അറബ് യുവാക്കള്‍ ഇങ്ങനെ ചിന്തിക്കുന്നു

മുല്ലപ്പൂ വിപ്ലവമെന്നും അറബ് വസന്തമെന്നും ആഘോഷിക്കപ്പെട്ട ഭരണമാറ്റ പരമ്പരകള്‍ മേഖലയുടെ ജനാധിപത്യ സ്വപ്‌നങ്ങളെ പ്രതിനിധാനം ചെയ്യുന്നതായിരുന്നില്ലെന്ന തിരിച്ചറിവ് കൂടി സര്‍വേ മുന്നോട്ട് വെക്കുന്നുണ്ട്. പാശ്ചാത്യ ജനാധിപത്യ പരികല്‍പ്പനകളെ അപ്പടി പകര്‍ത്താനുള്ള ശ്രമമായത് കൊണ്ടാണല്ലോ പാശ്ചാത്യ മാധ്യമങ്ങള്‍ മുല്ലപ്പൂ വിപ്ലവത്തെ വാതോരാതെ പുകഴ്ത്തിയത്. മാത്രമല്ല ദീര്‍ഘകാലം അധികാരത്തില്‍ തുടര്‍ന്ന ഭരണാധികാരികളെ പിഴുതെറിയുമ്പോള്‍ സംഭവിക്കുന്ന അധികാര ശൂന്യത നിതാന്തമായ അസ്ഥിരതയിലേക്കാണ് നയിക്കുകയെന്ന് അവര്‍ക്ക് കൃത്യമായി അറിയാമായിരുന്നു. ഭരണമാറ്റ പരമ്പരകള്‍ നടന്ന് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ അറബ് യുവാക്കള്‍ ഈ കൊടും ചതി മനസ്സിലാക്കിയിരുന്നു. ജനാധിപത്യമല്ല, അസ്ഥിരതയാണ് അറബ് വസന്തത്തിന്റെ ആത്യന്തിക ഫലമെന്ന് ആസ്ദാ ബര്‍സണ്‍ മാര്‍സ്‌ടെല്ലര്‍ സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. 2012ല്‍ നടന്ന ഇത്തരമൊരു സര്‍വേയില്‍ 72 ശതമാനം യുവാക്കളും അറബ് വസന്തത്തെ വാഴ്ത്തുകയാണ് ചെയ്തതെന്നോര്‍ക്കണം. വല്ലാത്തൊരു പ്രതീക്ഷാ നഷ്ടത്തിലേക്കാണ്് ഇന്നവര്‍ കൂപ്പു കുത്തിയിരിക്കുന്നത്. ഈ യുവാക്കളെ ഇങ്ങനെ നിരാശാഭരിതരാക്കിയതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്?
Posted on: April 17, 2016 11:23 am | Last updated: April 17, 2016 at 11:23 am

അറബ് ലോകത്തെ യുവാക്കള്‍ എന്ത് ചിന്തിക്കുന്നുവെന്നതിന്റെ പരിച്ഛേദമായി കണക്കിലെടുക്കാവുന്ന വിശദമായ സര്‍വേ ഫലമാണ് കഴിഞ്ഞ ആഴ്ച പുറത്ത് വന്നത്. ആസ്ദാ ബര്‍സണ്‍ മാര്‍സ്‌ടെല്ലര്‍ വാര്‍ഷിക സര്‍വേ ലക്ഷ്യമിട്ടതും കൂടിക്കാഴ്ചകളില്‍ നേരിട്ട് പങ്കെടുപ്പിച്ചതും 18- 24 പ്രായപരിധിയില്‍ പെട്ടവരെയാണെങ്കിലും