ശ്രീശാന്തിന്റെ രാഷ്ട്രീയ ‘നോബോളു’കള്‍

രാഷ്ട്രീയത്തിലെ തന്റെ ആദ്യപന്ത് തന്നെ 'നോബോളാ'യ അനുഭവമാണ് ശ്രീശാന്തിന്. കേരളത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും അദ്ദേഹത്തിന്റെ അജ്ഞത വെളിവാക്കുന്നതായിരുന്നു ചാനല്‍ പ്രതിനിധി അദ്ദേഹവുമായി നടത്തിയ അഭിമുഖം. പണ്ട് ഐ പി എല്ലില്‍ നോബോള്‍ എറിയുമ്പോള്‍ തൂവാല തിരുകിയിരുന്നതു പോലെയല്ലെങ്കിലും 'രാഷ്ട്രീയ നോബോളി'ന് അകമ്പടിയായി അദ്ദേഹത്തിന്റെ കഴുത്തില്‍ ബി ജെ പിയുടെ പതാകയുണ്ടായിരുന്നു. അടുത്ത ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ശ്രീശാന്തിന് 'ഫ്രീഹിറ്റ്' സിക്‌സറിനു പറത്തിയതുപോലെയോ അല്ലെങ്കില്‍ പണ്ട് ഹര്‍ഭജനോട് കിട്ടിയ അടി പോലെയോ ആയിരുന്നു അനുഭവം. തിരുവനന്തപുരം മാര്‍ക്കറ്റില്‍ വോട്ടു ചോദിച്ചെത്തിയ ശ്രീശാന്തിനെ അറിയില്ലെന്നായിരുന്നു പലരുടെയും മറുപടി. ക്രിക്കറ്റ് 'മത'മായി സ്വീകരിക്കാത്തവരും കളി കാണാത്തവരും കളിക്കാത്തവരുമൊക്കെ നാട്ടിലുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ സംഭവം. പ്രചാരണത്തിനിടക്ക് സിനിമയില്‍ അഭിനയിക്കാന്‍ പോയതായിട്ടാണ് പുതിയ വാര്‍ത്ത.
Posted on: April 14, 2016 6:00 am | Last updated: April 13, 2016 at 11:46 pm

sreesanth1കേരളത്തില്‍ അക്കൗണ്ട് തുറക്കാനായി സകല അടവുകളും പയറ്റുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പ്രകടനം മിക്കവാറും പാര്‍ട്ടിയുടെ ‘അക്കൗണ്ട്’ പൂട്ടിക്കുമെന്നാണ് തോന്നുന്നത്. രാഷ്ട്രീയത്തിലെ തന്റെ ആദ്യപന്ത് തന്നെ ‘നോബോളാ’യ അനുഭവമാണ് തിരുവനന്തപുരത്തെ ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ശ്രീശാന്തിന്. കേരളത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും അദ്ദേഹത്തിന്റെ അജ്ഞത വെളിവാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ഒരു ചാനല്‍ പ്രതിനിധി അദ്ദേഹവുമായി നടത്തിയ അഭിമുഖം. പണ്ട് ഐ പി എല്ലില്‍ നോബോള്‍ എറിയുമ്പോള്‍ തൂവാല തിരുകിയിരുന്നതുപോലെയല്ലെങ്കിലും ‘രാഷ്ട്രീയ നോബോളി’ന് അകമ്പടിയായി അദ്ദേഹത്തിന്റെ കഴുത്തില്‍ ബി ജെ പിയുടെ പതാകയുണ്ടായിരുന്നു. അടുത്ത ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ശ്രീശാന്തിന് ‘ഫ്രീഹിറ്റ്’ സിക്‌സറിനു പറത്തിയതുപോലെയോ അല്ലെങ്കില്‍ പണ്ട് ഹര്‍ഭജനോട് കിട്ടിയ അടി പോലെയോ ആയിരുന്നു അനുഭവം. തിരുവനന്തപുരം മാര്‍ക്കറ്റില്‍ വോട്ടു ചോദിച്ചെത്തിയ ശ്രീശാന്തിനെ അറിയില്ലെന്നായിരുന്നു പലരുടയും മറുപടി. ‘ഏതോ പയ്യന്‍ വോട്ടു ചോദിച്ചു വന്നു. പക്ഷേ പേര് അറിയില്ല’ എന്നായിരുന്നു പലരുടെയും പ്രതികരണം. പണ്ട് സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് ടെന്നീസ് താരം മരിയ ഷറപ്പോവയുടെ ഫേസ്ബുക്ക് പേജില്‍ മലയാളത്തില്‍ ചീത്തവിളിച്ച ക്രിക്കറ്റ് ഭ്രാന്തന്മാരുള്ള നാട്ടില്‍ നിന്ന് ഇതിനെതിരെ ആരും പ്രതികരിക്കാത്തത് നാട്ടുകാരുടെയിടയിലുള്ള അദ്ദേഹത്തിന്റെ ‘സ്വീകാര്യത’ക്ക് തെളിവായിരിക്കാം.
