യുവാവിന്റെ കൊല: പ്രതി എട്ടു മണിക്കൂറിനകം പിടിയില്‍

Posted on: April 13, 2016 9:39 pm | Last updated: April 13, 2016 at 9:39 pm
SHARE

ഫുജൈറ: സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വദേശി യുവാവ് പോലീസ് പിടിയിലായി. കൊലപാതകം നടന്ന് എട്ട് മണിക്കൂറിനകമാണ് 21 കാരനായ പ്രതിയെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തത്. ഫുജൈറ കോര്‍ണിഷിലായിരുന്നു കൊലപാതകം നടന്നത്. 23 കാരനായ സുഹൃത്തിനെയാണ് പ്രതി കൊലപ്പെടുത്തിയത്. മാരകമായി മുറിവേറ്റ യുവാവ് ഫുജൈറ ആശുപത്രിയിലാണ് മരിച്ചത്. കോര്‍ണിഷില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയതെന്നും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാന്‍ സാധിച്ചില്ലെന്നും പോലീസ് വിശദീകരിച്ചു.
പ്രതി കുറ്റം സമ്മതിച്ചതായി ഫുജൈറ പോലീസ് കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അഹ്മദ് അബ്ദുല്ല അല്‍ ഷായിര്‍ വെളിപ്പെടുത്തി. കടല്‍ക്കരയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴുണ്ടായ വഴക്കാണ് കൊലയിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കത്തി ഉപയോഗിച്ച് കുത്തിയ ശേഷം ഇയാള്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റ ആള്‍ സ്വന്തം കാറില്‍ ആശുപത്രിയിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
കേസില്‍ ദ്രുതഗതിയില്‍ തുമ്പുണ്ടാക്കിയ അന്വേഷണ സംഘത്തെ പോലീസ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് അഹ്മദ് ബിന്‍ ഗാനിം അല്‍ കഅബി അഭിനന്ദിച്ചു.