Connect with us

National

കാശ്മീരിലേക്ക് കൂടുതല്‍ സൈന്യം: പ്രക്ഷോഭം തുടരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി/ശ്രീനഗര്‍:സൈന്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് പ്രക്ഷോഭം നടക്കുന്ന കാശ്മീര്‍ താഴ്‌വരയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കാശ്മീരില്‍ സംഭവങ്ങള്‍ക്ക് ശേഷം നാല് ദിവസം പിന്നിടുമ്പോഴും ശക്തമായ പ്രക്ഷോഭം തുടരുകയാണ്. കാശ്മീര്‍ താഴ്‌വരയില്‍ തുടരുന്ന ഇന്റര്‍നെറ്റ് മൊബൈല്‍ സൗകര്യങ്ങളുടെ നിരോധം പിന്‍വലിച്ചിട്ടില്ല.

അതിനിടെ, സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സന്ദര്‍ശിച്ചു. കുപ്‌വാരയില്‍ എത്തിയ മുഖ്യമന്ത്രി പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗ്, ഗ്രാമവികസന മന്ത്രി അബ്ദുല്‍ ഹഖ് ഖാന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പോലീസ് മേധാവികള്‍ തുടങ്ങിയവരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തു.
അതേസമയം, കാശ്മീരിന്റെ വിവിധ പ്രദേശങ്ങളില്‍ ഇന്നലെയും സംഘര്‍ഷങ്ങള്‍ അരങ്ങേറി. കുപ്‌വാരയില്‍ പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് നടത്തിയ റബ്ബര്‍ ബുള്ളറ്റ് വെടിവെപ്പില്‍ രണ്ട് യുവാക്കള്‍ക്ക് പരുക്കേറ്റു. ചിലയിടങ്ങളില്‍ പോലീസിനും സൈന്യത്തിനും നേരെ പ്രക്ഷോഭകര്‍ കല്ലെറിഞ്ഞു. താഴ്‌വരയില്‍ കര്‍ഫ്യൂ തുടരുകയാണ്.
വടക്കന്‍ കാശ്മീരിലെ കുപ്‌വാര, ഹന്ദ്‌വാരെ പ്രദേശങ്ങളില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി നിയന്ത്രണം കൂടുതല്‍ ശക്തമാക്കിയതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. പ്രക്ഷോഭം വ്യാപിക്കാന്‍ സാധ്യതതയുള്ള ശ്രീനഗര്‍ നഗര പരിസരത്തുള്ള ചില പോലീസ് സ്റ്റേഷന്‍ പരിധികളിലും മുന്‍ കരുതല്‍ എന്ന നിലയില്‍ നിയന്ത്രണം തുടരുന്നതായും പോലീസ് പറഞ്ഞു. പ്രക്ഷോഭത്തെ തുടര്‍ന്ന് അഞ്ച് പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ഹന്ദ്‌വാരയില്‍ 21ാം നമ്പര്‍ രാഷ്ട്രീയ റൈഫിള്‍സിലെ സൈനികന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജമ്മു കാശ്മീരില്‍ പ്രതിഷേധം ആളിക്കത്തിയത്. ഹന്ദ്‌വാരയിലും പരിസര പ്രദേശങ്ങളിലുമുള്ള യുവാക്കള്‍ തെരുവിലിറങ്ങി സൈനികര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ സൈനികര്‍ വെടിയുതിര്‍ത്തു.
ചൊവ്വാഴ്ചയുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. കുപ്‌വാര ജില്ലയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ വെള്ളിയാഴ്ച സൈന്യം നടത്തിയ വെടിവെപ്പില്‍ പതിനേഴുകാരന്‍ കൂടി കെല്ലപ്പെട്ടതോടെ സംഭവവുമായി ബന്ധപ്പെട്ടുള്ള മരണം അഞ്ചായി ഉയര്‍ന്നിട്ടുണ്ട്.