Connect with us

Ongoing News

തൃശൂര്‍ പൂരത്തിന് ആനകളെ എഴുന്നള്ളിക്കാം; നിയന്ത്രണം പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം: തൃശൂര്‍ പൂരം ആന എഴുന്നള്ളിപ്പിനുള്ള നിയന്ത്രണം പിന്‍വലിച്ചു. തിരുവിതാംകൂര്‍,പാറമേക്കാവ് ദേവസ്വം ബോര്‍ഡുകളുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് തീരുമാനം. പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.

പകല്‍ പത്തുമണി മുതല്‍ അഞ്ച് മണിവരെ ആനകളുടെ എഴുന്നള്ളിപ്പ് പാടില്ലെന്നും ആനകള്‍ തമ്മില്‍ മൂന്നുമീറ്റര്‍ അകലം പാലിച്ചുവേണം എഴുന്നള്ളിപ്പ് നടത്താനെന്നും ബുധനാഴ്ച ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ദേവസ്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കൂടാതെ ഒരു ദിവസം ഒരു ആനയെ മൂന്നു മണിക്കൂറെ എഴുന്നള്ളിക്കാന്‍ പാടു എന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ സുരക്ഷയെക്കരുതിയും, ആനകളെ എഴുന്നള്ളിക്കുമ്പോള്‍ പാലിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയും തയ്യാറാക്കിയ ഈ സര്‍ക്കുലറാണ് സര്‍ക്കാര്‍ ഇപ്പോള്‍ റദ്ദാക്കിയത്.

സര്‍ക്കുലര്‍ ഇറക്കാന്‍ ഇടയാക്കിയ സാഹചര്യം പരിശോധിക്കുമെന്നും, അനുമതിയില്ലാതെ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനോട് സര്‍ക്കാര്‍ വിശദീകരണം ചോദിക്കുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കൂടാതെ ദേവസ്വം അധികൃതരുമായി ചര്‍ച്ചയ്ക്ക് ചീഫ് ലൈഫ് വാര്‍ഡനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ വെടിക്കെട്ട് അടക്കമുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ തൃശൂര്‍ എത്തും.

Latest