പൊമ്പിളൈ ഒരുമൈ ദേവികുളത്ത്; മുന്നണികള്‍ക്ക് ആശങ്ക

Posted on: April 16, 2016 8:00 am | Last updated: April 16, 2016 at 9:02 am
SHARE
രാജേശ്വരി
രാജേശ്വരി

തൊടുപുഴ: ഇരുമുന്നണികളേയും അങ്കലാപ്പിലാക്കി ദേവികുളം മണ്ഡലത്തില്‍ പൊമ്പിളൈ ഒരുമൈ മത്സര രംഗത്ത്. പൊമ്പിളൈ ഒരുമൈ തോട്ടം തൊഴിലാളി യൂനിയന്‍ ജനറല്‍ സെക്രട്ടറി ജെ രാജേശ്വരിയാണ് സ്ഥാനാര്‍ഥി. പത്ത് വര്‍ഷം സി ഐ ടിയുവില്‍ പ്രവര്‍ത്തിച്ച ശേഷമാണ് രാജേശ്വരി പൊമ്പിളൈ ഒരുമൈ രൂപവത്കരണത്തിലെ മുന്‍ നിരക്കാരിയായത്. മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റ് ഒറ്റപ്പാറ ഡിവിഷനില്‍ 25 വര്‍ഷമായി തേയില തോട്ടം തൊഴിലാളിയാണ് ഈ 45കാരി.
ആറ് മാസം മുമ്പ് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഞെട്ടിച്ച് മൂന്നാറില്‍ പിറവിയെടുത്ത പൊമ്പിളൈ ഒരുമൈക്ക് ഇപ്പോള്‍ പഴയ ശക്തിയില്ലെങ്കിലും നേരിയ ഭൂരിപക്ഷത്തിന് മുന്നണി സ്ഥാനാര്‍ഥികള്‍ ജയിക്കുന്ന ദേവികുളത്തെ ജനവിധി നിയന്ത്രിക്കാനാകും.തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും രണ്ടു ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും പൊമ്പിളൈ ഒരുമൈ നേടിയിരുന്നു.
മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ യു ഡി എഫ് ഭരണം നേടിയതും പൊമ്പിളൈ ഒരുമൈയുടെ പിന്തുണയോടെയാണ്.ഫെബ്രുവരിയിലാണ് പൊമ്പിളൈ ഒരുമൈ തോട്ടം തൊഴിലാളി യൂണിയന്‍ രജിസ്റ്റര്‍ ചെയ്തത്. 3400 അംഗങ്ങള്‍ യൂനിയനില്‍ ഉണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്.