Connect with us

Gulf

ഇന്ത്യയില്‍ പെട്രോളിയം മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിനവസരം: മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

Published

|

Last Updated

ഇന്ത്യന്‍ പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന് ഐ ബി പി സിയുടെ
ഉപഹാരം പ്രസിഡന്റ് കുല്‍വന്ദ് സിംഗ് നല്‍കുന്നു

ദുബൈ: ഇന്ത്യയില്‍ പെട്രോളിയം, പര്യവേക്ഷണം, ഉല്‍പാദന പ്രക്രിയ, എണ്ണ സംസ്‌കരണ ശാല, എണ്ണ പൈപ് ലൈന്‍ തുടങ്ങിയ മേഖലകളില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കുമെന്ന് ഇന്ത്യന്‍ പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുന്നതാണെന്നും ഊര്‍ജ മേഖലയില്‍ നിരവധി നിക്ഷേപ സാധ്യതകള്‍ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിന്റെ രക്ഷാകര്‍തൃത്വത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ആല്‍പന്‍ ക്യാപിറ്റലും ദുബൈ താജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു എ ഇയില്‍നിന്ന് ഇന്ത്യ പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നുണ്ട്. പെട്രോളിയം ഉത്പന്നങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ഇന്ത്യയുടെ ആറാമത്തെ വലിയ ഉറവിടമാണ് യു എ ഇ. ഊര്‍ജ ഇടപാടുകളില്‍ ഇരുരാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ഇന്ത്യാ സന്ദര്‍ശനവേളയില്‍ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ചര്‍ച്ച ചെയ്തിരുന്നുവെന്ന് യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം പറഞ്ഞു.
2040ഓടെ ലോകത്ത് അതിവേഗം വളരുന്ന എണ്ണ ഉപഭോക്തൃരാജ്യമായി ഇന്ത്യ മാറുമെന്നും സമ്പദ്‌വ്യവസ്ഥ വന്‍തോതില്‍ വളരുമെന്നും കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ പറഞ്ഞു. വാണിജ്യരംഗത്ത് ഇന്ത്യക്കും ജി സി സി രാജ്യങ്ങള്‍ക്കുമിടയില്‍ നിരവധി അവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഈ കൂടിച്ചേരല്‍ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആല്‍പെന്‍ ക്യാപിറ്റല്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ രോഹിത് വാലിയ പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം വളര്‍ത്താന്‍ ആല്‍പെന്‍ ക്യാപിറ്റല്‍ എല്ലായ്‌പോഴും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജി സി സിയില്‍ നിന്നുള്ള വാണിജ്യപ്രമുഖര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഓയില്‍ ഇന്ത്യ ലിമിറ്റഡ്, ഭാരത് പെട്രോ റിസോഴ്‌സസ് തുടങ്ങിയവയില്‍ നിന്നുള്ള പ്രതിനിധികളും സംബന്ധിച്ചു.
പരിപാടിക്കുശേഷം ദുബൈ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ മന്ത്രി പങ്കെടുക്കുകയും ഇന്ത്യയുടെ പവലിയന്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പരിപാടിയില്‍ സംബന്ധിക്കാനെത്തിയ ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (ദിവ) എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായറുമായി ഊര്‍ജമേഖലയിലെ ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട് ധര്‍മേന്ദ്ര പ്രധാന്‍ ചര്‍ച്ച നടത്തി.