30,000 കാരക്കക്കുരു, ആറ് മാസത്തെ അധ്വാനം; ‘ബുര്‍ജ് ഖലീഫ’ തയ്യാര്‍

Posted on: April 15, 2016 8:54 pm | Last updated: April 19, 2016 at 7:33 pm
SHARE
ഹിശാം അബ്ദുല്‍ ഹക്കീം നിര്‍മിച്ച ബുര്‍ജ് ഖലീഫയുടെ മാതൃക
ഹിശാം അബ്ദുല്‍ ഹക്കീം നിര്‍മിച്ച ബുര്‍ജ് ഖലീഫയുടെ മാതൃക

ഷാര്‍ജ: തനിക്കിഷ്ടപ്പെട്ട ഏത് വസ്തുക്കളുടെയും മാതൃക കരവിരുതില്‍ സൃഷ്ടിക്കുന്ന സുഡാനി യുവാവ് കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു.
ലോകത്തിലെ ഏറ്റവും ഉയരമുള്ള മനുഷ്യ നിര്‍മിതിയായ ബുര്‍ജ് ഖലീഫയുടെ മാതൃകയുണ്ടാക്കിയാണ് എന്‍ജിനീയറിംഗ് ബിരുദധാരിയായ ഈ യുവാവ് വീണ്ടും ശ്രദ്ധാ കേന്ദ്രമാവുന്നത്. മണ്ണിലും മരത്തിലും മറ്റു വസ്തുക്കളിലും ആകര്‍ഷകമായ പല പ്രശസ്ത നിര്‍മിതികളും തന്റെ കരവിരുതില്‍ പുനഃസൃഷ്ടിച്ച് കാഴ്ചക്കാരെ അതിശയിപ്പിച്ച ഹിശാം അബ്ദുല്‍ ഹക്കീം എന്ന സുഡാനി യുവാവ് ബുര്‍ജ് ഖലീഫക്ക് മാതൃകയുണ്ടാക്കിയിരിക്കുന്നത് മുമ്പൊന്നിനും ഉപയോഗിച്ചിട്ടില്ലാത്ത വസ്തുകൊണ്ടാണ്.
ബുര്‍ജ് ഖലീഫ പുനഃസൃഷ്ടിക്കാന്‍ ഹിശാം ഉപയോഗിച്ചത് കാരക്കക്കുരുവും പിന്നെ പ്രത്യേകതരം പശയുമാണ്. 150 ലധികം നിലകളുള്ള ബുര്‍ജ് ഖലീഫയുടെ ഓരോ നിലകളും കാഴ്ചക്കാരന് വ്യക്തമാകുന്ന രീതിയില്‍ വെള്ളനൂലുകൊണ്ട് വേര്‍തിരിച്ചാണ് ഹിശാം തന്റെ കരവിരുത് പ്രകടമാക്കിയത്. ആഘോഷവേളകളില്‍ ബുര്‍ജ് ഖലീഫയില്‍ തെളിയുന്ന കണ്ണഞ്ചിപ്പിക്കും വിധമുള്ള പ്രകാശ വൈവിധ്യവും ഈ യുവാവ് തന്റെ നിര്‍മിതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
നിലവില്‍ സന്ദര്‍ശക വിസയിലുള്ള ഹിശാം അബ്ദുല്‍ കരീം ഇത് മൂന്നാം തവണയാണ് യു എ ഇ സന്ദര്‍ശിക്കുന്നത്. 2008ല്‍ ആദ്യമായി ഇവിടെയെത്തിയ ഈ അപൂര്‍വ കലാകാരന്‍ യു എ ഇയിലുടനീളമുള്ള മ്യൂസിയങ്ങള്‍ സന്ദര്‍ശിച്ച് രാജ്യത്തിന്റെ പൈതൃകത്തെക്കുറിച്ച് പഠനം നടത്തുകയായിരുന്നു. 2011ല്‍ രണ്ടാമതായി സന്ദര്‍ശനം നടത്തുമ്പോഴാണ് അംബരചുംബിയായ ബുര്‍ജ് ഖലീഫയുടെ ആകൃതി ഹിഷാമിനെ ആകര്‍ഷിച്ചത്.
