Connect with us

Gulf

മാനസികരോഗത്തിനുള്ള മരുന്നുകള്‍ 60 ദിവസത്തേത് കൈവശം വെക്കാം

Published

|

Last Updated

ദോഹ: വേദനസംഹാരി അടക്കമുള്ള മയക്കമുണ്ടാക്കുന്ന മരുന്നുകള്‍ ആവശ്യമായ രേഖകളോട് കൂടെ രോഗികള്‍ക്ക് കൈവശം വെക്കാന്‍ അനുവാദമുള്ളത് പത്ത് ദിവസത്തേക്കുള്ള മരുന്നുകള്‍ മാത്രമെന്ന് പ്രാദേശിക പത്രം അല്‍ വത്വന്‍ റിപ്പോര്‍ട്ട് ചെയ്തു. മാനസികരോഗത്തിനുള്ള മരുന്നുകള്‍ മതിയായ രേഖകളോടെ 60 ദിവസത്തേക്കുള്ളവ രോഗികള്‍ക്ക് കൈവശം വെക്കാമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മാനസികരോഗത്തിനുള്ള മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് രേഖകള്‍ കൈവശം വെക്കേണ്ടതുണ്ടെന്ന് ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ. ആഇശ അല്‍ അന്‍സാരി പറഞ്ഞു. അധികൃതര്‍ ഈ രേഖകള്‍ വിശദമായി പരിശോധിക്കും. ചിലയിനം മരുന്നുകളുടെ ബാച്ചില്‍ പ്രശ്‌നം കണ്ടതിനാലാണ് വിപണിയില്‍ നിന്ന് എടുത്തുകളഞ്ഞത്. പരിശോധന, കര്‍ശന നിയന്ത്രണം എന്നിവ കാരണം രാജ്യത്തെ 314 ഫാര്‍മസികളില്‍ ഒന്നുപോലും പൂട്ടിയിട്ടില്ല. മരുന്നുവില രണ്ടാമതും കുറച്ചതിനാല്‍ രാജ്യത്തേക്ക് അനധികൃതമായി മരുന്ന് കൊണ്ടുവരുന്നത് കുറക്കും. ഈയടുത്ത് 2473 മരുന്നുകളുടെ വിലയാണ് കുറച്ചത്. അടുത്ത 17 മുതല്‍ വിവിധ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളുടെ വില കുറക്കും. ചിലതിന്റെ വില രണ്ടാം പ്രാവശ്യമാണ് കുറക്കാന്‍ പോകുന്നത്.
മരുന്നുകളുടെ ലാഭതോത് ഖത്വറില്‍ 40 ശതമാനമാണ്. കുവൈത്തില്‍ ഇത് 50ഉം ഒമാനില്‍ 55ഉം സഊദി അറേബ്യയില്‍ 38ഉം ശതമാനമാണ്. ലാഭതോതിലെ വ്യത്യാസം വളരെയേറെ കുറഞ്ഞിട്ടുമുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് മതിയായ മരുന്നുകള്‍ എച്ച് എം സി നല്‍കുന്നുണ്ട്. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്വകാര്യ മേഖലയെ കൂടി ഉള്‍പ്പെടുത്തിയ കമ്മിറ്റി എല്ലാ മാസവും യോഗം ചേരാറുണ്ട്. ശസ്ത്രക്രിയകളില്‍ ഉപയോഗിക്കേണ്ട മരുന്നുകളുടെ ക്ഷാമം ചിലപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ നേരിടുന്നുണ്ടാകാം. ആശുപത്രികള്‍ ആവശ്യപ്പെടുന്ന തോത് കുറഞ്ഞതിനാല്‍ മാത്രമാണ്. എച്ച് എം സിയില്‍ ഇത് സ്റ്റോക്ക് ചെയ്തിട്ടുണ്ട്. എത്ര മരുന്നാണ് ആവശ്യമുള്ളത് എന്ന് നിര്‍ണയിക്കാതെ വരുന്നുത് കൊണ്ടാണ് ഈ പ്രശ്‌നമെന്നും അല്‍ അന്‍സാരി ചൂണ്ടിക്കാട്ടി.