Connect with us

Sports

ഹാട്രിക്ക് ഹീറോ ക്രിസ്റ്റ്യാനോ

Published

|

Last Updated

വുള്‍സ്ബര്‍ഗിനെതിരെ റയലിന്റെ രണ്ടാം ഗോള്‍ ഹെഡ്ഡറിലൂടെ നേടിയ ക്രിസ്റ്റ്യാനോയുടെ ആഹ്ലാദം

ഗോളുകള്‍ എന്റെ ഡി എന്‍ എയിലുണ്ട്, ടീം ആവശ്യപ്പെടുമ്പോള്‍ ഞാന്‍ അത് നല്‍കുന്നു – ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വൂള്‍സ്ബര്‍ഗിനെതിരെ ഹാട്രിക്ക് നേടി റയലിന്റെ സെമിഫൈനല്‍ പ്രവേശം ഗംഭീരമാക്കിയതിന് ശേഷമായിരുന്നു ക്രിസ്റ്റ്യാനോ ഇത് പറഞ്ഞത്. ഇത് വെറുമൊരു വാചക കസര്‍ത്തല്ലെന്ന് തോന്നിപ്പിക്കും വിധമായിരുന്നു റയലിനായി ക്രിസ്റ്റ്യാനോയുടെ സ്‌കോറിംഗ്. വൂള്‍സ്ബര്‍ഗിനെതിരെ ആദ്യ പാദം 2-0ന് തോറ്റ റയലിന് ഹോംഗ്രൗണ്ടില്‍ കുറഞ്ഞത് 3-0ന് ജയിച്ചാലേ സെമിഫൈനല്‍ ഉറപ്പിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. മത്സരത്തിന് മുമ്പ് ക്രിസ്റ്റ്യാനോ ആത്മവിശ്വാസത്തോടെ റയലിന്റെ അനുകൂലികളോട് ആവശ്യപ്പെട്ടത് സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്താനായിരുന്നു. “നിങ്ങളുണ്ടെങ്കില്‍ റയലിന് സെമി ബെര്‍ത്ത് നേടാം” എന്ന് ക്രിസ്റ്റ്യാനോ പറഞ്ഞത് ശരിക്കും ഹിറ്റ് ആയി ! 3-0ന് റയല്‍ ജയിച്ചു ! ബെര്‍നാബുവിലെ നിറഞ്ഞ പുരുഷാരത്തിന് മുന്നില്‍ ക്രിസ്റ്റ്യാനോ ഒറ്റക്ക് ആടിത്തിമിര്‍ത്തു. 15, 17, 77 മിനുട്ടുകളില്‍ ഹാട്രിക്ക് തികച്ചു കൊണ്ട് ക്രിസ്റ്റ്യാനോ ജര്‍മന്‍ പ്രതിയോഗികളായ വൂള്‍സ്ബര്‍ഗിനെ ഞെട്ടിച്ചുകളഞ്ഞു. ഇരുപാദസ്‌കോര്‍ 3-2!
റയല്‍മാഡ്രിഡില്‍ ക്രിസ്റ്റ്യാനോ നേടുന്ന മുപ്പത്തേഴാം ഹാട്രിക്കായിരുന്നു ഇത്. ചാമ്പ്യന്‍സ് ലീഗ് സീസണില്‍ പതിനാറ് ഗോളുകളുമായി ക്രിസ്റ്റ്യാനോ മുന്‍പന്തിയില്‍ നില്‍ക്കുന്നു. കരിയറില്‍ രണ്ട് തവണ ചാമ്പ്യന്‍സ് ലീഗില്‍ പതിനഞ്ചിലേറെ ഗോളുകള്‍ നേടുന്ന ആദ്യ താരം കൂടിയാണ് ക്രിസ്റ്റ്യാനോ. 2013-14 സീസണില്‍ 17 ഗോളുകളുമായി ക്രിസ്റ്റ്യാനോ റെക്കോര്‍ഡിട്ടിരുന്നു. ഒരൊറ്റ സീസണില്‍ ഏറ്റവുമധികം ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍ എന്ന ആ റെക്കോര്‍ഡ് ഇത്തവണ തകര്‍ക്കപ്പെടുന്ന ലക്ഷണമാണ്.
പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്റ്റാറിന്റെ അവസരോചിത പ്രകടനം റയല്‍ കോച്ച് സിനദിന്‍ സിദാനെ ആവേശഭരിതനാക്കി. ഇന്ന് ക്രിസ്റ്റ്യാനോയെ വെല്ലാന്‍ മറ്റൊരു ഫുട്‌ബോളറില്ല എന്ന് സിദാന്‍ അടിവരയിട്ട് പറഞ്ഞു. ക്രിസ്റ്റ്യാനോയില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടു വന്നത് സഹതാരങ്ങളാണ്. അവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ഈ മാന്ത്രിക രാവ് – സിദാന്‍ പറഞ്ഞു.
ഒരു യഥാര്‍ഥ സ്‌ട്രൈക്കറുടെ ഗുണഗണങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതായിരുന്നു ക്രിസ്റ്റ്യാനോ നേടിയ മൂന്ന് ഗോളുകള്‍. പതിനഞ്ചാം മിനുട്ടിലെ ആദ്യ ഗോള്‍ തളികയിലെന്ന വണ്ണം നിസാരമായി നേടിയത്. പക്ഷേ, ബോക്‌സിനുള്ളില്‍ വുള്‍സ്ബര്‍ഗ് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ പന്ത് കടന്നുവന്നേക്കുമെന്ന് മുന്‍കൂട്ടിയറിഞ്ഞിടത്താണ് ആദ്യ ഗോളില്‍ ക്രിസ്റ്റ്യാനോയുടെ മിടുക്ക്.
പതിനേഴാം മിനുട്ടിലെ ഹെഡര്‍ ഗോള്‍ എണ്ണം പറഞ്ഞതായിരുന്നു. രണ്ട് ഡിഫന്‍ഡര്‍മാര്‍ മാര്‍ക്ക് ചെയ്‌തെങ്കിലും പന്ത് വായുവില്‍ എവിടെ ഹെഡറിന് പാകമായി വരുമെന്ന് തിരിച്ചറിഞ്ഞ് ക്രിസ്റ്റ്യാനോ നടത്തിയ കുതിപ്പും ചാട്ടവും പ്ലെയ്‌സിംഗ് ഹെഡറും അതുല്യം.
മൂന്നാം ഗോള്‍ ഫ്രീകിക്കിലൂടെ. സാധാരണ പവര്‍ഫുള്‍ കിക്ക് എടുക്കാറുള്ള ക്രിസ്റ്റ്യാനോ ഇവിടെ വുള്‍സ്ബര്‍ഗ് പ്രതിരോധ മതിലില്‍ കണ്ടെത്തിയ വിള്ളലിലൂടെ കനം കുറച്ചൊരു പ്ലെയിസിംഗ് നടത്തി. ഒരു തവണ നിലം തൊട്ട ശേഷം പന്ത് വലയില്‍ കയറി. ബുദ്ധിപരമായിരുന്നു ഈ സ്‌കോറിംഗ്.

