എ ഐ യു ഡി എഫിന് പ്രതീക്ഷയേകി മുസ്‌ലിം മേഖലകളിലെ പോളിംഗ്‌

Posted on: April 14, 2016 6:00 am | Last updated: April 14, 2016 at 9:25 am

ഗുവാഹതി: അസാമില്‍ രണ്ടാമത്തേയും അവസാന ഘട്ടത്തേയും തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പോളിംഗ് ബ്ദറുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള എ ഐ യു ഡി എഫ് സഖ്യത്തിന് വിജയ പ്രതീക്ഷ നല്‍കുന്നു. അടുത്തിടെ ശക്തി പ്രാപിച്ച സഖ്യത്തിന് മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗത്തിന്റെ മികച്ച പിന്തുണയാണ് ഇക്കുറി ലഭിച്ചത്. ജെ ഡി യു അടക്കമുള്ള ചെറിയ പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെട്ട എ ഐ യു ഡി എഫിന് സ്വാധീനമുള്ള മുസ്‌ലിം ഭൂരിപക്ഷ മേഖകളില്‍ 90 ശതമാനം വരെ പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.
ബദ്‌റുദ്ദീന്‍ അജ്മല്‍ പ്രതിനിധാനം ചെയ്യുന്ന ദുബ്‌രി ലോക്‌സഭ മണ്ഡലത്തില്‍ 90 ശതമാനത്തിന്റെ പോളിംഗാണ് രേഖപ്പെടുത്തിയത്. മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള മറ്റ് മണ്ഡലങ്ങളില്‍ 80നും 90നും ഇടയില്‍ പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.
മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് ദിനം ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് ഒഴുകുകയായിരുന്നുവെന്ന് അസാമിലെ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഹൈദര്‍ ഹുസൈന്‍ വ്യക്തമാക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പോടെ അസാമില്‍ ശക്തിപ്രാപിച്ച ബി ജെ പി നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം സൃഷ്ടിക്കാനിടയുണ്ടെന്ന പ്രചാരണം വോട്ടാക്കി മാറ്റാന്‍ എ ഐ യു ഡി എഫിന് സാധിച്ചിട്ടുണ്ട്. ബി ജെ പിക്കും എ ഐ യു ഡി എഫുമായി സഖ്യത്തിന് സന്നദ്ധമാകാതിരുന്ന വലത് പക്ഷത്തിനുമെതിരായ മുന്നേറ്റമാണ് എ ഐ യു ഡി എഫിന്റെ ശക്തി പ്രദേശങ്ങളില്‍ സംഭവിച്ചത്.
അതേസമയം, കോണ്‍ഗ്രസിലും എ ഐ യു ഡി എഫിലുമായി ഭിന്നിച്ചു നില്‍ക്കുന്ന മുസ്‌ലിം വോട്ടുകള്‍ ബി ജെ പിക്ക് അനുകൂലമാകുമെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ പറയുന്നത്. സംസ്ഥാനത്തെ മുസ്‌ലിം ശക്തി പ്രദേശങ്ങളില്‍ മാത്രം സ്വാധീനമുള്ള എ ഐ യു ഡി എഫിന് ലഭിക്കുന്ന വോട്ട് കോണ്‍ഗ്രസിന്റെ വോട്ട് ബേങ്കിനാണ് കോട്ടം സംഭവിക്കുന്നത്. ഇത് ബി ജെ പിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍, ബി ജെ പിക്കെതിരെ എ ഐ യു ഡി എഫുമായി സഖ്യത്തിന് ക്ഷണിച്ചെങ്കിലും സന്നദ്ധമാകാതിരുന്ന കോണ്‍ഗ്രസിനും തരുണ്‍ഗൊഗോയിക്കുമെതിരെ മുസ്‌ലിം വികാരം ശക്തമാണെന്നും റിപ്പോര്‍ട്ടുണ്ട്.