മോദിയുടെ പരവൂര്‍ സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നതായി ഡിജിപി

Posted on: April 15, 2016 10:36 am | Last updated: April 15, 2016 at 7:31 pm
SHARE

dgp-senkumarകോഴിക്കോട്: വെടിക്കെട്ട് അപകട ദിവസം തന്നെ പരവൂര്‍ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ എതിര്‍ത്തിരുന്നതായി ഡി.ജി.പി ടി.പി.സെന്‍കുമാര്‍ പറഞ്ഞു. അപകടം നടന്നതിനാല്‍ പൊലീസ് സേന രക്ഷാപ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ആ സമയത്ത് സന്ദര്‍ശനം നടത്തുന്നതിനെയാണ് എതിര്‍ത്തതെന്നും ഡി.ജി.പി ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പരവൂര്‍ വെടിക്കെട്ട് അപകടം നടക്കുമ്പോള്‍ പൊലീസ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അപ്പോള്‍ പ്രധാനമന്ത്രിയെ പോലെ വി.വി.ഐ.പി ആയ ഒരാള്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുന്നത് ഉചിതമല്ല. പ്രധാനമന്ത്രിക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു അപ്പോഴത്തേത് ഡി.ജി.പി പറഞ്ഞു. മാത്രമല്ല, കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സംഭവ സ്ഥലം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശന വിവരം അറിഞ്ഞ ഉടന്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം തന്നെ അറിയിച്ചത്. തുടര്‍ന്ന് മോദിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി സംഘം തന്നെ ബന്ധപ്പെടുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചുവെന്നും സെന്‍കുമാര്‍ പറഞ്ഞു. എന്നാല്‍, പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തിങ്കളാഴ്‌ത്തേക്ക് മാറ്റണമെന്ന് താന്‍ അഭ്യര്‍ത്ഥിച്ചു. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനാലാണിതെന്നും പറഞ്ഞു. എന്നാല്‍ സന്ദര്‍ശനത്തില്‍മാറ്റമില്ലെന്ന് എസ്.പി.ജി വ്യക്തമാക്കി. പ്രധാനമന്ത്രി സന്ദര്‍ശിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പൊലീസിന് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നും ഡി.ജി.പി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here