പുതിയതു കണ്ടാലുള്ള പതിവുപോലെ ബുര്‍ജ് ഖലീഫക്കും തന്റെ കരവിരുത് കൊണ്ട് മാതൃക പണിയാന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു. മരത്തിലും മണ്ണിലും മാതൃകയുണ്ടാക്കുന്ന തന്റെ തന്നെ മുന്‍മാതൃകയില്‍ നിന്ന് മാറി കെട്ടിലും മട്ടിലും വ്യത്യസ്തത പുലര്‍ത്തുന്ന ബുര്‍ജ് ഖലീഫക്ക് പുതിയ വഴി തേടണമെന്ന് ചിന്തിച്ചതില്‍നിന്നാണ് കാരക്കക്കുരുകൊണ്ടാകാമെന്ന് കണ്ടെത്തുന്നത്. അറബ്-ഇമാറാത്തി സംസ്‌കാരവും പൈതൃകവുമായി അഭേദ്യമായ ബന്ധമുള്ളതാണ് കാരക്കയും കാരക്കക്കുരുവെന്നതും ഈ തെരെഞ്ഞെടുപ്പിന് കാരണമായതായി ഹിശാം വ്യക്തമാക്കുന്നു.
മറ്റു വസ്തുക്കളില്‍ കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് തന്റെ മനസില്‍ പതിഞ്ഞ രൂപങ്ങള്‍ പകര്‍ത്തിയുണ്ടാക്കുന്ന ഇയാള്‍ക്കു പക്ഷേ, ബുര്‍ജ് ഖലീഫയുടെ മാതൃക പണിയുക എളുപ്പമായിരുന്നില്ല. നിര്‍മിതിയുടെ വ്യത്യസ്തക്കു പുറമെ നിര്‍മാണത്തിന് തെരഞ്ഞെടുത്തത് കാരക്കക്കുരുവായെന്നതും തന്റെ പ്രയത്‌നം പ്രയാസകരമാക്കി. വടക്കന്‍ സുഡാനിലെ താമസക്കാരനും മെക്കാനിക്കല്‍ എഞ്ചിനീയറുമായ ഹിശാം ബുര്‍ജ് ഖലീഫ നിര്‍മിക്കാന്‍ ഉപയോഗിച്ചത് 30,000 കാരക്കക്കുരുവാണ്. കുരുകള്‍ തമ്മില്‍ ഒട്ടിനില്‍ക്കാന്‍ പ്രത്യേകതരം പശയും ഇയാള്‍ ഉപയോഗിക്കുകയുണ്ടായി. തുടര്‍ച്ചയായ ആറ് മാസക്കാലത്തെ തന്റെ ഒഴിവുവേളകളിലെ അധ്വാനമാണ് കാരക്കുകുരുവില്‍ തീര്‍ത്ത ഈ ബുര്‍ജ് ഖലീഫയെന്ന് ഹിശാം അബ്ദുല്‍ കരീം സാക്ഷ്യപ്പെടുത്തുന്നു.
തന്റെ ഈ വിശേഷ നിര്‍മിതി വിശാലമനസ്‌കരായ യു എ ഇ ഭരണാധികാരികള്‍ക്കും സ്‌നേഹ സമ്പന്നരായ ഇവിടുത്തെ ജനങ്ങള്‍ക്കും സമര്‍പിക്കുന്നതായി ഈ അപൂര്‍വ കലാകാരന്‍ പറഞ്ഞു. കെട്ടിട നിര്‍മാണത്തില്‍ പുതുമ സൃഷ്ടിച്ച് ലോക ശ്രദ്ധയാകര്‍ഷിക്കുന്ന രാജ്യത്തെ ഭരണാധികാരികളോട് ഏറെ മതിപ്പുണ്ടെന്നും അതിന്റെ പ്രതീകമാണ് തന്റെ ഈ ബുര്‍ജ് ഖലീഫയുടെ സമര്‍പണമെന്നും ഇയാള്‍ വ്യക്തമാക്കി.