ക്രിക്കറ്റ് ‘മത’മായി സ്വീകരിക്കാത്തവരും കളി കാണാത്തവരും കളിക്കാത്തവരുമൊക്കെ നാട്ടിലുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടക്ക് സിനിമയില്‍ അഭിനയിക്കാന്‍ ശ്രീശാന്ത് പോയതായിട്ടാണ് ഏറ്റവും പുതിയ വാര്‍ത്ത. അത് ഏതായാലും നല്ല തീരുമാനമാണെന്ന് പറയേണ്ടിയിരിക്കുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളൊക്കെ മെയ് 16ന് അവസാനിക്കും. അതിനു ശേഷവും വേണമല്ലോ എന്തെങ്കിലും ഏര്‍പ്പാടുകളൊക്കെ, അപ്പോള്‍ അഭിനയം ഫലം ചെയ്യും. ‘വായിലെ വെള്ളിക്കരണ്ടി’ എന്നുമുണ്ടായിക്കൊള്ളണമെന്നില്ലല്ലോ. ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് വലിയ പ്രതീക്ഷയൊന്നും ബാക്കിയില്ലാത്തതിനാല്‍ പ്രത്യേകിച്ചും. ഇനി നരേന്ദ്ര മോദി കനിഞ്ഞ് എങ്ങനെയെങ്കിലും കേന്ദ്രത്തില്‍ ‘സ്‌പോര്‍ട്‌സ് മന്ത്രി’യാക്കിയാലും കുഴപ്പമില്ല!
ഏതായാലും കേരളത്തില്‍ സിനിമാതാരങ്ങളുടെയും കളിക്കാരുടെയും പത്രപ്രവര്‍ത്തകരുടെയും രാഷ്ട്രീയത്തിലേക്കുള്ള പ്രവേശം ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. ചാനലുകളില്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് ‘വിചാരണ ചെയ്തവര്‍’ ഇത്രയും കാലം ഏകപക്ഷീയമായിട്ടായിരുന്നുവോ കാര്യങ്ങളെ സമീപിച്ചിരുന്നതെന്ന് എതിരാളികള്‍ ആശങ്കപ്പെട്ടാല്‍ അവരെ പഴി പറയാന്‍ കഴിയില്ല. ശ്രീശാന്ത് മാത്രമല്ല, ആദിവാസികളെ സമുദ്ധരിക്കാനിറങ്ങിയ ഗോത്ര മഹാസഭാ നേതാവ് ജാനു മുതല്‍ തങ്ങന്മാരെയും സമുദായ നേതാക്കളെയും പാര്‍ട്ടികളെയും വരെ അണിനിരത്തിക്കൊണ്ടാണ് ബി ജെ പിയുടെ ‘വഴികാട്ടല്‍’.