ചരിത്രം സൃഷ്ടിച്ച് സിറ്റി
ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെയിന്റ് ജെര്‍മെയിന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടാണ് മാഞ്ചസ്റ്റര്‍ സിറ്റി യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രം സൃഷ്ടിച്ച്, സെമിഫൈനല്‍ ടിക്കറ്റെടുത്തത്. തൊണ്ണൂറ് മിനുട്ട് പൂര്‍ത്തിയാകാന്‍ പതിനാല് മിനുട്ട് ശേഷിക്കെ ബെല്‍ജിയം താരം കെവിന്‍ ഡി ബ്രൂയിന്‍ നേടിയ ഗോളില്‍ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി ആദ്യമായി ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനല്‍ ബെര്‍ത് സ്വന്തമാക്കി. ഇരുപാദ സ്‌കോര്‍ 3-2. ലോറന്റ് ബ്ലാങ്ക് പരിശീലിപ്പിക്കുന്ന പി എസ് ജി ഇത് തുടരെ നാലാം തവണയാണ് ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുന്നത്.
പി എസ് ജിയുടെ തട്ടകത്തില്‍ നടന്ന ആദ്യ പാദം 2-2ന് സമനിലയായതിനാല്‍ സിറ്റിക്ക് ഹോംഗ്രൗണ്ടിലെ രണ്ടാം പാദം ഗോള്‍ രഹിതമായാലും സെമി കാണാമായിരുന്നു. എത്തിഹാദ് സ്റ്റേഡിയത്തില്‍ ആദ്യ പകുതിയില്‍ തന്നെ സിറ്റിക്ക് ലീഡെടുക്കാന്‍ പെനാല്‍റ്റിയിലൂടെ അവസരം ലഭിച്ചു. ഗോളി കെവിന്‍ ട്രാപ് അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോയെ വീഴ്ത്തിയതിനായിരുന്നു സിറ്റിക്ക് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത അഗ്യുറോക്ക് പിഴച്ചു. പന്ത് ഗോളിയുടെ ഇടത് പോസ്റ്റിന് പുറത്തേക്ക് പറന്നു. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ സിറ്റി അര്‍ഹിക്കുന്ന ഗോളായിരുന്നു ബ്രൂയിന്‍ എഴുപത്താറാം മിനുട്ടില്‍ നേടിയത്. പി എസ് ജി അറ്റാക്കിംഗ് ഫോര്‍മേഷനാണ് പരീക്ഷിച്ചത്. തിയഗോ സില്‍വ, മാര്‍ക്വുഞ്ഞോസ്, സെര്‍ജി ഓറിയര്‍ എന്നിങ്ങനെ മൂന്ന് ഡിഫന്‍ഡര്‍മാരെ നിരത്തി മറ്റുള്ള ആക്രമണത്തിന് നിയോഗിച്ചു. പക്ഷേ, തിയഗോ മോട്ടക്ക് ആദ്യപകുതിയില്‍ പരുക്കേറ്റതോടെ 4-4-2 ലേക്ക് മാറേണ്ടി വന്നു. ഇത് ഫലിച്ചില്ല. അഡ്രിയന്‍ റാബിയറ്റും ഡി മരിയയും മികച്ച ധാരണയോടെ കളിച്ചെങ്കിലും അറ്റാക്കിംഗില്‍ ടീം പരാജയപ്പെട്ടു. ഇബ്രാഹിമോവിചിന്റെ ഒരു ഫ്രീകിക്ക് മാത്രമാണ് ഗോളി ജോ ഹാര്‍ട്ടിന് നേരെ പരീക്ഷണത്തിന് മുതിര്‍ന്നത്. രണ്ടാം പകുതിയില്‍ ഇബ്രാഹിമോവിച് ഗോള്‍ നേടിയെങ്കിലും ഓഫ്‌സൈഡില്‍ കുരുങ്ങി.

---- facebook comment plugin here -----

Latest