Connect with us

Articles

കാശ്മീരില്‍ വെടിയൊച്ച നിലക്കാത്തതെന്തുകൊണ്ട്?

Published

|

Last Updated

കാലമെത്ര കഴിഞ്ഞിട്ടും ഭരണസിരാകേന്ദ്രങ്ങള്‍ മാറിമറിഞ്ഞിട്ടും വെടിയൊച്ചയും ചോരയും പുകയും ഒരു നാടിനെ നിഴല്‍പോലെ പിന്തുടരുന്നത് എന്തുകൊണ്ടാണ്? കടുത്ത മാനസിക സംഘര്‍ഷവും ഉറ്റവരുടെ വേര്‍പാട് നിശ്ചലമാക്കിയ ജീവിതവുമായി ഒരു ജനത മുഴുവനും ആകാശത്തിന് താഴെ ചുരുണ്ടുകൂടി കിടക്കുന്നതിന്റെ അര്‍ഥമെന്താണ്? അത്യന്തം അപ കടരമായൊരു സ്ഥിതി വിശേഷം തുടരുന്ന സംസ്ഥനമാണ് ജമ്മുകാശ്മീര്‍ എന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഒരു പക്ഷെ, ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ഹര്‍ത്താലുകളം ജനജീവിത സ്തംഭനവും ശേഷം നടക്കുന്ന ടിയര്‍ ഗ്യാസ് ഷെല്ലാക്രമണവും കൊലപാതകങ്ങളും നടക്കുന്ന “ഭൂമിയിലെ സ്വര്‍ഗം”. ഹതഭാഗ്യനായ ഓരോ കാശ്മീരിയും മനസ്സുകൊണ്ട് പറയുന്നത് എന്തായിരിക്കും? ഊഹിക്കാവുന്നതേയുള്ളൂ. പിറന്ന നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കുക. സ്വസ്ഥമായി ഒന്നുറങ്ങാന്‍ ഞങ്ങളെ അനുവദിക്കുക.
രാപകല്‍ ഭേദമന്യേ കാവലിരിക്കുന്ന സൈനികരും നാട്ടുകാരായ കാശ്മീരികളും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളാണ് ഇവിടെ തുടരുന്ന സംഘര്‍ഷങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും മുഖ്യപങ്കുമെന്ന് മനസ്സിലാക്കിയെടുക്കാവുന്നതാണ്. മോഹന്‍ ലാല്‍ പറഞ്ഞ സൈനികരുടെ സഹതാപാര്‍ഹമായ മുഖമുണ്ടല്ലോ; മൈനസ് അമ്പത് ഡിഗ്രി താപനില രേഖപ്പെടുത്തുന്ന സിയാചിനില്‍ ഓക്‌സിജന്‍ പോലും ശരിയായി ലഭിച്ചുകൊള്ളണമെന്നില്ല. രാത്രിയില്‍ 126 കോടി ജനങ്ങള്‍ക്ക് കിടന്നുറങ്ങാനാകുന്നത് ഈ മഞ്ഞുഭൂമിയില്‍ രാജ്യസ്‌നേഹമെന്ന വികാരത്തില്‍ ഈ ജവാന്മാര്‍ ജോലി ചെയ്യുന്നതുകൊണ്ടാണ്. ഇന്ത്യക്കാരായ മുഴുവന്‍ ജനങ്ങള്‍ക്കും ഈ സൈനികരോട് ആദരവും ബഹുമാനവുമുണ്ട്. പഠാന്‍കോട്ട് എയര്‍ ബേസില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യൂ വരിച്ച ഏഴ് സൈനികരോടും സിയാചിനില്‍ രക്തസാക്ഷ്യം വഹിച്ച ഹനുമന്തപ്പവരെയുള്ള ഭടന്മാരോടും രാജ്യസ്‌നേഹികളായ സര്‍വമതാനുയായികള്‍ക്കും ഐക്യദാര്‍ഢ്യമാണ്. എന്നാല്‍ ഈ സേവനത്തിന്റെ മഹിമ കെടുത്തുന്ന ചെയ്തികളെ വിസ്മരിക്കാനോ മറച്ചുവെക്കാനോ കഴിയുമോ? ചരിത്രബോധവും തൊണ്ണൂറുകളിലെ സൈനിക അതിക്രമവുമാണ് ഉരുളന്‍ കല്ലുകളുമായി തെരുവിലേക്ക് പഞ്ചുകുട്ടികളെ പോലും ആകര്‍ഷിക്കുന്നത് എന്ന നിരീക്ഷണം ലോകത്താകെ പ്രസരിപ്പിക്കപ്പെടുകയാണ്. ചരിത്രത്തിലെ ദാരുണമായ ഓര്‍മകള്‍ മാത്രമല്ല, അനുദിനം ഈ ജനതക്കുനേരെ തൊടുത്തുവിടുന്ന ടിയര്‍ ഗ്യാസ് ഷെല്ലുകളും ബുള്ളറ്റുകളുമാണ് നാട്ടുകാരെ പ്രതിഷേധങ്ങളിലേക്കും പ്രതിരോധങ്ങളിലേക്കും തള്ളുന്നത് എന്നാണ് ക്രുപ്‌വാഡയിലെ ഹന്ദ്വാരിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ അടിവരയിടുന്നത്.
