ട്രീ കമ്മിറ്റികളുടെ അനുമതിയില്ലാതെ മരം മുറിച്ചുമാറ്റല്‍ തകൃതി

Posted on: April 16, 2016 6:00 am | Last updated: April 16, 2016 at 12:19 am
SHARE

കണ്ണൂര്‍: പൊതുസ്ഥലത്തെ മരങ്ങള്‍ മുറിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ട ട്രീ കമ്മിറ്റികളെ നോക്കുകുത്തികളാക്കി സംസ്ഥാനത്തുടനീളം മരംമുറിക്കല്‍ വ്യാപകമാകുന്നു.
മരം നില്‍ക്കുന്ന സ്ഥലത്തെ കൗണ്‍സില്‍ അംഗം, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ മേധാവി, ബന്ധപ്പെട്ട അസിസ്റ്റന്റ്് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, പാരിസ്ഥിതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു എന്‍ ജി ഒ പ്രതിനിധി എന്നിവരടങ്ങിയതാണ് ട്രീ കമ്മിറ്റി. പൊതുസ്ഥലത്തെ ഏതെങ്കിലും മരം മുറിക്കണമെങ്കില്‍ പൊതുമരാമത്ത് വകുപ്പ് ഈ കമ്മിറ്റിക്കുമുന്നില്‍ അപേക്ഷ സമര്‍പ്പിക്കണം. കമ്മിറ്റി അംഗങ്ങള്‍ സ്ഥലത്തുപോയി പരിശോധിച്ച് ബോധ്യപ്പെടുകയാണെങ്കില്‍ മാത്രം അനുമതി നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഇത് മിക്കവാറും സ്ഥലങ്ങളില്‍ പാലിക്കപ്പെടുന്നില്ല. ട്രീ കമ്മിറ്റി കൂടാതെയും സ്ഥലത്തു പോകാതെയും കൃത്രിമ മിനിട്‌സ് ഉണ്ടാക്കിയും മറ്റുമാണ് മരംമുറി നടക്കുന്നത്.
കഴിഞ്ഞ വര്‍ഷം തൃശൂര്‍ നഗരത്തിനടുത്ത് പുഴക്കലില്‍ റോഡരുകില്‍ നിന്നിരുന്ന മൂന്ന് മരങ്ങള്‍ പി ഡബ്ല്യു ഡി അധികൃതര്‍ വെട്ടിമാറ്റിയിരുന്നു. കൂടുതല്‍ മരങ്ങള്‍ മുറിക്കാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍ നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ഇടപെട്ടതിനെ തുടര്‍ന്ന് മരംമുറിക്കല്‍ നിര്‍ത്തിവെച്ചു. ട്രീ കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് മരംമുറിക്കല്‍ നടന്നതെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു. തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റപ്പെട്ട കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നഗരമിപ്പോള്‍ വേനല്‍ ചൂടിന്റെ കാഠിന്യത്താല്‍ വെന്തുരുകുകയാണ്. നഗരത്തിലെ റോഡ് വികസനത്തിന് യഥാര്‍ഥത്തില്‍ 28 മരങ്ങള്‍ മാത്രമേ മുറിക്കാന്‍ വനംവകുപ്പ് അനുവാദം നല്‍കിയിരുന്നുള്ളവെന്നാണ് വിവരാവകാശ രേഖ പറയുന്നത്. എന്നാല്‍ മുറിച്ച് മാറ്റപ്പെട്ടത് 747 മരങ്ങള്‍. ട്രീ കമ്മിറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം. മാത്രമല്ല ഏതെങ്കിലും മരം മുറിക്കുന്നത് അനിവാര്യമാണെങ്കില്‍ തന്നെ അതുമായി ബന്ധപ്പെട്ട നോട്ടീസ് മരത്തില്‍ പ്രദര്‍ശിപ്പിച്ച് നാട്ടുകാരുടെ അഭിപ്രായം തേടണം. പകരം മരങ്ങള്‍ വെച്ചുപിടിപ്പിച്ച ശേഷമേ മരം മുറിക്കാനനുവദിക്കാവൂ. വികസനപ്രവര്‍ത്തനങ്ങളുടെ പേരില്‍ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ട്രീ കമ്മിറ്റിയുടെ അനുമതി തേടേണ്ടതും മുറിച്ചുമാറ്റുന്ന മരങ്ങള്‍ക്ക് പകരം 10 മരങ്ങള്‍ ബന്ധപ്പെട്ട വകുപ്പ് വെച്ചുപിടിപ്പിക്കേണ്ടതുമാണെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. .

LEAVE A REPLY

Please enter your comment!
Please enter your name here