മോദിയല്ല രാജ്യം, ആര്‍എസ്എസ് അല്ല പാര്‍ലമെന്റ്: കെജരിവാള്‍

Posted on: April 15, 2016 1:52 pm | Last updated: April 15, 2016 at 1:52 pm

arvind-kejriwal-ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മോദിയല്ല രാജ്യം, ആര്‍എസ്എസ് അല്ല പാര്‍ലമെന്റ്, മനുസ്മൃതിയല്ല ഭരണഘടന’ അംബ്ദേകര്‍ ജയന്തിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഭരണഘടനയിലെ അവകാശങ്ങള്‍ ഹനിക്കുകയും അതേസമയം ബി.ആര്‍. അംബേദ്ക്കറിന് വെറുതെ ആദരാഞ്ജലികളര്‍പ്പിക്കുകയും ചെയ്യുന്നത് ശരിയായ നടപടിയല്ലെന്ന് കെജരിവാള്‍ പറഞ്ഞു.

വിദ്യാര്‍ഥികളോട് അംബേദ്കറെക്കുറിച്ച് സംസാരിച്ചതിന്റെ പേരില്‍ ദളിത് ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനായതാണ്. അതിനു കാരണക്കാരായ രണ്ടു മന്ത്രിമാര്‍ക്കെതിരെയും നടപടിവേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അംബേദ്കറുടെ ചിത്രം അലങ്കരിച്ചതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിങ്ങള്‍ക്കാകുമോയെന്ന് കെജരിവാള്‍ ചോദിച്ചു. അംബേദ്കര്‍ വിഭാവനം ചെയ്തതുപോലെയല്ല ഇന്ത്യയില്‍ കാര്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഇപ്പോഴില്ല. സമത്വവും സാഹോദര്യവും നഷ്ടപ്പെട്ടിരിക്കുന്നു. ചിലര്‍ ദേശസ്‌നേഹികളും ചിലര്‍ രാജ്യദ്രോഹികളുമാക്കപ്പെടുന്നു. കശ്മീരി എന്നും കശ്മീരി അല്ലാത്തവര്‍ എന്നും, ജെ.എന്‍.യുക്കാര്‍ എന്നും ജെ.എന്‍.യു അല്ലാത്തവര്‍ എന്നും തരംതിരിവുകളുണ്ടാകുന്നു എന്നും കെജ് രിവാള്‍ കുറ്റപ്പെടുത്തി.രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം മരിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയെ പരിഹസിക്കുന്നവരാണ് അംബ്ദേകറെ ആദരിക്കുന്നതായി നടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അംബേദ്ക്കറുടെ 125ാം ജന്മദിനത്തില്‍ മധ്യപ്രദേശിലെ മഹുവിലെത്തിയ പ്രധാനമന്ത്രിയെ പ്രതിപക്ഷപ്പാര്‍ട്ടികളും എതിര്‍ത്തിരുന്നു. ദേശീയ പ്രതീകങ്ങളെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണിതെന്നായിരുന്നു പ്രതിപക്ഷ ആരോപണം.