Connect with us

Kerala

തൃശൂര്‍ പൂരത്തിന് ഉപാധികളോടെ അനുമതി

Published

|

Last Updated

കൊച്ചി: തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്താന്‍ ഹൈകോടതി ഉപാധികളോടെ അനുമതി നല്‍കി. നിരോധിത വെടിമരുന്നുകള്‍ അനുവദിക്കില്ലെന്നും ശബ്ദനിയന്ത്രണം ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം 2007 ലെ സുപ്രീംകോടതി വിധി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

വെടിക്കെട്ട് നിരോധിച്ച ഇടക്കാല ഉത്തരവില്‍ പുതിയതായി ഒന്നുമില്ലെന്ന് പറഞ്ഞ ഹൈക്കോടതി നിയമത്തിലില്ലാത്ത ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടി

വെടിക്കെട്ടിന്റെ ശബ്ദപരിധി 125 ഡെസിബലായി നിയന്ത്രിക്കണം. പൂര്‍ണ ആരോഗ്യമില്ലാത്ത ആനകളെ എഴുന്നള്ളിക്കരുത്. നിരോധിത രാസവസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. വെടിക്കെട്ട് മൂലം ക്ഷേത്രത്തിനോ സമീപത്തെ വസ്തുവകകള്‍ക്കോ കേടുപാടൊന്നും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. പൂരം തൃശൂരിന്റെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. സംസ്ഥാനത്ത് വെടിക്കെട്ട് നിരോധിക്കണമെന്ന പൊതു താല്‍പര്യ ഹരജി പരിഗണിച്ചാണ് ഹൈകോടതി ഇക്കാര്യം അഭിപ്രായപ്പെട്ടത്. അതേസമയം, വെടിക്കെട്ട് ആനകളെ ബാധിക്കുമെന്ന മൃഗസംരക്ഷണ ബോര്‍ഡിന്റെ വാദം ഹൈകോടതി പരിഗണിച്ചില്ല.

പൂരം ആചാരപ്രകാരം നടക്കണമെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ആന എഴുന്നള്ളിപ്പിന്റെ നിരോധം സര്‍ക്കാര്‍ നീക്കിയിട്ടുണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ സര്‍ക്കുലര്‍ ആശയക്കുഴപ്പമുണ്ടാക്കിയത് കൊണ്ടാണ് പിന്‍വലിച്ചതെന്നും എ.ജി അറിയിച്ചു. വെടിക്കെട്ടിനുള്ള വെടിമരുന്ന് പ്രത്യേക സ്‌ക്വാഡ് പരിശോധിക്കുമെന്നും പൂരത്തിന് ദുരന്ത നിവാരണ സേനയെ വിന്യസിക്കുമെന്നും മുന്‍ കരുതലെന്ന നിലയില്‍ സ്വരാജ് ഗ്രൗണ്ടിലെ പമ്പുകള്‍ അടച്ചിടുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് തിരുവമ്പാടിപാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതികരിച്ചു. പൂരത്തിന്റെ ചടങ്ങുകള്‍ ആചാരപ്രകാരം നടത്തുമെന്നും അവര്‍ അറിയിച്ചു.

Latest