സുവര്‍ണ ജൂബിലി നിറവില്‍ കോഴിക്കോട് ആകാശവാണി വാര്‍ത്താ വിഭാഗം

Posted on: April 14, 2016 9:00 am | Last updated: April 14, 2016 at 9:29 am
KOZHIKODE AIR
കോഴിക്കോട് ആകാശവാണി നിലയം

കോഴിക്കോട്: ‘ആകാശവാണി കോഴിക്കോട്, പ്രാദേശിക വാര്‍ത്തകള്‍….’ ഈ ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് അമ്പതാണ്ട് തികയുന്നു. 1966ല്‍ ഇതുപോലൊരു വിഷു ദിനത്തിലാണ് ആകാശവാണി കോഴിക്കോട് പ്രാദേശിക വാര്‍ത്താ വിഭാഗം നിലവില്‍ വന്നത്. തത്സമയ വാര്‍ത്തകളുടെയും ഫഌഷ്, ബ്രേക്കിംഗ് ന്യൂസുകളുടെയും പ്രളയമില്ലാതിരുന്ന അറുപതുകളില്‍ ആധികാരികമായ വാര്‍ത്താ അനുഭവം മലബാറിന് സമ്മാനിക്കുകയായിരുന്നു ആകാശവാണി.
1950ല്‍ തിരുവനന്തപുരം ആകാശവാണി നിലയം നിലവില്‍ വന്നതിന് ശേഷം അവിടെ നിന്നായിരുന്നു ആദ്യകാല വാര്‍ത്താ പ്രക്ഷേപണം. വാര്‍ത്താ ശേഖരണത്തിനും വിതരണത്തിനും ഇന്നത്തെപോലെ സംവിധാനങ്ങളില്ലാതിരുന്ന അക്കാലത്ത് മലബാറില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക് പലപ്പോഴും തിരുവനന്തപുരത്ത് നിന്നുള്ള ആകാശവാണി വാര്‍ത്തകളില്‍ ഇടംകിട്ടിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് മലബാര്‍ കേന്ദ്രീകരിച്ച് ഒരു പ്രാദേശിക വാര്‍ത്താ വിഭാഗം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. അന്നത്തെ പ്രമുഖ പത്രങ്ങള്‍ ഇതൊരു ക്യാമ്പയിനായി ഏറ്റെടുത്തതോടെ കോഴിക്കോട് ആകാശവാണിയില്‍ പ്രാദേശിക വാര്‍ത്താ വിഭാഗത്തിന് തുടക്കമായി. കൊച്ചി, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ കൂടി മുന്നില്‍ കണ്ടായിരുന്നു കോഴിക്കോട്ട് പ്രാദേശിക വാര്‍ത്താ വിഭാഗം തുടങ്ങാനുള്ള തീരുമാനം.
പെരുന്ന കെഎന്‍ നായരുടെ നേതൃത്വത്തില്‍, 1966 ഏപ്രില്‍ 14ന് വൈകീട്ട് 6.15നാണ് കോഴിക്കോട് നിലയത്തില്‍ നിന്ന് ആദ്യ വാര്‍ത്ത പ്രക്ഷേപണം ചെയ്തത്. രാമചന്ദ്രനായിരുന്നു ആദ്യ അവതാരകന്‍. പിന്നീട് ദീര്‍ഘകാലം കോഴിക്കോട്ട് നിന്ന് രാമചന്ദ്രന്റെ ശബ്ദം മലയാളിയുടെ വാര്‍ത്താ പ്രഭാതങ്ങളെ തഴുകിയുണര്‍ത്തി. ആകാശവാണി വാര്‍ത്തകളുടെ പര്യായമായി മാറുകയായിരുന്നു രാമചന്ദ്രന്‍ എന്ന പേര്. പ്രക്ഷേപകനും ശ്രോതാവും തമ്മില്‍ അസൂയാവഹമായ ഒരു ബന്ധമായിരുന്നു അന്ന് നിലനിന്നിരുന്നതെന്ന് രാമചന്ദ്രന്‍ പറയുന്നു. പ്രക്ഷേപകനെ വീട്ടിലെ ഒരംഗത്തെ പോലെയായിരുന്നു കോഴിക്കോട്ടുകാര്‍ കണ്ടിരുന്നതെന്നും അദ്ദേഹം ഓര്‍ക്കുന്നു.
പി കെ ജയലക്ഷ്മി, വെണ്‍മണി വിഷ്ണു, രത്‌നാഭായ്, അച്യുതന്‍കുട്ടി, അബ്ദുല്ല നന്മണ്ട, രത്‌നമ്മ തുടങ്ങി അനില്‍ ചന്ദ്രനിലും ഹക്കീം കൂട്ടായിയിലും എത്തി നില്‍ക്കുന്നു അര നൂറ്റാണ്ട് കാലത്തിനിടയിലെ കോഴിക്കോട് നിലയത്തിലെ വാര്‍ത്താ അവതാരകരുടെ പട്ടിക. ഇതിനിടയില്‍ സി വി ബാലകൃഷ്ണന്‍, സക്കറിയ തുടങ്ങിയ കാഷ്വല്‍ വാര്‍ത്താ അവതാരകരും ദീര്‍ഘകാലം റേഡിയോ പ്രേക്ഷകരുടെ മനസ്സില്‍ നിലകൊണ്ടു. ഇന്ന് കോഴിക്കോട് പ്രാദേശിക വാര്‍ത്താ വിഭാഗത്തില്‍ രണ്ട് സ്ഥിരം വാര്‍ത്താ അവതാരകരും പത്തിലേറെ കാഷ്വല്‍ വാര്‍ത്താ അവതാരകരും സേവനമനുഷ്ടിക്കുന്നുണ്ട്. മീഡിയം വേവില്‍ രാവിലെയും ഉച്ചക്കും പത്ത് മിനുട്ട് ദൈര്‍ഘ്യമുള്ള രണ്ട് ബുള്ളറ്റിനുകളും എഫ് എമ്മില്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ പ്രധാനവാര്‍ത്തകളും കോഴിക്കോട്ട് നിന്ന് പ്രക്ഷേപണം ചെയ്യുന്നു. ഇതിന് പുറമെ വാര്‍ത്താ പത്രിക, വാര്‍ത്താ തരംഗിണി, ജില്ലാ വൃത്താന്തം തുടങ്ങിയ വാര്‍ത്താധിഷ്ടിത പരിപാടികളുമുണ്ട്.
അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് രൂപം കൊടുത്തിട്ടുണ്ടെന്ന് കോഴിക്കോട് പ്രാദേശിക വാര്‍ത്താ വിഭാഗം അസിസ്റ്റന്റ് ന്യൂസ് ഡയറക്ടര്‍ എന്‍ വിജയയും ന്യൂസ് എഡിറ്റര്‍ ബിജു കെ മാത്യുവും സിറാജിനോട് പറഞ്ഞു. വ്യത്യസ്തങ്ങളായ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടക്കുമെന്നും അവര്‍ വ്യക്തമാക്കി. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പ്രാദേശിക വാര്‍ത്താ വിഭാഗത്തിന്റെ അമ്പതാം വാര്‍ഷികത്തിന് ആശംസകള്‍ നേര്‍ന്നു.