ഇടതുകോട്ടയിലെ വലത് സ്വപ്നങ്ങള്‍ പൂവണിയുമോ?

മണ്ഡലപര്യടനം: മട്ടന്നൂര്‍
Posted on: April 16, 2016 6:04 am | Last updated: April 16, 2016 at 9:07 am
SHARE

മട്ടന്നൂര്‍ മണ്ഡലത്തിന് എന്നും ഇടതു പക്ഷത്തോട് ചേര്‍ന്നു നിന്ന ചരിത്രമേ പറയാനുള്ളൂ. സി പി എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ജനതാദള്‍-യുവിലെ ജോസഫ് ചാവറക്കെതിരെ 30,512 വോട്ടുകള്‍ക്കാണ് ജയിച്ചു കയറിയത്. അതു തന്നെ മട്ടന്നൂര്‍ മണ്ഡലത്തിലെ ഇടതു പ്രഭാവം ഉയര്‍ത്തിക്കാട്ടുന്നു. 1965 ലുണ്ടായ പുനര്‍നിര്‍ണയത്തില്‍ ഇല്ലാതായ മട്ടന്നൂര്‍ മണ്ഡലം മറ്റൊരു പുനഃര്‍നിര്‍ണയത്തിലൂടെ 2011ല്‍ പുനര്‍ജനിക്കുകയായിരുന്നു. 65ന് മുമ്പ് 1957 ലും 60 ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഐയിലെ എന്‍ ഇ ബലറാമിനായിരുന്നു മട്ടന്നൂരില്‍ വിജയം. ആദ്യമത്സരത്തില്‍ കോണ്‍ഗ്രസിലെ കുഞ്ഞിരാമന്‍നായരെ 10,451 വോട്ടുകള്‍ക്കു തോല്‍പിച്ച ബലറാം രണ്ടാം മത്സരത്തില്‍ പി എസ് പിയിലെ അച്യുതനെ പരാജയപ്പെടുത്തിയത് 85 വോട്ടുകള്‍ക്കായിരുന്നു. പിന്നീട് മട്ടന്നൂര്‍ ദീര്‍ഘകാലം പേരാവൂര്‍ മണ്ഡലത്തിന്റെ ഭാഗമായി. പേരാവൂര്‍ മാറിമാറി ഇരുമുന്നണികളെയും പിന്തുണച്ചപ്പോള്‍ മട്ടന്നൂര്‍ മേഖല ഇടതിനൊപ്പം എക്കാലവും ഉറച്ചുനിന്നു.
മട്ടന്നൂര്‍ നഗരസഭയും കീഴല്ലൂര്‍, കൂടാളി, മാലൂര്‍, തില്ലങ്കേരി, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, കോളയാട്, പടിയൂര്‍-കല്യാട് എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണു നിലവിലെ മട്ടന്നൂര്‍ മണ്ഡലം. മട്ടന്നൂര്‍ നഗരസഭ ഉള്‍പ്പെടെ എല്ലായിടത്തും എല്‍ ഡി എഫിന്റേതാണ് ഭരണം. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍ പേരിനു മാത്രമാണ് യു ഡി എഫ് അംഗങ്ങള്‍ വിജയിച്ചിട്ടുള്ളത്. ഇതില്‍ തില്ലങ്കേരി പഞ്ചായത്തില്‍ മാത്രമാണ് ബി ജെ പിക്ക് ഒരു സീറ്റെങ്കിലും നേടാനായത്.
സിറ്റിംഗ് എം എല്‍ എ. ഇ പി ജയരാജന്‍ തന്നെയാണ് ഇത്തവണയും എല്‍ ഡി എഫ് സ്ഥാനാര്‍ഥി. മണ്ഡലത്തിലെ വിവിധ മേഖലകളിലുണ്ടായ സമഗ്ര വികസനം എടുത്തുകാട്ടിയായിരിക്കും ഇടതുമുന്നണി വോട്ടര്‍മാരെ സമീപിക്കുന്നത്. അതേസമയം സംസ്ഥാന സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ ഇടതുമുന്നണിക്ക് വേരോട്ടമുള്ള മണ്ഡലത്തിലും നടപ്പാക്കി മട്ടന്നൂരിനെ ഉത്തര മലബാറിന്റെ സുപ്രധാന വികസന കേന്ദ്രമാക്കി മാറ്റിയെന്നതാണ് ഐക്യമുന്നണി ഉന്നയിക്കുന്ന വാദം. കണ്ണൂര്‍ വിമാനത്താവളം ഇരുമുന്നണികള്‍ക്കും ഇത്തവണ ചൂടേറിയ തിരഞ്ഞെടുപ്പ് ചര്‍ച്ചാവിഷയമാണ്.
മിനി സിവില്‍ സ്‌റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടി, കിന്‍ഫ്ര വ്യവസായ പാര്‍ക്കിനു ഭൂമി ഏറ്റെടുക്കല്‍, ഹൈമാസ്റ്റ് വിളക്ക്, അറയങ്ങാട് പുഴക്ക് പാലം, ചെക്യേരി കുറിച്യകോളനിക്ക് ഒരു കോടി രൂപയുടെ വികസനപദ്ധതി, മണ്ഡലത്തിലെ വിദ്യാലയങ്ങള്‍ക്കു കമ്പ്യൂട്ടര്‍, പാലും മുട്ടയും പദ്ധതി തുടങ്ങി അഞ്ചു വര്‍ഷത്തിനിടെ 256.35 കോടിയുടെ വികസന പദ്ധതികള്‍ യഥാര്‍ഥ്യമാക്കിയ നിശ്ചയദാര്‍ഢ്യത്തിലാണ് ജയരാജന്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഇ പി ജയരാജന്‍ നാലാംതവണയാണു നിയമസഭയിലേക്ക് മത്സരിക്കുന്നത്. 1987 ല്‍ എം വി രാഘവന്‍ സിഎംപി രൂപീകരിച്ചശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പില്‍ അഴീക്കോട് രാഘവനെതിരേ മത്സരിച്ച ജയരാജന്‍ പരാജയപ്പെട്ടിരുന്നു. 91 ല്‍ അഴീക്കോടുനിന്ന് വിജയിച്ച് എം എല്‍ എയായി. പിന്നീട് നീണ്ട ഇടവേളക്ക് ശേഷമാണു 2011ല്‍ മട്ടന്നൂരില്‍ മത്സരത്തിനിറങ്ങിയത്. പാപ്പിനിശേരി അരോളി സ്വദേശിയായ ജയരാജന്‍ സി പി എമ്മിന്റെ കര്‍ഷകസംഘടനായ കേരള കര്‍ഷകസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റാണ്.
മട്ടന്നൂരില്‍ സ്വപ്‌ന പദ്ധതിയായ വിമാനത്താവളത്തിന്റെ പേരില്‍ ഇക്കുറി വോട്ട് നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. കഴിഞ്ഞതവണ യു ഡി എഫിലെ ഘടകകക്ഷിയായ ജനതാദളിനാണു സീറ്റ് ലഭിച്ചത്. ഇടതുകോട്ടയില്‍ യു ഡി എഫിന് വേണ്ടി അങ്കത്തിനിറങ്ങിയ കോട്ടയം സ്വദേശി ജോസഫ് ചവറ 30,513 വോട്ടുകള്‍ക്കാണു പരാജയമറിഞ്ഞത്. പ്രതീക്ഷക്ക് വകയില്ലാത്ത ഈ സീറ്റ് തലയില്‍ കെട്ടിവച്ചുതരരുതെന്നാണ് ജനതാദള്‍ ആദ്യം ആവശ്യപ്പെട്ടിരുന്നത്. തുടക്കത്തില്‍ ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടായെങ്കിലും ഒടുവില്‍ ജനതാദള്‍ തന്നെ സീറ്റ് ഏറ്റെടുക്കുകയായിരുന്നു.
യുവജനതാദള്‍ ജില്ലാപ്രസിഡന്റ് കെ പി പ്രശാന്താണ് ഇത്തവണ യു ഡി എഫ് സ്ഥാനാര്‍ഥി. അതേസമയം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുറക്കാനായത് യു ഡി എഫിന് ആശ്വാസമുണ്ടാക്കിയിരുന്നു. വിമാനത്താവള പരീക്ഷണപറക്കലിനെതിരേയും മറ്റും എല്‍ ഡി എഫ് നടത്തിയ സമരങ്ങള്‍ ചൂണ്ടിക്കാട്ടി വികസന വിരോധികളാണെ് എല്‍ ഡി എഫ് എന്ന പ്രചാരണം ഇതിനകം യു ഡി എഫ് ശക്തമായി ഉന്നയിച്ചുകഴിഞ്ഞു.
മണ്ഡലത്തില്‍ ഇത്തവണ കൂടുതല്‍ വോട്ട് നേടി പാര്‍ട്ടിയുടെ ശക്തി തെളിയിക്കാനുള്ള ഒരുക്കത്തിലാണ് ബി ജെ പി കഴിഞ്ഞതവണ 8,707വോട്ട് നേടിയിരുന്നു. ഇത്തവണ ഇത് അഞ്ചക്കത്തില്‍ തന്നെ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇവര്‍. മണ്ഡലത്തില്‍ സുപരിചിതനായ ബിജു ഏളക്കുഴി തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ഥി.