പ്രശസ്തി മാത്രം നോക്കി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ തമിഴ്‌നാടിന്റെയും ആന്ധ്രയുടെയും ‘നിലവാര’ത്തിലേക്കാണോ കേരളത്തിന്റെ വളര്‍ച്ചയെന്ന് തോന്നിപ്പിക്കും വിധമാണ് കേരള രാഷ്ട്രീയം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നു നാലു കൊല്ലമായി ഒരു സ്ത്രീക്കു ചുറ്റുമായി കേരള രാഷ്ട്രീയം കറങ്ങിക്കൊണ്ടിരിക്കുകയാണല്ലോ. 2011ലെ തിരഞ്ഞെടുപ്പിനു ശേഷം കേരള രാഷ്ട്രീയം മുമ്പു കണ്ടിട്ടില്ലാത്തവിധം മാറിയിട്ടുണ്ടെന്നതാണ് വസ്തുത. എന്തു തന്നെയായിരുന്നാലും ധാര്‍മികത എന്നതിന് മുന്‍തൂക്കം നല്‍കിയിരുന്ന കേരളം അയല്‍സംസ്ഥാനങ്ങളെപ്പോലെ രാഷ്ട്രീയമായി അധഃപതിക്കുന്നതിനാണ് കഴിഞ്ഞ അഞ്ചുവര്‍ഷം സാക്ഷ്യം വഹിച്ചത്. ചെറിയ സീറ്റ് വ്യത്യാസത്തില്‍ അധികാരത്തിലേറിയ സര്‍ക്കാര്‍ ശെല്‍വരാജിലൂടെ ‘ഭൂരിപക്ഷം’ വര്‍ധിപ്പിച്ചതിനുശേഷം ഭരണം നിലനിര്‍ത്താന്‍ വേണ്ടി നടത്തിയ അഭ്യാസങ്ങളും അതിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷം സ്വീകരിച്ച അടവുകളും പലപ്പോഴും കേരള രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിയില്ലാത്തതായിരുന്നു.
കാലുവാരലും കോഴയും എല്ലാം കൂടിച്ചേര്‍ന്ന കേരള രാഷ്ട്രീയം ഇനി ‘പൊതുസമ്മത’രുടെ വരവോടുകൂടി മറ്റൊരു തരത്തിലേക്ക് പ്രവേശിക്കുകയാണ്. പാര്‍ട്ടിക്കുവേണ്ടി രാവുംപകലും പ്രവര്‍ത്തിക്കുന്നവരെ പിറകിലാക്കി ‘പൊതുസമ്മതര്‍’ എന്ന ലേബലിലുള്ള ഇത്തരക്കാരുടെ കടന്നുകയറ്റം കേരള രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിനു വേണ്ടി ആഴ്ചകളോളം കലഹിച്ച കോണ്‍ഗ്രസ് പോലും ഇത്തരക്കാര്‍ക്കു വേണ്ടി സീറ്റുകള്‍ ഒഴിച്ചിടുന്നതുവരെയെത്തിയിട്ടുണ്ട് കാര്യങ്ങള്‍. ഇവിടെയാണ് രാഷ്ട്രീയത്തില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ‘ധാര്‍മികത’യുടെ വിലയറിയുന്നത്. വര്‍ത്തമാന ഇന്ത്യയെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ ഒരു ചുക്കുമറിയാത്ത ശ്രീശാന്തിനെ പോലുള്ള ക്രിക്കറ്ററെ പിടിച്ച് സ്ഥാനാര്‍ഥിയാക്കുമ്പോള്‍ ഏറ്റവും കുറഞ്ഞപക്ഷം തന്റെ എതിരാളികളെക്കുറിച്ചെങ്കിലും ഒരു ക്ലാസ് കൊടുക്കേണ്ടതായിരുന്നു ബി ജെ പി.
പത്തനാപുരത്ത് മത്സരിക്കുന്ന സിനിമാ താരങ്ങളുടെ വാക്‌പോരുകള്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. രാഷ്ട്രീയത്തിനും വികസന കാര്യങ്ങള്‍ക്കും പകരം വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങള്‍ ആരോപണപ്രത്യാരോപണങ്ങളായി ഉയര്‍ന്നുവന്ന് തിരഞ്ഞെടുപ്പ് പ്രചാരണരംഗം മലീമസമാകുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. വിക്കറ്റിനുവേണ്ടിയുള്ള അപ്പീലുകള്‍ പോലെയോ സിനിമയിലെ ഡയലോഗുകള്‍ പോലെയോ അത്ര എളുപ്പമല്ല രാഷ്ട്രീയപ്രവര്‍ത്തനമെന്നും അതിന് ചില മെയ്‌വഴക്കങ്ങള്‍ വേറെ തന്നെ അഭ്യസിക്കേണ്ടതുണ്ടെന്നും ഈ സംഭവങ്ങള്‍ തെളിയിക്കുന്നുണ്ട്.