അറബ് ജനസാമാന്യത്തിന്റെയാകെ കാഴ്ചപ്പാടുകളെ അത് പ്രതിഫലിപ്പിക്കുന്നുണ്ട്. ഇസില്‍ അടക്കമുള്ള ഭീകരവാദികളുടെയും ഇസ്‌ലാമിന്റെ രാഷ്ട്രീയ പ്രയോഗം അവകാശപ്പെട്ട് രംഗത്തു വന്ന ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളുടെയും പ്രചാരണ തന്ത്രങ്ങളൊന്നും മേഖലയിലെ യുവാക്കളെ സ്പര്‍ശിച്ചിട്ടില്ലെന്നും സമാധാന കാംക്ഷികളായ ചിന്തകരും സന്നദ്ധ പ്രവര്‍ത്തകരും മുന്നോട്ട് വെച്ച ആശയഗതിയോട് ചേര്‍ന്നാണ് അവരുടെ നിലപാടുകളെന്നും സര്‍വേ വ്യക്തമാക്കുന്നു. യു എ ഇ, സഊദി അറേബ്യ, ഖത്വര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ഇറാഖ്, ഈജിപ്ത്, ജോര്‍ദാന്‍, ലബനാന്‍, ലിബിയ, ഫലസ്തീന്‍, ടുണീഷ്യ, മൊറോക്കോ, അള്‍ജീരിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 3500 യുവതീയുവാക്കളോടാണ് നേരിട്ട് സംസാരിച്ചത്. നിരവധി പേരെ പരോക്ഷമായി സമീപിച്ചു. ഈ വര്‍ഷം ജനുവരി 11 മുതല്‍ ഫബ്രുവരി 22വരെയാണ് സര്‍വേ നടന്നത്. യൂറോപ്യന്‍ വിദഗ്ധരാണ് സര്‍വേക്ക് നേതൃത്വം നല്‍കിയതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അറബ് മേഖലയില്‍ 60 ശതമാനത്തിലധികം പേരും മുപ്പത് വയസ്സിന് താഴെയുള്ളവരാണെന്നും ആ മഹാസഞ്ചയത്തെ പ്രതിനിധാനം ചെയ്യാന്‍ 3,500 പേരുടെ സാമ്പിള്‍ തീര്‍ത്തും അപര്യാപ്തമാണെന്നും അവര്‍ പറയുന്നു. പക്ഷേ, ഇത് മുന്നോട്ട് വെക്കുന്ന പ്രവണതകള്‍ മേഖലയിലെ ചലനങ്ങള്‍ സൂക്ഷ്മ വിശകലനം നടത്തുന്ന സാമ്രാജ്യത്വവിരുദ്ധ കോളമിസ്റ്റുകളും ചിന്തകരും വിവിധ ഘട്ടങ്ങളില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളവ തന്നെയാണെന്നതിനാല്‍ കൂടുതല്‍ വിശ്വാസ്യവും യുക്തിഭദ്രവുമായ തലം സര്‍വേക്ക് കൈവരുന്നു. വലിയ വിശകലനങ്ങളുടെ അകമ്പടിയില്ലാതെ തന്നെ വ്യക്തമാകുന്ന ട്രന്‍ഡുകളിലൂടെയാണ് സര്‍വേയിലെ കണ്ടെത്തലുകള്‍ കടന്ന് പോകുന്നത്.