ഏപ്രില്‍ പന്ത്രണ്ട് ചൊവ്വാഴ്ച ഹന്ദ്വാരയില്‍ 21ാം നമ്പര്‍ രാഷ്ട്രീയ റൈഫിള്‍സിലെ സൈനികന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയെന്ന വാര്‍ത്ത പൊടുന്നനെയണ് നാടാകെ പരന്നത്. നിമിഷങ്ങള്‍ക്കകം ജനം ഒന്നടങ്കം ഇതിനെതിരെ ഒരുമിച്ചു കൂടി. ഹന്ദ്വാരയിലും പരിസര പ്രദേശങ്ങളിലുമുള്ള യുവാക്കള്‍ തെരുവിലിറങ്ങി സൈനികര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. രോഷാകുലരായ ആള്‍ക്കൂട്ടം ആര്‍മിയുടെ ബങ്കര്‍ തീ കൊളുത്താന്‍ ശ്രമിച്ചു. പ്രതിഷേധം ആളിപ്പടരുകയാണെന്ന് മനസ്സിലാക്കിയ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികര്‍ ലാഘവത്തോടെ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ബുള്ളറ്റ് തറച്ച് രണ്ട് യുവാക്കള്‍ തത്ക്ഷണം പിടഞ്ഞുവീണു. കുപ്‌വാഡ സ്വദേശിയായ മുഹമ്മദ് ഇഖ്ബാല്‍, ഹന്ദ്വാര സ്വദേശിയായ നഈം ഖാദര്‍ ബട്ട് എന്നീ ചെറുപ്പക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഭീകരവാദ പ്രോക്തമായ ആശയങ്ങളില്‍ ആകൃഷ്ടരായി മലമുകളില്‍ ഒളിഞ്ഞിരുന്ന് സൈനികര്‍ക്കുനേരെ യുദ്ധം ചെയ്ത ഭീകരരല്ല ഈ കൊല്ലപ്പെട്ടവര്‍. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ചവര്‍ മാത്രമാണ്. ഈ നീക്കം എന്തിന്റെ ധ്വനിയാണ്? എല്ലാ നാടിനേയും പോലെ കാശ്മീരിലെ മനുഷ്യ ജീവനുകള്‍ക്കും വിലയില്ലേ? തെരുവില്‍ നിരന്തരമായി ചോര വാര്‍ന്ന് മരിക്കുന്ന അസംഖ്യം യുവാക്കളുടെ ദീനാനുഭവങ്ങളും ഹൃദയഭേദകമായ കാഴ്ചകളും നമ്മുടെ മനഃസാക്ഷിയെ എന്താണ് ഉണര്‍ത്താത്തത്?