ഐ പി എല്‍ കോഴവിവാദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്നും വിലക്കേര്‍പ്പെടുത്തപ്പെട്ട തനിക്ക് പിന്തുണ നല്‍കിയത് ബി ജെ പിയാണെന്നാണ് ശ്രീശാന്തിന്റെ അവകാശവാദം. ഏതായാലും നിരപരാധിയായി കോടതി പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനി ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റണമെങ്കില്‍ ബി ജെ പിയുടെ ‘വഴികാട്ടല്‍’ അത്യാവശ്യമാണെന്ന് കണ്ടാണ് അദ്ദേഹം പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് എടുത്തതെന്നാണ് എതിരാളികളുടെ ആക്ഷേപം. മോദിയുടെ പ്രവര്‍ത്തനമാണ് തന്നെ ബി ജെ പിയിലേക്ക് ആകര്‍ഷിച്ചതെന്നും കേരളത്തെ ഗുജറാത്താക്കുമെന്നുമായിരുന്നു ശ്രീശാന്തിന്റെ പ്രഖ്യാപനം. ‘തലയില്ലാത്ത’ ഗുജറാത്ത് തന്നെയായിരിക്കും തലയും ഉടലും സ്വന്തം നേതാവിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്ന തമിഴ്‌നാട്, ആന്ധ്ര മോഡലുകളേക്കാള്‍ നല്ലത്. എന്നാല്‍ പിന്നെ ഒന്നും അറിയേണ്ടല്ലോ.
കളിക്കളത്തില്‍ പലപ്പോഴും അതിരുവിട്ട് പെരുമാറിയിരുന്ന ശ്രീശാന്ത് പലതവണ മാച്ച് കമ്മീഷണര്‍മാരുടെ താക്കീതുകള്‍ക്ക് വിധേയനായിട്ടുണ്ട്. എതിര്‍ടീമംഗങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ഭാവപ്രകടനങ്ങള്‍ നടത്തിയിരുന്ന താരത്തിന് ഇത്തരമൊരു അവസരത്തിലാണ് തന്റെ സഹകളിക്കാരന്‍ കൂടിയായ ഹര്‍ഭജന്‍ സിംഗിനോട് മുഖത്തടിയേറ്റത്. അടിയേറ്റ് കരയുന്ന ശ്രീശാന്തിന്റെ മുഖം മലയാളികള്‍ക്ക് പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന് ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാകാനും പ്രവര്‍ത്തിക്കാനും ആ പാര്‍ട്ടിക്കുവേണ്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവകാശമുണ്ടെങ്കിലും അതിന് മലയാളികളെ മുഴുവന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടതില്ല. ഇന്ത്യന്‍ ടീമില്‍ കളിച്ചപ്പോഴെല്ലാം ശ്രീശാന്ത് എറിഞ്ഞിടുന്ന ഓരോ വിക്കറ്റും ആഘോഷിച്ചവരാണല്ലോ മലയാളികളും മലയാളപത്രങ്ങളും. കോടതി നിരപരാധിയായി പ്രഖ്യാപിച്ചതിനു ശേഷം ഇന്ത്യന്‍ ടീം പ്രഖ്യാപനം വരുമ്പോഴെല്ലാം ശ്രീശാന്തിനു വേണ്ടി ശബ്ദിച്ച കേരളീയരോട് ചെയ്ത ചതിയാണ് യഥാര്‍ഥത്തില്‍ ‘ബി ജെ പി മാത്രം പിന്തുണച്ചു’ എന്ന അദ്ദേഹത്തിന്റെ പ്രസ്താവന.