പ്രതീക്ഷിച്ച പ്രതികരണമില്ല; ലക്ഷ്യം കാണാതെ ടൂറിസം ഫോട്ടോഗ്രാഫി മത്സരം

Posted on: April 14, 2016 5:31 am | Last updated: April 14, 2016 at 9:33 am
SHARE

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരം ഫലം കണ്ടില്ല. ടൂറിസം പ്രൊമോഷന്‍ കൂടി ലക്ഷ്യമിട്ടാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ മത്സരം സംബന്ധിച്ച് പ്രചാരണം നല്‍കാന്‍ കഴിയാതെ വന്നതോടെ ലക്ഷ്യം തികക്കാനാകാതെ പരാജയം നേരിടേണ്ട അവസ്ഥയിലാണ് ടൂറിസം വകുപ്പ്.
സംസ്ഥാനത്തിനകത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ മനോഹരമായ ചിത്രങ്ങളില്‍ നിന്നും ജനങ്ങള്‍ തന്നെ തിരഞ്ഞെടുക്കുന്നവക്ക് സമ്മാനം നല്‍കുമെന്നതായിരുന്നു ടൂറിസം വകുപ്പ് പ്രഖ്യാപിച്ച മത്സരം. ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി ടൂറിസം വെബ്‌സൈറ്റില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 15 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡാണ് പ്രഖ്യാപിച്ചത്. ഒന്നാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയാണ് നല്‍കുക.
എല്ലാ വര്‍ഷവും ഏകദേശം ഒരു കോടിയോളം സന്ദര്‍ശകരാണ് കേരളത്തിലെത്തുന്നത്. കേരളം സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികളില്‍ നിന്നും മികച്ച ഫോട്ടോഗ്രാഫറെ കണ്ടെത്തുന്നതിലൂടെ കൂടുതല്‍ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ ഫണ്ടിന്റെ അപര്യാപ്തതയാണ് പദ്ധതി പരാജയമാകാന്‍ കാരണമെന്നാണ് ടൂറിസം വകുപ്പ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 24നാണ് മത്സരം ആരംഭിച്ചത്. ഈ വര്‍ഷം ജനുവരി മൂന്ന് ആണ് അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത്. ഒരാളില്‍ നിന്നും മൂന്ന് ചിത്രങ്ങളാണ് പരമാവധി സ്വീകരിച്ചത്.
4,834 എന്‍ട്രികളാണ് ആദ്യം ലഭിച്ചത്. ഇതില്‍ അഞ്ച് ശതമാനം വിദേശ സഞ്ചാരികളായിരുന്നു. പത്ത് ശതമാനം എന്‍ട്രികളും കേരളത്തിന്റെ പ്രകൃതി മനോഹാരിതയും സാംസ്‌കാരിക പാരമ്പര്യവും വിളിച്ചോതുന്നതായിരുന്നു. കൂടുതല്‍ ചിത്രങ്ങളും അവിദഗ്ധവും നിലവാരം കുറഞ്ഞവയുമായിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ പദ്ധതി സംബന്ധിച്ച് പ്രചാരണം നടത്താന്‍ കഴിയാതെ പോയതാണ് മത്സരത്തിന് പ്രധാനമായും തിരിച്ചടിയായത്. 44 രാജ്യങ്ങളില്‍ നിന്നായി 5,701 ഫോട്ടോഗ്രാഫര്‍മാര്‍ മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 5400 പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ പേരും എന്‍ട്രികള്‍ അയച്ചിട്ടില്ല. ലഭിച്ച ഫോട്ടോകളില്‍ നിന്നും ഏകദേശം 400 എണ്ണം തിരഞ്ഞെടുത്തിട്ടുണ്ട്. ഇവ ജനങ്ങളുടെ വോട്ടിനായി ടൂറിസം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വോട്ട് ലഭിക്കുന്ന ഫോട്ടാകള്‍ക്കാണ് സമ്മാനം ലഭിക്കുക.