ഇസില്‍ ഭീകരവാദികളുടെ തനിനിറം അറബ് യുവത കൃത്യമായി മനസ്സിലാക്കുന്നുവെന്നതാണ് സര്‍വേയിലെ പ്രധാന നിഗമനം. മതപരമായ പരിഗണനകളുടെ പുറത്തല്ല യുവാക്കള്‍ ഇസില്‍ സംഘത്തില്‍ ചേരുന്നത്. ഇസ്‌ലാമിക രാഷ്ട്രം എന്ന ദായിശ് ലക്ഷ്യം വലിയ നുണയാണ്. യഥാര്‍ഥത്തില്‍ ഇസില്‍ സംഘത്തിന് ഖിലാഫത്ത് നിര്‍മിതിയെന്ന ലക്ഷ്യമേയില്ല. ഇവര്‍ പറയുന്ന ഖിലാഫത്തിന് ചരിത്രത്തില്‍ ആഴത്തില്‍ വേരുകളുള്ള ഇസ്‌ലാമിക ഖിലാഫത്തുമായി യാതൊരു ബന്ധവുമില്ല. ഇസില്‍ സംഘം മേഖലയില്‍ ഒരു പരിവര്‍ത്തനവും കൊണ്ടുവരാന്‍ പോകുന്നില്ല. സര്‍വേയില്‍ പങ്കെടുത്ത നാലില്‍ മൂന്ന് പേരുടെയും കാഴ്ചപ്പാടുകള്‍ ഇങ്ങനെ പോകുന്നു. ഇസില്‍ പ്രഖ്യാപിത ലക്ഷ്യം നേടുമെന്ന് പറയുന്നത് ആറില്‍ ഒരാള്‍ മാത്രമാണ്. ആ ഒരാള്‍ തന്നെ പറയുന്നു, ഇസില്‍ സംഘത്തില്‍ യുവാക്കളെ എത്തിക്കുന്നത് തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയുമാണെന്ന്. അവസരരാഹിത്യം അവരെ നിരാശരാക്കുകയും അതുവഴി ഭീകരവാദ ക്യാമ്പുകളില്‍ എത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ 50 ശതമാനം പേരും ഇസില്‍ സംഘത്തിന്റ സാന്നിധ്യം മേഖല അനുഭവിക്കുന്ന പ്രധാന വെല്ലുവിളിയാണെന്ന് സമ്മതിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സര്‍വേയില്‍ ഈ ആശങ്ക പങ്കുവെച്ചത് 37 ശതമാനം പേരായിരുന്നു. ദായിശ് സംഘത്തിന്റെ അതിക്രൂരമായ ചെയ്തികളിലും വിഭവക്കൊള്ളയിലും പാരമ്പര്യ നിരാസത്തിലും അന്യമത വിദ്വേഷത്തിലും അരാജകത്വ പ്രവണതകളിലും യുവാക്കള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ബോധവാന്‍മാരാണെന്ന് ഇത് കാണിക്കുന്നു.
ഇറാന്‍- യു എസ് ബന്ധത്തില്‍ സംജാതമായ അവസരവാദപരമായ പരിവര്‍ത്തനങ്ങളും എണ്ണ വിപണിയില്‍ ഉണ്ടായ തിരിച്ചടിയും സഊദി അറേബ്യയെ ക്ഷീണിപ്പിക്കുമ്പോഴും ആ രാജ്യത്തിന്റെ നേതൃശേഷിയില്‍ യുവാക്കള്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്ന് സര്‍വേ വ്യക്തമാക്കുന്നുണ്ട്്. 31 ശതമാനം പേരും വിശ്വസിക്കുന്നത് സഊദിയുടെ സ്വാധീന ശക്തിയില്‍ തന്നെയാണ്. 28 ശതമാനം പേര്‍ യു എ ഇക്കൊപ്പമാണ്. ഇറാന്റെ സ്വാധീനം അറബ് മേഖലയില്‍ വളരെ വേഗം വര്‍ധിക്കുന്നുവെന്ന യഥാര്‍ഥ്യം അവര്‍ അംഗീകരിക്കുകയും ചെയ്യുന്നു. അമേരിക്കയോടുള്ള കാഴ്ചപ്പാടിലാണ് സര്‍വേ നെടുകെ പിളരുന്നത്. മൂന്നില്‍ രണ്ട് പേര്‍ അമേരിക്കയെ സുഹൃത്തായി കാണുന്നുവെങ്കിലും ഇറാഖില്‍ 93 ശതമാനം പേരും യു എസിനെ കടുത്ത ശത്രുവായാണ് വിലയിരുത്തുന്നത്. യമനില്‍ ഈ വികാരമുള്ളവര്‍ 82 ശതമാനം പേരാണ്. ഫലസ്തീനില്‍ 81 ശതമാനവും. ശിയാ- സുന്നി സംഘര്‍ഷം രൂക്ഷമാകുന്നുവെന്ന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം യുവാക്കളും കരുതുന്നു. ഇറാന്‍ ആണവ കരാറിനെ 45 ശതമാനം പേരും പിന്തുണക്കുന്നു. എണ്ണ വില കുത്തനെ ഇടിയുന്നതില്‍ എല്ലാവരും അസ്വസ്ഥരാണ്. എന്നാല്‍ ഇത് താത്കാലിക പ്രതിഭാസം മാത്രമാണെന്ന് അവര്‍ വിശ്വസിക്കുന്നു.
