Connect with us

Gulf

മേഖലയിലെ പ്രതിസന്ധി ദാഇശെന്ന് അറബ് യുവത

Published

|

Last Updated

ദുബൈയില്‍ അസ്ദ അധികൃതര്‍ റിപ്പോര്‍ട്ടുമായി

ദുബൈ: അറബ് മേഖലയിലെ 20 കോടി യുവാക്കളില്‍ ഭൂരിപക്ഷം പേരും ഐ എസ് അഥവാ ദാഇശ് എന്ന ഭീകര സംഘടനയെ തള്ളിക്കളയുന്നതായി കണ്ടെത്തല്‍. ദുബൈ ആസ്ഥാനമായുള്ള അസ്ദ പി ആര്‍ ഏജന്‍സി നടത്തിയ സര്‍വെയിലാണ് ഈ കണ്ടെത്തല്‍. മാത്രമല്ല, മേഖലയുടെ പുരോഗതിക്ക് ഏറ്റവും വലിയ പ്രതിബന്ധമായി യുവാക്കള്‍ കണക്കാക്കുന്നത് ദാഇശിനെ. 50 ശതമാനം യുവാക്കളാണ് ദാഇശിനെ വെല്ലുവിളിയായി കാണുന്നത്. കഴിഞ്ഞ വര്‍ഷം 37 ശതമാനം ആളുകളായിരുന്നു ഇത്തരത്തില്‍ പ്രതികരിച്ചത്.
ദാഇശിലെക്ക് ആളുകള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നത് തൊഴിലില്ലായ്മയും അവസരങ്ങള്‍ ഇല്ലായ്മയും കാരണമാണെന്നും 24 ശതമാനം യുവാക്കള്‍ അഭിപ്രായപ്പെട്ടു. ഭീകര സംഘടനയില്‍ പലരും അംഗത്വം എടുക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാകുന്നില്ലെന്ന് 25 ശതമാനം പേര്‍ പറഞ്ഞു. സുന്നികളും ശിയാക്കളും തമ്മിലുള്ള സംഘര്‍ഷമാണ് കാരണമെന്ന് 17 ശതമാനം പേര്‍ വ്യക്തമാക്കി. അതേസമയം, ദാഇശിലേക്ക് എത്തിപ്പെടുന്നതില്‍ മതപരമായ വ്യത്യാസങ്ങള്‍ പങ്കുവഹിക്കുന്നുവെന്ന് 18 ശതമാനം പേര്‍ അറിയിച്ചു. പടിഞ്ഞാറിന്റെ മൂല്യങ്ങള്‍ മേഖലയില്‍ വ്യാപിക്കുന്നത് കാരണമാണ് ദാഇശ് എന്ന് 15 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. അഞ്ച് വര്‍ഷത്തിനിടയില്‍ സുന്നീ-ശിയാ വിടവ് വര്‍ധിച്ചതായി അഭിപ്രായപ്പെട്ടത് 47 ശതമാനമാണ്. മധ്യപൗരസ്ത്യദേശത്ത് മതത്തിന്റെ സ്വാധീനം ഉണ്ടെന്ന് 52 ശതമാനം പേര്‍ കരുതുന്നു. മേഖലയിലെ ഏറ്റവും സ്വീകാര്യതയുള്ള രാജ്യങ്ങള്‍ സഊദി അറേബ്യയും യു എ ഇയുമാണ്. തൊട്ടുപിന്നില്‍ അമേരിക്കയുമുണ്ട്. ജനാധിപത്യമല്ല വേണ്ടത്, അറബ് ദേശീയതക്ക് മുന്‍ഗണന നല്‍കുന്ന സ്ഥിരതയാണ് വേണ്ടതെന്ന് ഭൂരിപക്ഷം പേര്‍ അഭിപ്രായപ്പെടുന്നു.
സ്വകാര്യ വ്യക്തികളുടെ സ്വാതന്ത്ര്യവും മനുഷ്യാവകാശവും ഉയര്‍ത്തിപ്പിടിക്കണമെന്ന് 67 ശതമാനം യുവാക്കള്‍ ആവശ്യപ്പെട്ടു. ഏറ്റവും മികച്ച രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത് യു എ ഇയാണ്. 22 ശതമാനം യു എ ഇക്ക് വോട്ട് ചെയ്തു. സഊദി അറേബ്യ മികച്ച രാജ്യമാണെന്ന് 18 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 13 ശതമാനം പേര്‍ ഖത്വറിനെ പിന്തുണച്ചു. പുതുസംരംഭങ്ങള്‍ക്ക് മികച്ച രാജ്യം യു എ ഇയാണ്.
എണ്ണവില തകരുന്നതാണ് ഏറ്റവും ഉല്‍കണ്ഠപ്പെടുത്തുന്നത്. എന്നാല്‍ കുറഞ്ഞ നിരക്കില്‍ എണ്ണയും പ്രകൃതിവാതകങ്ങളും ലഭ്യമാകണം. യുവാക്കള്‍ക്കിടയില്‍ പത്രം വായന കുറഞ്ഞുവരികയാണ്. 32 ശതമാനം പേര്‍ വാര്‍ത്തകള്‍ക്ക് ഓണ്‍ലൈനുകളെ ആശ്രയിക്കുന്നു. 29 ശതമാനം പേര്‍ ടെലിവിഷനെയും. പത്രങ്ങളെ ആശ്രയിക്കുന്നത് ഏഴ് ശതമാനം മാത്രം. 2015ല്‍ 13 ശതമാനം പേര്‍ പത്രവായന നടത്തിയിരുന്നു. ഫെയ്‌സ് ബുക്കിനേക്കാള്‍ സ്വീകാര്യത വാട്‌സ് ആപിനാണ്. അതേസമയം, വാര്‍ത്തക്ക് ആശ്രയിക്കുന്നത് ഫെയ്‌സ്ബുക്കിനെയാണെന്നും ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.

 

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്