാനിയിലെ വോട്ടര്‍മാര്‍ ഇത്തവണ ആര്‍ക്കും വിധിയെഴുതും എന്നത് ശ്രദ്ധേയമാണ്. സി പി എം, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് അംഗങ്ങളെ വിവിധ കാലങ്ങളില്‍ നിയമസഭയിലെത്തിച്ച പൊന്നാനി ആര്‍ക്കും കുത്തകയായി നിന്നുകൊടുത്ത ചരിത്രമില്ല.
മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന നാല് സീറ്റുകളിലൊന്നാണ് പൊന്നാനി. നിലമ്പൂരിലും വണ്ടൂരിലും മാത്രമാണ് കഴിഞ്ഞ തവണ വിജയിക്കാനായത്. ഇത്തവണ പൊന്നാനി കൂടി പിടിച്ച് മണ്ഡലങ്ങളുടെ എണ്ണം കൂട്ടാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് ശേഷം സി പി എമ്മാണ് ഇവിടെ ഇടതുപക്ഷത്ത് നിന്ന് മത്സരിക്കാറുള്ളത്. യു ഡി എഫില്‍ നിന്ന് കോണ്‍ഗ്രസും. കുഞ്ഞമ്പു, കുഞ്ഞന്‍, വി പി സി തങ്ങള്‍, കെ ജി കരുണാകര മേനോന്‍, എം വി ഹൈദ്രോസ് ഹാജി, എം പി ഗംഗാധരന്‍, കെ ശ്രീധരന്‍, ഇ കെ ഇമ്പിച്ചിബാവ, പി ടി മോഹനകൃഷ്ണന്‍, പാലോളി മുഹമ്മദ് കുട്ടി, പി ശ്രീരാമകൃഷ്ണന്‍ എന്നിവരാണ് പൊന്നാനിയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍. കോണ്‍ഗ്രസിലെ എം പി ഗംഗാധരന്‍ മൂന്ന് തവണ പൊന്നാനിയില്‍ നിന്ന് നിയമസഭയിലെത്തിയപ്പോള്‍ സി പി എമ്മിലെ പാലോളി മുഹമ്മദ്കുട്ടി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടു. ഇ കെ ഇമ്പിച്ചിബാവ ഒരു തവണ വിജയിച്ചെങ്കില്‍ രണ്ട് തവണ തോല്‍വിയറിഞ്ഞു. സി പി എം നേതാവായ ടി കെ ഹംസയും പൊന്നാനിക്കളരിയില്‍ അടി തെറ്റി വീണിട്ടുണ്ട്.
PONNANI 2ഒരിക്കല്‍ കൂടി പി ശ്രീരാമകൃഷ്ണന്‍ പൊന്നാനിയില്‍ മത്സരിക്കാനിറങ്ങുന്നമ്പോള്‍ വോട്ടര്‍മാര്‍ക്കിടയില്‍ സുപരിചിതന്‍ എന്ന പ്രത്യേകത കൂടിയുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അജയ്‌മോഹനെ പ്രഖ്യാപിച്ചപ്പോഴേക്ക് നേരത്തെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച ശ്രീരാമകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മണ്ഡലത്തില്‍ ആദ്യ ഘട്ടം പിന്നിട്ടിരുന്നു. വികസനം പറഞ്ഞാണ് ഇരു മുന്നണികളും വോട്ട് തേടിയിറങ്ങുന്നത്.
പൊന്നാനി കാര്‍ഗോ തുറമുഖം, നിളാ പൈതൃക പദ്ധതി, കോള്‍മേഖലയിലെ വികസനം എന്നിവയെല്ലാം നേട്ടമായി എല്‍ ഡി എഫ് ഉയര്‍ത്തിക്കാണിക്കുമ്പോള്‍ മത്സ്യതൊഴിലാളികള്‍ ഏറെയുള്ള മണ്ഡലത്തില്‍ വികസന മുരടിപ്പാണ് ഉണ്ടായിട്ടുള്ളതെന്ന് യു ഡി എഫും പറയുന്നു. കേരളം വളരുമ്പോഴും പൊന്നാനി തളരുകയാണ് ചെയ്തതെന്ന മുദ്രാവാക്യമാണ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ യു ഡി എഫ് ഉയര്‍ത്തുന്നത്. അതേ സമയം ഇരു മുന്നണികളുടെ വിജയ പരാജയം നിര്‍ണയിക്കാന്‍ ബി ജെ പിക്ക് ശക്തിയുള്ളതിനാല്‍ കടുത്ത പ്രചാരണവുമായി കെ കെ സുരേന്ദ്രനും രംഗത്തുണ്ട്. ബി ജെ പിയുടെ വി ടി ജയപ്രകാശ് മാസ്റ്റര്‍ 5680 വോട്ടാണ് 2011ല്‍ നേടിയത്. കഴിഞ്ഞ തവണ പി ഡി പിയും വെല്‍ഫെയര്‍ പാര്‍ട്ടിയും ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയെങ്കിലും ഇത്തവണ അവരും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ തവണത്തെ പോലെ എസ് ഡി പി ഐയും മത്സര രംഗത്തുണ്ട്. മലപ്പുറം ജില്ലയില്‍ പി ഡി പിക്ക് സ്വാധീനമുള്ള പ്രധാന മേഖലയായ പൊന്നാനിയില്‍ അവര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ഇടതുപക്ഷത്തിന്റെ വോട്ടിലാണ് വിള്ളലുണ്ടാക്കുക.
ഇതുകൂടി മുന്നില്‍ കണ്ടുള്ള പ്രചാരണമാണ് ഇടതുപക്ഷം നടത്തുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഇടതുപക്ഷത്തിനായിരുന്നു മുന്നേറ്റമുണ്ടായത്. മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബശീറിനേക്കാള്‍ എല്‍ ഡി എഫ് സ്വതന്ത്രനായി മത്സരിച്ച വി അബ്ദുര്‍റഹ്മാന്‍ 7658 വോട്ടിന്റെ ഭൂരിപക്ഷമാണ് പൊന്നാനി മണ്ഡലത്തില്‍ മാത്രം നേടിയത്. പൊന്നാനി നഗരസഭയും അഞ്ച് ഗ്രാമ പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്. നഗരസഭയും നന്നംമുക്ക്, മാറഞ്ചേരി പഞ്ചായത്തുകളും ഭരിക്കുന്നത് ഇടതുപക്ഷമാണ്. പൊന്നാനി നഗരസഭയില്‍ മാത്രം ആറായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടതുപക്ഷത്തിനുള്ളത്. മൂന്ന് പഞ്ചായത്തുകള്‍ യു ഡി എഫ് ഭരിക്കുമ്പോള്‍ നഗരസഭയില്‍ ബി ജെ പിക്ക് മൂന്ന് അംഗങ്ങളുണ്ട്. രണ്ട് പഞ്ചായത്തുകളിലായി ഓരോ സീറ്റുകളും ബി ജെ പിക്ക് സ്വന്തമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here