ബുധനാഴ്ച ഇരുവരുടെയും ദാരുണമായ വേര്‍പാട് മുറിപ്പെടുത്തിയ മനസ്സുമായി നൂറുക്കണക്കിന് ആളുകള്‍ പ്രതിഷേധിക്കുകയും മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. നഈം ഖാദര്‍ ബട്ടിനെ കുറിച്ചുള്ള ഫീച്ചറുകളും സ്റ്റോറികളുമാണ് കാശ്മീരിലെ സംസാരവും പ്രാദേശിക മാധ്യമങ്ങളുടെ പ്രധാന വിഭവങ്ങളും. പത്രപ്രവര്‍ത്തകനായ സഹൂര്‍ ഖാദര്‍ ഭട്ട് ചൊവ്വാഴ്ച ഹന്ദ്വാരയില്‍ സൈനികരുടെ വെടിവെപ്പ് നടന്ന വിവരം അറിയഞ്ഞയുടനെ കാശ്മീര്‍ ന്യൂസ് സര്‍വീസിന് വേണ്ടി ആശുപത്രിയിലേക്ക് കുതിച്ചു. അക്രമത്തില്‍ പരുക്കേറ്റവരെ തിരയുന്നതിനിടയില്‍ മുഖശ്ശീല മാറ്റിയപ്പോള്‍ രക്തത്തില്‍ കുളിച്ച മുഖവുമായി വെടിയേറ്റ് കിടക്കുന്ന സഹോദരന്‍ നഈം ഭട്ടിനെയാണ് സഹൂര്‍ കാണുന്നത്. പത്രപ്രവര്‍ത്തകനായ സഹൂറിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഹന്ദ്വാര സംഭവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വൈകിയപ്പോള്‍ ന്യൂസ് സര്‍വീസിന്റെ ഡസ്‌കില്‍ നിന്ന് സഹുര്‍ ഭട്ടിനെ ബന്ധപ്പെട്ടപ്പോള്‍ പ്രതികരണമൊന്നും ഉണ്ടായില്ല. കാരണം സഹോദരനായ നഈമിന്റെ മൃതശരീരം കണ്ട് തരിച്ചുപോയിരിക്കുന്നു അയാള്‍. സഹൂര്‍ ഭട്ട് ഇപ്പോള്‍ പത്രപ്രവര്‍ത്തനായിരുന്നില്ല, സുരക്ഷാ ഉദ്യോഗസ്ഥരുടെ ബുള്ളറ്റുതറച്ച് ശ്വാസം നിലച്ച നഈം എന്ന ക്രിക്കറ്റ് താരത്തിന്റെ സഹോദരന്‍ മാത്രമായിരുന്നു. മൈതാനത്ത് ഓള്‍റൗണ്ടര്‍ പ്രകടനം കാഴ്ചവെച്ച് കാശ്മീര്‍ ക്രിക്കറ്റ് ലീഗില്‍ അംഗമായ നഈമിനെ വീട്ടുകാര്‍ കാശ്മീരിന്റെ സുനില്‍ ഗവാസ്‌കര്‍ എന്നാണ് സ്‌നേഹത്തോടെ വിളിക്കുന്നത്. പാകിസ്താന്റെ മിയാന്‍ദാദെന്നോ ശാഹിദ് അഫ്രിദിയെന്നോ അല്ല. അടുത്ത ദിവസം തന്നെ കഠിന പ്രയത്‌നത്തിലൂടെ അഡ്മിഷന്‍ നേടിയ ഡെറാഡൂണിലെ ഫിസിയോതെറാപ്പി കോളജിലേക്ക് പോകാനിരിക്കെയാണ് വെടിയേറ്റ് കൊല്ലപ്പെട്ട കാശ്മീരിയുടെ പട്ടികയില്‍ നഈമും ഇടം നേടിയത്.
പുറത്ത് രൂക്ഷമായ പ്രക്ഷോഭം നടക്കുമ്പോള്‍ തോട്ടത്തില്‍ പച്ചക്കറി പറിക്കുകയായിരുന്ന രണ്ട് മക്കളുടെ ഉമ്മയായ രാജാ ബീഗവും സൈനികരുടെ വെടിയേറ്റ് മരിച്ചു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ച 2.40ന് സ്‌കിംസ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. കൈകളില്‍ ബോംബ് സുക്ഷിക്കുന്ന തീവ്രവാദികള്‍ക്കും കൈകളില്‍ ടൊമാട്ടോയും ആലുവും സുക്ഷിക്കുന്ന വീട്ടമ്മമാര്‍ക്കും ഒരേ ശിക്ഷയോ എന്ന ചോദ്യം അവിടെ ഉയരുന്നു. അമ്പത്തിനാല് വയസ്സുകഴിഞ്ഞ കര്‍ഗാന്‍ ഗ്രാമവാസിയായ റജാ ബീഗമെന്ന വീട്ടമ്മക്ക് ഇന്ത്യാ വിരുദ്ധമായ എന്ത് സൈനിക നീക്കം നടത്താന്‍ കഴിയും?