മട്ടന്നൂര്‍
മട്ടന്നൂര്‍ നഗരസഭ, കീഴല്ലൂര്‍, കൂടാളി, മാലൂര്‍, തില്ലങ്കേരി, മാങ്ങാട്ടിടം,
ചിറ്റാരിപ്പറമ്പ്, കോളയാട്, പടിയൂര്‍, കല്യാട് പഞ്ചായത്തുകള്‍

വോട്ടുരേഖ
2011ലെ നിയമസഭാ തിരഞ്ഞെടുപ്പ്
ഇ പി ജയരാജന്‍ (സി പി എം) 75,177
ജോസഫ് ചാവറ (ജനതാദള്‍ യു) 44,665
വലയങ്കര ബിജു (ബി ജെ പി) 8,707
ഭൂരിപക്ഷം 30,512

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്
(മട്ടന്നൂര്‍)
പി കെ ശ്രീമതി (സി പി എം) ……………………………………….74,399
കെ സുധാകരന്‍ (കോണ്‍ഗ്രസ്) 53,666
പി സി മോഹനന്‍ മാസ്റ്റര്‍ (ബി ജെ പി ) 9,695

2015ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം
എല്‍ ഡി എഫ് നഗരസഭ, 9 പഞ്ചായത്തുകള്‍
യു ഡി എഫ് ഇല്ല

LEAVE A REPLY

Please enter your comment!
Please enter your name here