ഇസ്‌ലാമിന്റെ രാഷ്ട്രീയ നിലപാടുകളെ തങ്ങള്‍ക്ക് തോന്നിയ വിധം വളച്ചൊടിച്ച് സമ്രാജ്യത്വത്തിന്റെ ശിഥിലീകരണ തന്ത്രങ്ങള്‍ നടപ്പാക്കുകയാണ് ഇസില്‍ അടക്കമുള്ള ഭീകര സംഘടനകളെന്ന് അറബ് യുവ സമൂഹം തിരിച്ചറിയുന്നു. മതപരിഷ്‌കരണ, ഇസ്‌ലാമിസ്റ്റ്, നവ സലഫിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങളെ പല അറബ് ഭരണകൂടങ്ങളും ഔദ്യോഗികമായി പ്രചരിപ്പിക്കുമ്പോള്‍ ഈ നിലപാട് തറകളില്‍ നിന്നു കൊണ്ട് മേഖലയില്‍ അശാന്തി വിതക്കുകയാണ് ദായിശ് സംഘം ചെയ്യുന്നതെന്ന് പുതിയ തലമുറ മനസ്സിലാക്കുന്നു. ഇന്‍ഡിപെന്‍ഡന്റ് റീസണിംഗിന്റെ പാശ്ചാത്യ മാതൃക സ്വീകരിക്കുകയും മതത്തെ അതിന്റെ തനിമയില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നും പറിച്ചെറിയുകയും ചെയ്തതാണ് ഇത്തരം ഭീകര സംഘടനകളുടെ പിറവിക്ക് വഴി വെച്ചതെന്ന് ഭരണകൂടങ്ങള്‍ ഇന്നും സമ്മതിക്കാന്‍ തയ്യാറായിട്ടില്ല. മതസംജ്ഞകളെ മുന്നില്‍ നിര്‍ത്തി മതത്തിന് തീര്‍ത്തും അന്യമായ ബലാത്കാരത്തിന്റെയും കുരുതിയുടെയും ആസുരകാലം തീര്‍ക്കുകയാണ് ഭീകരവാദികള്‍. ഇവരുടെ ചെയ്തികള്‍ മുന്‍ നിര്‍ത്തിയാണ് മുഴുവന്‍ മതവിശ്വാസികളെയും സംശയത്തിന്റെ നിഴലില്‍ തളച്ചിടാന്‍ സാമ്രാജ്യത്വത്തിന് സാധിക്കുന്നത്. ഭീകരവാദ പ്രവണതകള്‍ അറബ് രാജ്യങ്ങളില്‍ പടരാതിരിക്കാന്‍ രാഷ്ട്രീയ, സൈനിക പരിഹാരങ്ങള്‍ തേടുക മാത്രമാണ് ഇവിടങ്ങളിലെ ഭരണാധികാരികള്‍ ചെയ്യുന്നത്. മതത്തെ ഉപയോഗിക്കുന്നവര്‍ക്ക് മതത്തില്‍ നിന്ന് തന്നെ മറുപടി നല്‍കാന്‍ അവര്‍ സാധിക്കുന്നില്ല. ഇവിടെയാണ് ഇവിടങ്ങളിലെ യുവാക്കളുടെ നിലപാട് വ്യതിരിക്തവും ആശ്വാസകരവുമാകുന്നത്. ഇസിലിന്റെ പ്രത്യയശാസ്ത്രത്തില്‍ അകൃഷ്ടരാകുകയല്ല, അങ്ങേയറ്റത്തെ ആര്‍ജവത്തോടെ തള്ളിക്കളയുകയാണ് ഈ യുവാക്കള്‍ ചെയ്യുന്നത്.