ഹന്ദ്വാരിയില്‍ മുന്ന് ജീവനുകള്‍ കവര്‍ന്നെടുത്ത സൈനികരെ ശിക്ഷിക്കുക എന്ന മുദ്രാവാക്യം മുഴക്കിയുള്ള പ്രക്ഷോഭമായിരുന്നു പിന്നീട് ബുധനാഴ്ച പകല്‍ മുഴുവനും. ആത്മസുരക്ഷ സൈനികരുടെ ഒരു പ്രശ്‌നം തന്നെയാണ്. പക്ഷെ, ജനക്കൂട്ടത്തെ കൈകാര്യം ചെയ്യേണ്ടത് തന്ത്രപൂര്‍വമായിരിക്കണം. നിരന്തരം ടിയര്‍ ഗ്യാസ് പ്രയോഗിക്കാന്‍ ബോര്‍ഡ് ഓഫ് സെക്യൂരിറ്റി ഫോഴ്‌സിന്റെയും ആര്‍മിയുടെയും ജെഴ്‌സി അണിഞ്ഞവര്‍ക്ക് എങ്ങനെയണ് മനസ്സുറക്കുന്നത്? ഹന്ദ്വാര സംഭവത്തില്‍ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി കുറ്റക്കാരായ സൈനികരെ പരമാവധി ശിക്ഷ നല്‍കി ഇരകളോട് നീതി പുലര്‍ത്തുക എന്ന ആവശ്യമാണ് ബുധനാഴ്ച ഉയര്‍ന്നത്. എന്നാല്‍ സൈനികര്‍ ജനങ്ങള്‍ക്കുനേരെ ടിയര്‍ ഗ്യാസെറിഞ്ഞു. തുടര്‍ച്ചയായി ടിയര്‍ ഗ്യാസേറ്റ് നാലാമത്തെ കാശ്മീരിയും കൊല്ലപ്പെട്ടു. വടക്കന്‍ കാശ്മീരിലെ ഡ്രഗ്മുളള സ്വദേശി ജഹാംഗീര്‍ അഹ്മദ് വാനിയാണ് നാലാമത്തെ ഇര. അവിശ്വസനീയമാണ് കൊലപാതകവാര്‍ത്തകള്‍. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ന്യൂ ജനറേഷന്‍ കുട്ടികള്‍ അച്ചടക്കത്തോടെ ഒതുങ്ങിയിരുന്ന് കളിക്കുന്ന “മിനി മിലിഷ്യ” എന്ന ഒരു ഗെയിമുണ്ട്. പട്ടാളക്കാരന്‍ ഓരോ ശത്രുവിനേയും വെടിവെച്ചിടുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ പോയിന്റ് നിരക്ക് കുത്തനെ ഉയരും. ഈ ഗെയിമുകളെ അനുസ്മരിപ്പിക്കുന്നു കാശ്മീരിലെ കാര്യങ്ങള്‍.
നാല് പേരുടെ മരണത്തിനിടയാക്കിയ അനിഷ്ട സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ച ചൊവ്വാഴ്ച വെടിവെപ്പ് വാര്‍ത്ത കേട്ടയുടനെ സ്‌കൂളില്‍ നിന്ന് ഇറങ്ങിയോടിയ 15 വയസ്സുകാരനാണ് അഷ്ഫാഖ്. ഹന്ദ്വാര ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഈ പതിനഞ്ചുകാരന്‍ ഹന്ദ്വാര മാര്‍ക്കറ്റില്‍ ചായക്കടക്കാരനായ പിതാവിന് വല്ലതും സംഭവിച്ചോ എന്ന് അറിയാനാണ് പുസ്തകസ്സഞ്ചി വീട്ടില്‍ ഏല്‍പ്പിച്ച് യൂണിഫോം പോലും അഴിച്ചുവെക്കാതെ മാര്‍ക്കറ്റിലെത്തിയത്. പുകപടലം കാഴ്ച അസഹ്യമാക്കിയ ടൗണിലൂടെ ഉപ്പയെ തിരയുന്നതിനിടെ അഷ്ഫാഖിന്റെ തുടയില്‍ പൊടുന്നനെയൊരു ബുള്ളറ്റ് തറച്ചു. ഉപ്പയുടെ ടീ ഷോപ്പിന് മുന്നില്‍ ബോധരഹിതനായി വീണ അഷ്ഫാഖിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ഉപ്പയുടെ മനസ്സാകെ പിടക്കുന്നുണ്ടായിരുന്നു. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് അല്‍പ്പമെങ്കിലും ആശ്വാസമായത്. ചായക്കടക്കാരന്‍ പ്രധാനമന്ത്രിയായ ഒരു മഹാരാജ്യത്ത് ചായക്കടക്കാരുടെ മക്കള്‍ക്കെങ്കിലും സ്വസ്ഥമായി ജീവിക്കാന്‍ കഴിയേണ്ടേ? ഒമ്പതാം വയസ്സുകാരനായ അഷ്ഫാഖ് മുതല്‍ അമ്പത്തിനാല് വയസ്സ് പ്രായമുളള റജാ ബീഗംവരെയുള്ള നിരപരാധികള്‍ക്കുനേരെ ആയുധം പ്രയോഗിച്ച മൂന്ന് ദിവസങ്ങളാണ് വടക്കന്‍ കാശ്മീരിലെ കുപ്‌വാഡ ജില്ലയില്‍ കടന്നുപോയത്.
