തിരുവല്ലയില്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീര്‍ന്നെന്ന് പിജെ കുര്യന്‍

Posted on: April 16, 2016 3:00 pm | Last updated: April 17, 2016 at 10:36 am
SHARE

P.J.Kurien_041616തിരുവല്ല: ജോസഫ് എം. പുതുശേരിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഇടഞ്ഞുനിന്നിരുന്ന പി.ജെ.കുര്യന്‍ ഒടുവില്‍ നിലപാട് മാറ്റി. കെ.എം.മാണിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് കുര്യന് മനംമാറ്റമുണ്ടായത്. തര്‍ക്കങ്ങള്‍ എല്ലാ അവസാനിച്ചുവെന്നും പുതുശേരിയുടെ വിജയത്തിനായി യുഡിഎഫ് പ്രവര്‍ത്തകര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും കുര്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തിരുവല്ലയില്‍ നിന്നും പുതുശേരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ശക്തമായി രംഗത്തുണ്ടായിരുന്ന കുര്യനെ മാണി നേരിട്ട് എത്തി അനുനയിപ്പിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് പുതുശേരി സ്ഥാനാര്‍ഥിയാകണമെന്ന് മാണി വിശദീകരിച്ചുവെന്നും അതിനാല്‍ ഇതുവരെയുണ്ടായിരുന്ന തര്‍ക്കങ്ങള്‍ എല്ലാം അവസാനിച്ചുവെന്നും കുര്യന്‍ പറഞ്ഞു. ജനാധിപത്യ സംവിധാനത്തില്‍ ഇത്തരം തര്‍ക്കങ്ങള്‍ സ്വാഭികമാണെന്നും ചര്‍ച്ചയിലൂടെ ഇവ പരിഹരിക്കുമെന്നും കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുള്ള കേരള കോണ്‍ഗ്രസിന്റെ തീരുമാനം കുര്യനെ ബോധ്യപ്പെടുത്തിയെന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായ പുതുശേരിക്ക് വേണ്ടി ഒറ്റക്കെട്ടായി മുന്നണി പ്രവര്‍ത്തിക്കുമെന്നും കെ.എം.മാണി പറഞ്ഞു.