മുല്ലപ്പൂ വിപ്ലവമെന്നും അറബ് വസന്തമെന്നും ആഘോഷിക്കപ്പെട്ട ഭരണമാറ്റ പരമ്പരകള്‍ മേഖലയുടെ ജനാധിപത്യ സ്വപ്‌നങ്ങളെ പ്രതിനിധാനം ചെയ്യുന്നതായിരുന്നില്ലെന്ന തിരിച്ചറിവ് കൂടി സര്‍വേ മുന്നോട്ട് വെക്കുന്നുണ്ട്. പാശ്ചാത്യ ജനാധിപത്യ പരികല്‍പ്പനകളെ അപ്പടി പകര്‍ത്താനുള്ള ശ്രമമായത് കൊണ്ടാണല്ലോ പാശ്ചാത്യ മാധ്യമങ്ങള്‍ മുല്ലപ്പൂ വിപ്ലവത്തെ വാതോരാതെ പുകഴ്ത്തിയത്. മാത്രമല്ല ദീര്‍ഘകാലം അധികാരത്തില്‍ തുടര്‍ന്ന ഭരണാധികാരികളെ പിഴുതെറിയുമ്പോള്‍ സംഭവിക്കുന്ന അധികാര ശൂന്യത നിതാന്തമായ അസ്ഥിരതയിലേക്കാണ് നയിക്കുകയെന്ന് അവര്‍ക്ക് കൃത്യമായി അറിയാമായിരുന്നു. ഭരണമാറ്റ പരമ്പരകള്‍ നടന്ന് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ അറബ് യുവാക്കള്‍ ഈ കൊടും ചതി മനസ്സിലാക്കിയിരുന്നു. ജനാധിപത്യമല്ല, അസ്ഥിരതയാണ് അറബ് വസന്തത്തിന്റെ ആത്യന്തിക ഫലമെന്ന് ആസ്ദാ ബര്‍സണ്‍ മാര്‍സ്‌ടെല്ലര്‍ സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. 2012ല്‍ നടന്ന ഇത്തരമൊരു സര്‍വേയില്‍ 72 ശതമാനം യുവാക്കളും അറബ് വസന്തത്തെ വാഴ്ത്തുകയാണ് ചെയ്തതെന്നോര്‍ക്കണം. വല്ലാത്തൊരു പ്രതീക്ഷാ നഷ്ടത്തിലേക്കാണ്് ഇന്നവര്‍ കൂപ്പു കുത്തിയിരിക്കുന്നത്. ഇന്ന് ഭരണ മാറ്റത്തെ കുറിച്ചല്ല അവര്‍ സംസാരിക്കുന്നത്, മനുഷ്യാവകാശവും പൗരാവകാശവും വകവെക്കുന്ന ഭരണ പരിഷ്‌കാരങ്ങള്‍ക്ക് ഭരണാധികാരികള്‍ തയ്യാറാകണമെന്നാണ്.
ഈ യുവാക്കളെ ഇങ്ങനെ നിരാശാഭരിതരാക്കിയതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? വിപ്ലവനാനന്തരം തന്ത്രപൂര്‍വം ഭരണത്തിലേക്ക് കയറിയിരുന്ന ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ (മുസ്‌ലിം ബ്രദര്‍ഹുഡ്) അടക്കമുള്ള ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളാണ് അറബ് സമൂഹത്തിന്റെ രാഷ്ട്രീയ അവബോധങ്ങള്‍ കൊള്ളയടിച്ചത്. ഈ വസ്തുതക്കുള്ള തെളിവ് തേടേണ്ടത് ആദ്യം ടുണീഷ്യയില്‍ നിന്ന് തന്നെയാണ്. ടുണീഷ്യയിലെ താരീഖ് അല്‍ ത്വയ്യിബ് മുഹമ്മദ് ബൗസിസിയെന്ന യുവാവിന്റെ രക്തസാക്ഷിത്വമാണല്ലോ മുല്ലപ്പൂ വിപ്ലവത്തിന് തിരികൊളുത്തിയത്. താരീഖ് തൊഴില്‍രഹിതനായിരുന്നു. ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളെയാണ് സ്വയം തീകൊളുത്തി അവന്‍ വെല്ലുവിളിച്ചത്. അത് ബിന്‍ അലി ഭരണകൂടത്തിന്റെ പതനത്തിലേക്ക് നയിച്ച മഹാപ്രക്ഷോഭമായി വളര്‍ന്നു. അവിടെ വിപ്ലവത്തിന് ശേഷം വന്ന ഇടക്കാല സര്‍ക്കാറിന് നേതൃത്വം നല്‍കിയത് ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പായ അന്നഹ്ദയായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം തിരഞ്ഞെടുപ്പില്‍ അവര്‍ തൂത്തെറിയപ്പെട്ടു. പകരം വന്നത് 2012ല്‍ മാത്രം രൂപവത്കരിക്കപ്പെട്ട, സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുമായി പല നിലയില്‍ ബന്ധം ആരോപിക്കാവുന്ന നിദാ ടുണിസ് പാര്‍ട്ടിയാണ്. വിപ്ലവാനന്തരം ഭരണത്തിലേറിയ കക്ഷിയെന്ന നിലയില്‍ അന്നഹ്ദയില്‍ നിന്ന് ജനങ്ങള്‍ ഏറെ പ്രീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ അവ സഫലമാക്കാന്‍ സാധിച്ചില്ലെന്നും അന്നഹ്ദ ശൂറാ അംഗം അഹ്മദ് ഗാലൂല്‍ തന്നെ കുറ്റസമ്മതം നടത്തി. ബിക്കിനി ടൂറിസത്തില്‍ നിന്നും കമ്പോള സാമ്പത്തിക ക്രമത്തില്‍ നിന്നും ഒരടി മുന്നോട്ട് പോകാന്‍ ഇസ്‌ലാമിസ്റ്റ് സഖ്യത്തിന് സാധിച്ചില്ല. ഇന്ന് ടുണീഷ്യയില്‍ നടമാടുന്നത് തികഞ്ഞ രാഷ്ട്രീയ അസ്ഥിരതയാണ്. ജനങ്ങള്‍ അങ്ങേയറ്റം നിരാശരാണ്.
ഈജിപ്തിലോ? മുബാറക്കാനന്തര ഈജിപ്തിന്റെ ഭരണം പിടിച്ചത് ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ രൂപമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയായിരുന്നല്ലോ. മുഹമ്മദ് മുര്‍സി പ്രസിഡന്റായി. അദ്ദേഹം ശ്രമിച്ചത് ഭരണകൂടത്തെ ഇഖ്‌വാന്‍വത്കരിക്കാനാണ്. മുര്‍സി തികഞ്ഞ പരാജമായിരുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി. ഇതോടെ മുര്‍സി ഭരണം മടുത്ത ജനം തെരുവിലിറങ്ങി. ഒന്നാം തഹ്‌രീറിന്റെ അതേ ഊര്‍ജത്തോടെ. മുബാറക്കിനെ താഴെയിറക്കിയ അത്ര തന്നെ ജനകീയ പിന്തുണയോടെ മുര്‍സിയെ ജനം വലിച്ച് താഴെയിട്ടു. വിപ്ലവ പ്രതീക്ഷകളെ മുഴുവന്‍ തല്ലിക്കെടുത്തുകയും എന്തിനൊക്കെ എതിരായിരുന്നോ തഹ്‌രീര്‍ ഇരമ്പിയത് അതെല്ലാം എടുത്തണിയുകയും ചെയ്തുവെന്ന മഹാപാതകത്തിനാണ് ജനം മുര്‍സിയെ ശിക്ഷിച്ചത്. മുര്‍സിക്കെതിരായ പ്രക്ഷോഭത്തെ അവസാന ഘട്ടത്തില്‍ സൈന്യം റാഞ്ചുകയായിരുന്നു. ഒടുവിലിപ്പോള്‍ അധികാരം കൈയാളുന്നത് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ സീസിയാണ്. മുബാറക്കിന്റെ വലംകൈ. മുബാറക്കിന്റെ നയങ്ങളാണ് സീസി നടപ്പാക്കുന്നത്.
ലിബിയയെക്കുറിച്ച് ബരാക് ഒബാമ വിലപിക്കുന്നത് കേട്ടു. ഗദ്ദാഫിയെ മറിച്ചിട്ടപ്പോള്‍ ശരിയായ ഭരണകര്‍ത്താവിനെ ഏല്‍പ്പിക്കാതിരുന്നത് വലിയ പിഴയായിപ്പോയെന്നാണ് അദ്ദേഹത്തിന്റെ മുതലക്കണ്ണീര്‍. ഗദ്ദാഫിക്കെതിരെ വിമതര്‍ ആയുധമെടുത്ത കാലത്ത് ഇസ്‌ലാമിസ്റ്റുകള്‍ സുന്ദര മോഹന ബദല്‍ സ്വപ്‌നങ്ങളാണ് രാജ്യത്തിന് മുന്നില്‍ വെച്ചിരുന്നത്. അധികാര ശൂന്യതയിലേക്ക് കയറി ഇരുന്നവരും അത്തരമൊരു ശൂന്യത സൃഷ്ടിക്കാന്‍ ആളും അര്‍ഥവുമിറക്കിയവരും ഇന്ന് കുറ്റസമ്മതം നടത്തുകയാണ്. എന്ത് കാര്യം? ലിബിയ എന്നൊരു രാജ്യം അസ്തമിച്ചില്ലേ?
ടുണീഷ്യ, ഈജിപ്ത്, സിറിയ, ലിബിയ, യമന്‍. അറബ് വസന്തത്തിന്റെ കാറ്റ് ആഞ്ഞുവീശിയ ഒരിടത്തും ഇന്ന് ജനാധിപത്യത്തിന്റെയോ സ്വയം നിര്‍ണയത്തിന്റെയോ സാധ്യത പോലും നിലനില്‍ക്കുന്നില്ല. മറിച്ച് തീര്‍ത്തും അരാജകവും ശിഥിലവും അശാന്തവുമാണ് ഈ ജനപഥങ്ങളെല്ലാം. ഈ പതനങ്ങളെല്ലാം ആഘോഷിക്കുന്നത് സാമ്രാജ്യത്വമാണ്. ഇവിടെ തന്നെയാണ് ഇസില്‍ ഭീകരര്‍ വേരാഴ്ത്തുന്നതും. സയണിസ്റ്റ്, സാമ്രാജ്യത്വ അജന്‍ഡകള്‍ക്ക് ഇസ്‌ലാമിസ്റ്റുകളും ഭീകരവാദികളും എങ്ങനെയാണ് പഴുതൊരിക്കിയതെന്ന് ഇന്ന് അറബ് യുവാക്കള്‍ തിരിച്ചറിയുന്നു. പണ്ട് അതിവൈകാരിക പ്രക്ഷോഭങ്ങള്‍ക്ക് ഇറങ്ങിയത് യുവാക്കള്‍ തന്നെയായിരുന്നല്ലോ. സര്‍വേ ഫലം മുന്നോട്ട് വെക്കുന്നത് പുതുതലമുറയുടെ അത്യന്തം പുതുമയുള്ള അവബോധമാണ്. തിരിച്ചറിവും തിരുത്തുമാണ്.