മരണങ്ങള്‍ തുടര്‍ക്കഥയാകുന്നതും സൈനികര്‍ക്ക് പ്രതിരോധമൊരുക്കുന്നതിലും ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ടിന്റെ പങ്ക് അനിഷേധ്യമാണ്. ഹാന്ദ്വാര സംഭവത്തിലെ മുഴുവന്‍ സൈനികരേയും ശിക്ഷിക്കണമെന്ന പൊതുജനാവശ്യം പരിഹരിക്കാതെ തള്ളാന്‍ ഈ നിയമം സൈനികര്‍ക്ക് തുണയായി കൂടെയുണ്ട് എന്നത് എല്ലാവരേക്കാളും കാശ്മീരികള്‍ക്ക് നാന്നായി അറിയാം. നീതിയുടെ ചെറു കണികയെങ്കിലും സ്വപ്‌നം കണ്ടാണ് അവര്‍ പിന്നേയും തെരുവിലിറങ്ങുന്നത്. ഈ വര്‍ഷം തീവ്രവാദി ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട ഏഴ് സൈനികരടക്കം 45 പേരുടെ ജീവനാണ് കാശ്മീല്‍ കൊഴിഞ്ഞുപോയത്. പ്രധാനമന്ത്രിയുടെ ഒരോ സന്ദര്‍ശനവും കാശ്മീരിനെ സംഘര്‍ഷഭരിതമാക്കുന്നു. അവസാനമായി സന്ദര്‍ശനം നടത്തിയ സമയത്ത് പ്രതിഷേധവുമായി രംഗത്തുവന്ന ജനക്കൂട്ടത്തിന് നേരെ സി ആര്‍ പി എഫ് നടത്തിയ വെടിവെപ്പില്‍ ഗോവര്‍ നസീര്‍ അഹ്മദ് എന്ന സൈനകോട്ട് സ്വദേശി കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ അന്വേഷണം പുര്‍ത്തിയാക്കി നല്‍കിയ റിപ്പോര്‍ട്ടില്‍ ആര്‍മിക്ക് ക്ലിന്‍ ചിറ്റാണ്. ഹന്ദ്വാരയിലെ വെടിവെപ്പിലും സംംഭവിക്കാന്‍ പോകുന്നതും മറ്റൊന്നല്ല. കാശ്മീര്‍ എന്നും സംഘര്‍ഷഭൂമിയായി നിലനില്‍ക്കണമെന്നത് ബി ജെ പിയുടെയും മുന്‍കാലങ്ങളില്‍ കേന്ദ്രം ഭരിച്ചവരുടെയും ആവശ്യമാണ്. അതിനവര്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ആകുന്നത്ര ശ്രമിക്കുന്നു. അനിശ്ചിതത്വത്തിനൊടുവില്‍ മെഹ്ബൂബ മുഖ്യമന്ത്രിയായി സംസ്ഥാനത്തുണ്ടെങ്കിലും ഒരു അദൃശ്യമായ പട്ടാള ഭരണം ജനങ്ങള്‍ക്കു മീതെയുണ്ട്. സുരക്ഷക്കു വേണ്ടി കണ്ണീരൊഴുക്കുന്ന കേന്ദ്ര ഭരണകൂടവും ചലച്ചിത്ര നടന്മാരും അവിടെ മരിക്കുന്ന സാധാരണക്കാരെ പരിഗണിക്കേണ്ടേ? തന്നെ സൈന്യം പീഡിപ്പിച്ചില്ലെന്ന് പെണ്‍കുട്ടി പറയുന്ന വീഡിയോ ദൃശ്യങ്ങള്‍ സൈന്യം പുറത്തു വിട്ടിട്ടുണ്ട്. പീഡനം നടന്നാലും ഇല്ലെങ്കിലും നാലുപേര്‍ സൈനിക നടപടിയില്‍ മരിച്ചിരിക്കുന്നു. ആംനെസ്റ്റി അന്വേഷണത്തിനായി ആവശ്യപ്പെട്ടിട്ടുണ്ട്. സൈനികര്‍ തന്നെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest